ശനിയാഴ്ച ഇനി ആഘോഷിക്കാം; പക്ഷേ ജോലി സമയം കൂടും; സര്‍ക്കാര്‍ ഓഫിസുകള്‍ അഞ്ചു ദിവസത്തേക്ക്; ജോലി സമയം കൂട്ടാന്‍ ധാരണ; അവധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം തടഞ്ഞ് സംഘടനകള്‍; അടുത്ത മന്ത്രിസഭാ യോഗം തീരുമാനം എടുക്കും; ഇനി ആഴ്ചയില്‍ അഞ്ചു ദിവസം ഓഫീസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാനുള്ള നിര്‍ദേശത്തില്‍ തീരുമാനം ഉടന്‍. പ്രവൃത്തിദിവസം കുറയ്ക്കുന്നതിനു പകരമായി നിലവിലുള്ള അവധികളോ കാഷ്വല്‍ ലീവോ വെട്ടിച്ചുരുക്കില്ല. പകരം ദിവസേനയുള്ള ജോലി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാനാണ് ആലോചന. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും.
നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ഓഫിസ് സമയം. പുതിയ ക്രമീകരണമനുസരിച്ച് ഇത് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയോ അല്ലെങ്കില്‍ 5.50 വരെയോ ആക്കാനാണ് സാധ്യത. ജോലി സമയം വര്‍ധിപ്പിക്കുന്നതിലൂടെ ആഴ്ചയില്‍ രണ്ട് അവധി ലഭിക്കുന്നതിലെ കുറവ് നികത്താമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ജീവനക്കാരുടെ സംഘടനകളും ഇത് അംഗീകരിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാകും സമയക്രമത്തില്‍ മാറ്റം വരുത്തുക. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം എന്ന നിര്‍ദേശം സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധി നല്‍കുന്നതിനു പകരമായി ലീവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെ സംഘടനകള്‍ ശക്തമായി എതിര്‍ത്തു.
ആഴ്ചയില്‍ പ്രവൃത്തിദിവസം അഞ്ചാക്കി കുറയ്ക്കുന്നത് ഭരണച്ചെലവ് കുറയ്ക്കാനും സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. സംഘടനകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനം വരുംദിവസങ്ങളില്‍ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.