സെയ്ഫ് അലിഖാനെ ആഞ്ഞു കുത്തി കത്തി ശരീരത്തില്‍ തറപ്പിച്ചത് ബംഗ്ലാദേശുകാരന്‍? മോഷണമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും അധികൃത കുടിയേറ്റക്കാരന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടോ എന്നും സംശയം; അറസ്റ്റിലായത് മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ്; ആസൂത്രിത ഗൂഡാലോചനാ വാദത്തില്‍ തുടരന്വേഷണം; ബോളിവുഡ് ഞെട്ടലില്‍

Update: 2025-01-19 05:11 GMT

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനു വീട്ടില്‍വച്ച് ഗുരുതരമായി കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്നു പൊലീസ് പറയുമ്പോള്‍ സംശയം പലവിധം. മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണു പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നതെന്നു ഡിസിപി ദീക്ഷിത് ഗെദാം അറിയിച്ചു. പ്രതിയാരെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പോലീസിനുള്ളത്. ഇതാളെ കുറിച്ച് വിശദ അന്വേഷണം നടത്തും. ബംഗ്ലാദേശിയെ പോലീസ് പിടിക്കുമ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തിന് മോഷണ വാദം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബോളിവുഡ് ആകെ ഞെട്ടിലാലണ്. താരങ്ങള്‍ മുംബൈയില്‍ സുരക്ഷിതരാണോ എന്ന സംശയമാണ് സെയ്ഫ് അലിഖാന്‍ നേരെയുള്ള ആക്രമണം ഉയര്‍ത്തുന്ന പ്രധാന ചര്‍ച്ചാ വിഷയം. പ്രതിയെ അറസ്റ്റു ചെയ്യാനായത് മുംബൈ പോലീസിന് ആശ്വാസമാണ്.

''സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി 30 വയസ്സുകാരനായ ബംഗ്ലദേശ് പൗരനാണെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്. പേരു മാറ്റി അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലേക്കു കടന്നത്. നിലവില്‍ വിജയ് ദാസ് എന്ന പേരിലായിരുന്നു താമസം. 56 മാസം മുന്‍പുതന്നെ മുംബൈയില്‍ വന്നു പോയിരുന്നു. സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുന്‍പാണു വീണ്ടുമെത്തിയത്. ഹൗസ് കീപ്പിങ് ഏജന്‍സിലായിരുന്നു ജോലി.'' ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി. മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ അന്വേഷണത്തിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ആദ്യമായാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടില്‍ കയറിയതെന്നാണു നിഗമനം. പാസ്‌പോര്‍ട്ട് നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തും-ഇതാണ് പോലീസ് വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ തന്നെ പ്രശ്‌നമുണ്ട്. വലിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു സെയ്ഫ് അലിഖാന്റെ വീട്ടിലെ ആക്രമണമെന്നാണ് ഉയരുന്ന സംശയം. എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിക്കുന്നുമില്ല.

പേരുമാറ്റി പറഞ്ഞാണ് താമസിച്ചിരുന്നത്. അനധികൃത കുടിയേറ്റമാണ്. ഇതിനൊപ്പം മുംബൈയില്‍ എത്തിയത് ഏതാനും ദിവസം മുമ്പും. വ്യക്തമായ പ്ലാനിംഗ് ഇക്കാര്യത്തില്‍ എവിടേയോ നടന്നുവെന്ന സംശയമാണ് ഈ വാദങ്ങളുയര്‍ത്തുന്നത്. ബംഗ്ലാദേശിലും മറ്റും വേരുകളുള്ള അധോലോക സംഘങ്ങളേയും ഇക്കാര്യത്തില്‍ പോലീസ് സംശയിക്കുന്നുണ്ട്. ബോളിവുഡ് നടന്മാരെ ശത്രുക്കളായി കാനുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് ബംഗ്ലാദേശിലും വേരുകളുണ്ട്. അതെല്ലാം ഈ കേസില്‍ പരിശോധനയ്ക്ക് വിധേയമാക്കും. സല്‍മാന്‍ ഖാനെതിരായ ആക്രമണശ്രമങ്ങള്‍ക്ക് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അനുയായികളാണ്. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെയാണു പ്രതിയെ പിടികൂടിയത്. ബിജെ എന്ന മുഹമ്മദ് അലിയാന്‍ എന്നാണു പ്രതിയുടെ പേരായി പൊലീസ് ആദ്യം പുറത്തുവിട്ടത്. ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്. പിന്നീട് യഥാര്‍ത്ഥ പേരും പറഞ്ഞു.

കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ക്ലീനിംഗ് ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണത്തിനെത്തിയ ഒരാള്‍ സെയ്ഫിനെ കുത്തിയത്. കഴുത്തിലും നട്ടെല്ലിനു സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

Similar News