800 കോടി വിലമതിക്കുന്ന കൊട്ടാര ബംഗ്ലാവുള്ള താരം; ബാന്ദ്രയിലെ ആഢംബര വസതിക്ക് വില വരിക 100 കോടിക്ക് മുകളില്‍; അതിസമ്പന്നുടെ ഏരിയയില്‍ മോഷ്ടാവ് കയറിയെന്ന വാദം വിശ്വസിക്കാതെ പോലീസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍; മോഷ്ടാവെന്ന വ്യാജേന എത്തി ആക്രമിച്ചതെന്ന് സംശയം; സെയ്ഫിനെതിരായ ആക്രമണത്തില്‍ നടുങ്ങി ബോളിവുഡ്
800 കോടി വിലമതിക്കുന്ന കൊട്ടാര ബംഗ്ലാവുള്ള താരം;
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെതിരായ ആക്രമണത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്. വീട്ടില്‍ വെച്ച് കുത്തേറ്റു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലതാരങ്ങളും. സെയ്ഫിനേറ്റ ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മുംബൈ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സയില്‍ കഴിയുന്നത്.
ന്യൂറോ സര്‍ജനും കോസ്മെറ്റിക്സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി പറയുന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചതെന്നാണ് പറയുന്നത്. എന്നാല്‍. മോഷണം തന്നെയാണോ ഉദ്ദേശമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോള്‍ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. മുംബൈ പൊലീസാണ് സംശയകരമായ രീതിയില്‍ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള വീടിന്റെ ഉടമയാണ് നടന്‍ സെയ്ഫ് അലി ഖാന്‍. ബാന്ദ്ര വെസ്റ്റിലെ ആഡംബരഭവനത്തില്‍ വെച്ച് അദ്ദേഹത്തിന് കുത്തേറ്റത്. അതുകൊണ്ട് തന്നെ മോഷണത്തിന് അപ്പുറവും ചില കാര്യങ്ങളുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. സെയ്ഫിന് മാത്രമാണ് പരിക്കേറ്റത്. ഭാര്യ കരീന കപൂര്‍ അടക്കമുള്ളവര്‍ സംരക്ഷിതരാണ്. ഗുരുതരമായ പരുക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. നിരവധി ആഡംബരവീടുകള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ഹരിയാണയിലെ ഗുഡ്ഗാവിലാണ് 800 കോടി വിലമതിക്കുന്ന സെയ്ഫിന്റെ പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. മുംബൈ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ വീട് ആഡംബരത്തിന്റെ പര്യായമെന്ന് വേണം വിശേഷിപ്പിക്കുവാന്‍. ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന വീടിന് 103 കോടിയോളം രൂപ വിലവരും. പ്രദേശത്ത് ആഡംബര വീടുകളുള്ള മേഖലയില്‍ തന്നെയാണ് സെയ്ഫിന്റെയും വീടുള്ളത്. പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറായ ദര്‍ശിനി ഷായാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നാല് നിലകളിലായിട്ടാണ് വീടിന്റെ നിര്‍മ്മാണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് വീട് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ധാരാളം ഔട്ട്‌ഡോര്‍ സ്‌പേസുള്ള വീട് കൂടിയാണിത്. ഫ്രഞ്ച് വിന്‍ഡോസാണ് വീടിന്റെ ഭംഗി കൂട്ടുന്ന പ്രധാന ഘടകം. പുറത്തുള്ള സ്വിമ്മിങ് പൂളിന്റെ അതിമനോഹര ദൃശ്യങ്ങള്‍ അകത്ത് നിന്നും ആസ്വദിക്കാവുന്ന തരത്തിലാണ് ജനല്‍പാളികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്ലാസിക് കൊളോണിയല്‍ ശൈലി പിന്തുടര്‍ന്നാണ് വീടിന്റെ നിര്‍മാണം. തടികൊണ്ടുള്ള ഫര്‍ണിച്ചറുകളും ഫ്ളോറിങ്ങും വിശാലമായ സ്വിമ്മിങ് പൂളും ഇന്‍ഡോര്‍ പ്ലാന്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന വീടിന് പ്രൗഢമായ ഇന്റീരിയറാണുള്ളത്. ഭിത്തികളില്‍ മുന്‍പ് എടുത്തിട്ടുള്ള ഫോട്ടോകളും മറ്റും ഫ്രെയിം ചെയ്തിരിക്കുന്നത് കാണാം. നല്ലൊരു ലൈബ്രറിക്കും വീട്ടില്‍ ഇടം നല്‍കിയിട്ടുണ്ട്. ലൈബ്രറിയില്‍ തന്നെയാണ് സെയ്ഫിനും കരീനയ്ക്കും ലഭിച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ ഇടം നല്‍കിയിരിക്കുന്നത്. കിടപ്പുമുറികള്‍ ഒരേ സമയം സിംപിളും എലഗെന്റുമാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. എല്‍ഇഡി ലൈറ്റുകളാണ് കിടപ്പുമുറിക്ക് മാറ്റ് കൂട്ടുന്ന പ്രധാന ഘടകം.
പ്രധാന കിടപ്പുമുറിയുടെ ഉള്ളിലൂടെ പേഷ്യോയിലേക്ക് പ്രവേശിക്കാം. കുട്ടികളുടെ കിടപ്പുമുറി വോള്‍പേപ്പറുകള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. സോളിഡ് വുഡ് കൊണ്ടാണ് ഫര്‍ണിച്ചറുകളുടെ നിര്‍മാണം. കുട്ടികളുടെ കിടപ്പുമുറിയിലും ഫ്രഞ്ച് വിന്‍ഡോകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളോറില്‍ നിന്ന് സീലിങ്ങിലേക്ക് എത്തുന്ന തരത്തിലാണ് ഇത്തരം വിന്‍ഡോകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വീട്ടില്‍ റോയല്‍ ടച്ചുള്ള ഇടമാണ് ഡൈനിങ് ഏരിയ. കാന്‍ഡില്‍ സ്റ്റാന്‍ഡുകള്‍, പെയിന്റിങ്, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ കൊണ്ട് അലങ്കൃതമാണ് ഡൈനിങ് ഏരിയ. ഇവിടെ നിന്ന് നോക്കിയാല്‍ പച്ചപ്പാല്‍ ചുറ്റപ്പെട്ടിരിക്കുന്ന സ്വിമ്മിങ് പൂള്‍ കാണാന്‍ സാധിക്കും. ഗ്രീന്‍ വോള്‍പേപ്പറാണ് രണ്ട് ഫ്‌ളോറുകള്‍ക്കിടയിലുള്ള സ്റ്റെയര്‍കേസില്‍ നല്‍കിയിരിക്കുന്നത്. വീടിന്റെ ഹൈലൈറ്റ് പോയിന്റെന്ന വിശേഷണത്തിന് എന്തു കൊണ്ടും ഈ ഏരിയ അര്‍ഹമാണ്.
ചടങ്ങുകള്‍ക്കും മറ്റും വേണ്ടി ഒരുങ്ങാന്‍ താരദമ്പതിമാര്‍ക്ക് വീട്ടിനുള്ളില്‍ ഒരു പ്രത്യേക ഏരിയ തന്നെയുണ്ട്. വാനിറ്റി റൂമിന്റെ ദൃശ്യങ്ങള്‍ താരദമ്പതിമാര്‍ മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിരുന്നു. താര ദമ്പതിമാര്‍ വര്‍ക്ക് ഔട്ടിനും പ്രിയപ്പെട്ടവരുമായി ഒഴിവുസമയം ചിലവഴിക്കുന്നതും ഔട്ട് ഡോറിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടൈലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ടെറസ്സിലും ഇതേ ടൈലുകളാണ് കൊടുത്തിട്ടുളളത്. ഇവിടെ ഫര്‍ണിച്ചറുകള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്. വീട്ടിലുടനീളം ഇളം നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പെയിന്റിങ് നടത്തിയിരിക്കുന്നത്.
സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണം ബോളിവുഡിനെ നടുക്കിയിരിക്കുയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്. താരത്തിന്റെ പരിക്കിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.