ബംഗ്ലദേശ് സ്വദേശി മുംബയിലെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്; ഇന്ത്യന്‍ രേഖകളൊന്നും കൈവശമില്ല; ഹൗസ് കീപ്പിങ് ഏജന്‍സിയിലെ ജോലിക്കാരനായി മുമ്പ് സെയ്ഫിന്റെ വീട്ടിലെത്തി; മുംബൈയില്‍ താമസിച്ചത് നാല് വ്യാജപ്പേരുകളില്‍; സെയ്ഫിന്റെ വീടിന്റെ 35 കിലോ മീറ്റര്‍ അകലെനിന്നും ബാന്ദ്ര പൊലീസ് പിടികൂടിയത് തീവ്രവാദിയോ?

ഹൗസ് കീപ്പിങ് ഏജന്‍സിയിലെ ജോലിക്കാരനായി മുമ്പ് സെയ്ഫിന്റെ വീട്ടിലെത്തി

Update: 2025-01-19 07:11 GMT

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് എന്നാണ് പ്രതിയുടെ യഥാര്‍ത്ഥ പേര്. ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ അഞ്ച് മാസം മുമ്പാണ് മുംബൈയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതി ബംഗ്ലാദേശില്‍ നിന്നാണെന്ന് സൂചിപ്പിക്കുന്ന ചില വസ്തുക്കള്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായിട്ടാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ബിജോയ് ദാസ് എന്ന് പേര് മാറ്റി. ഇയാളുടെ പക്കല്‍ നിന്നും ഇന്ത്യന്‍ രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. പാസ്പോര്‍ട്ട് ആക്ട് കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്താനാണ് പ്രതി നടന്റെ വീട്ടില്‍ കയറിയത്. മുംബൈയില്‍ ഹൗസ് കീപ്പിംഗ് ഏജന്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീക്ഷിത് ഗെദം പറഞ്ഞു.

മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് നേരത്തേയും സെയ്ഫ് അലിഖാന്റെ വീട്ടില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. ഹൗസ് കീപ്പിങ് ഏജന്‍സിയിലെ ജോലിക്കാരനായ ഷെഹ്‌സാദ്, ജോലിയുടെ ഭാഗമായാണു സെയ്ഫിന്റെ വീട്ടിലെത്തിയതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണമുണ്ടായ ദിവമസാണു ഷെഹ്‌സാദ് ആദ്യമായി സെയ്ഫിന്റെ വീട്ടില്‍ കയറിയതെന്നാണു മുംബൈ പൊലീസ് പറയുന്നത്.

''ജോലി ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഏജന്‍സിയുടെ ഭാഗമായാണു ഷെഹ്‌സാദ് നടന്റെ വീട്ടില്‍ മുന്‍പു വന്നത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാരന്‍ ഹരിയാണ് ഈ ഏജന്‍സിയെ ഏര്‍പ്പാടാക്കിയത്. വീട് വൃത്തിയാക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഷെഹ്‌സാദും ഉണ്ടായിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല'' അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അന്നു വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ സെയ്ഫിന്റെ വീട്ടിലെ മുറികളും മറ്റു ക്രമീകരണങ്ങളും ഷെഹ്‌സാദ് മനസ്സിലാക്കിയെന്നാണു കരുതുന്നത്. ഇക്കാര്യം പൊലീസ് എന്തുകൊണ്ടാണു നിഷേധിച്ചതെന്നു വ്യക്തമല്ല. സ്ഥിരീകരണത്തിനു കാത്തിരിക്കുകയാവാം എന്നാണു നിഗമനം.

ഷെഹ്‌സാദിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണു പൊലീസ് പറയുന്നത്. പ്രതി പലയിടങ്ങളിലായി വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിനു സമീപമുള്ള തൊഴിലാളി ക്യാംപില്‍നിന്നാണ് ഇയാളെ പിടിച്ചത്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. 30 വയസ്സുകാരനായ പ്രതി മോഷണത്തിനായാണു സെയ്ഫിന്റെ വീട്ടില്‍ എത്തിയതെന്നു ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ താനെയില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ പ്രതി എത്തിയത്. സെയ്ഫ് അലി ഖാന്റെ വീടിന്റെ പിറകുവശത്തുള്ള ഫയര്‍ എക്‌സിറ്റ് വഴിയാണ് പ്രതി അകത്ത് കടന്നത്. ജോലിക്കാരി പ്രതിയെ കണ്ടതോടെ നിലവിളിച്ചു. ജോലിക്കാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നടന്‍ കുടുംബത്തെ രക്ഷിക്കാനായി പ്രതിയെ നേരിടുകയായിരുന്നു. ഇതിനിടയില്‍ കുത്തേറ്റു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

വിജയ് ദാസ് എന്നായിരുന്നു പിടികൂടിയപ്പോള്‍ ആദ്യം ഇയാള്‍ പേര് പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച വൈകുന്നേരം ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പൊലീസ് പിടികൂടിയ ആളെയും ചോദ്യം ചെയ്തിരുന്നു. ബാന്ദ്രയില്‍ സെയ്ഫ് അലി ഖാന്റെ അപ്പാര്‍ട്മെന്റ് കെട്ടിടത്തില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞയാളാണിതെന്നാണ് വിവരം.

കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ബാന്ദ്ര പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്.

ഇയാള്‍ കുറേക്കാലം മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

Similar News