2018 ല്‍ എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു; ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന കെ എഫ് സിയുടെ ലോണ്‍ കുടിശ്ശിക അടച്ച് തീര്‍ത്തു ജപ്തി ഒഴിവാക്കി; ഈ ആരോപണത്തിനൊപ്പം സരിത ഇട്ട പോസ്റ്റിലുള്ള രേഖകള്‍ പറയുന്നത് 40 ലക്ഷത്തിന്റെ കഥ; ടീം സോളാറിന്റെ കസ്റ്റമറായിരുന്ന ലാല്‍; 2015ലെ ആ വിവാദം വീണ്ടും ചോദ്യങ്ങളിലേക്ക്; സരിത പറയുന്നത് ശരിയോ?

Update: 2025-07-30 04:54 GMT

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സരിത എസ് നായര്‍ രംഗത്ത് വന്നപ്പോള്‍ ചര്‍ച്ചയായത് മോഹന്‍ലാലിന്റെ പേരും. ബാബുരാജ് ഒരു ചതിയന്‍ ആണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് യോഗ്യനല്ലെന്നും സരിത നായര്‍ ആരോപിച്ചിരുന്നു. സരിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ ചികിത്സാ സഹായത്തിനായി നടന്‍ മോഹന്‍ലാല്‍ നല്‍കിയ പണം ബാബുരാജ് വക മാറ്റി സ്വന്തം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലോണ്‍ കുടിശ്ശിക തീര്‍ത്ത് ജപ്തി ഒഴിവാക്കിയ എന്നാണ് സരിതയുടെ പ്രധാന ആരോപണം. ഇതിനോട് ബാബുരാജ് പ്രതികരിച്ചിട്ടില്ല. മോഹന്‍ലാലും വിവാദത്തില്‍ മൗനം പാലിക്കുകയാണ്. മോഹന്‍ലാലിന് സരിതയെ അറിയാമെന്ന വസ്തുത നേരത്തേയും മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം സരിത തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ബാബുരാജ് കേരളത്തിന് പുറമേ ദുബായിലും ആയി സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ദുബായിലെ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് കാരണമാണ് അയാള്‍ അവിടേക്ക് തിരികെ പോകാത്തത് എന്നും സരിത പറയുന്നു. ഇതിന് തെളിവായി ബാബുരാജിന്റെ പാസ്‌പോര്‍ട്ടിന്റെയും റെസിഡന്റ്  കാര്‍ഡിന്റെയും കോപ്പികളും സരിത പങ്കുവെച്ചിട്ടുണ്ട്. ബാബുരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തനിക്ക് അതിശയവും ഞെട്ടലും ഉണ്ടായെന്ന് സരിത കുറിച്ചു. ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സാധാരണക്കാരി എന്ന നിലയില്‍ ഒരു ചതിയനായ ബാബുരാജ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്ത് ഇങ്ങനെ ഒരാള്‍ വരുന്നത് ശരിയാണോ എന്നും സാധാരണക്കാരിയായ ഒരു സ്ത്രീക്ക് ലഭിക്കേണ്ട ചികിത്സാസഹായം പോലും വഞ്ചനയിലൂടെ സ്വന്തമാക്കി സ്വന്തം കാര്യം നേടുന്ന ഒരാള്‍ അമ്മയെപ്പോലുള്ള സംഘടനയെ നയിക്കാന്‍ യോഗ്യനാണോ എന്നും സരിത ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ബാബുരാജിനെതിരെയും സരിതക്കെതിരെയും നിരവധിപേര്‍ കമന്റ് ബോക്‌സില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവാദത്തോടൊപ്പം എന്തിനാണ് മോഹന്‍ലാല്‍ സരിതയ്ക്ക് ചികില്‍സാ സഹായം നല്‍കിയതെന്ന ചോദ്യവും ഉയര്‍ന്നു.

സരിതയുടെ പോസ്റ്റില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ എത്തുന്നുണ്ട്. 40 ലക്ഷം ഒക്കെ തരാന്‍ മാത്രം താനും ലാലും തമ്മില്‍ ന്താ ഇത്ര ബന്ധം... അമ്മ സംഘടനയില്‍ വയ്യാതിരുന്ന ഒരുപാട് പേരുണ്ട് അവരെ പോലും സംഘടനയോ വ്യക്തികളോ തിരിഞ്ഞു പോലും നോക്കാത്ത ആള്‍ക്കാര്‍ ഒരു സിനിമയില്‍ പോലും നല്ല വേഷം ചെയ്യാത്ത താങ്കളെ ഇത്രേം എമൗണ്ട് തന്നു സഹായിക്കാന്‍ ന്താ കാരണം... ലാലിന്റ wife അറിഞ്ഞിട്ടുണ്ടോ ഇത്.. ആന്റണി അറിഞ്ഞിട്ടുണ്ടോ ഇത്.. ആന്റണി അറിയാതെ ഒരു കാര്യവും ചെയ്താ ലാല്‍ ബാബുരാജിനെ ന്തിന് ഏല്‍പ്പിച്ചു-ഇതാണ് യാമിനി തങ്കച്ചന്‍ ഉയര്‍ത്തുന്ന ചോദ്യം. യാമിനി തങ്കച്ചന്‍ ഫെയ്ക് ഐഡിയാണെന്ന് സരിത തന്നെ പറയുന്നുമുണ്ട്. മോഹന്‍ലാല്‍ എന്തിനാണ് നിങ്ങള്‍ക്ക് ക്യാഷ് തരുന്നത്? മോഹന്‍ലാല്‍ ക്യാഷ് കൊടുക്കണേല്‍ നേരിട്ട് കൊടുക്കും അല്ലെ അയാള്‍ക്ക് സ്വന്തം ചാരിറ്റി ട്രസ്റ്റ് ഉണ്ട് അത് വഴി കൊടുക്കും അതില്‍ തന്നെ നിങ്ങളുടെ അടുത്ത തട്ടിപ്പ് നാടകം ഉണ്ട് ബൈ ദി ബൈ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യനെ നുണകള്‍ പറഞ്ഞിട്ട് വേട്ട പട്ടി കള്‍ക്ക് തിന്നാന്‍ ഇട്ട് കൊടുത്ത നിങ്ങള്‍ ഇതൊന്നും അല്ല അനുഭവിക്കാന്‍ പോകുന്നത് ഇതിലും കൂടുതല്‍ അനുഭവിക്കും അത്ര മേല്‍ ശാപം നിങ്ങള്‍ക്ക് ഉണ്ട്. നിങ്ങള്‍ നീതി കിട്ടാതെ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് കേരള ജനത കാണും സന്തോഷിക്കും-ഇതാണ് സരിതയുടെ ഫെയ്‌സ് ബുക്കില്‍ അഭിലാഷ് മോഹന്‍ ഇട്ട പോസ്റ്റ്. അല്ല., ഒരു സംശയം ഈ പറയുന്ന 35 / 40 ലക്ഷം രൂപ ചികിത്സക്ക് തരുകയാണേല്‍ എന്തിനാണ് മറ്റൊരാളുടെ സഹായം..?? ലാലിന് നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കാമല്ലോ., അല്ലേല്‍ അദ്ദേഹത്തിന്റെ ട്രസ്റ്റ് വഴി ആകാം., അല്ലേ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ആന്റണി വഴി ആകാം... എന്നിരിക്കെ ഇത്രയും വലിയൊരു തുക എന്തിന് മറ്റൊരാള്‍ വഴി നല്‍കണം..??-ഇതാണ് മറ്റൊരു കമന്റ്. ഇത്തരം സംശയങ്ങള്‍ക്കൊന്നും ബന്ധപ്പെട്ടവര്‍ ആരും മറുപടിയും നല്‍കുന്നില്ല. ബാബുരാജിന്റെ സെറ്റില്‍മെന്റ് കത്തായി സരിത നല്‍കിയതില്‍ നാല്‍പത് ലക്ഷം രൂപയുടെ കണക്കാണ് പറയുന്നത്. ഇതാണ് സ്വാഭാവികമായും സംശയമായി മാറുന്നത്.

ഇതിനിടെയാണ് സരിതയുടെ പഴയൊരു പ്രതികരണവും ചര്‍ച്ചകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് സരിത എസ് നായര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ ടീം സോളാറിന്റെ ഒരു കസ്റ്റമര്‍ മാത്രമായിരുന്നു എന്നാണ് സരിത വിശദീകരിച്ചത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. ആറ് തവണ ഫോണിലൂടേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് സരിത പറയുന്നു. പല തവണ വിളിച്ചതിനാല്‍ തന്റെ ഫോണ്‍കോളുകളുടെ ലിസ്റ്റില്‍ മോഹന്‍ലാലിന്റെ നമ്പര്‍ കൂടി പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ അത് സംബന്ധിച്ച കാര്യങ്ങളാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയെ സംബന്ധിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം. അക്കാര്യം അതേപടി എഴുതുകയായിരുന്നു എന്നും സരിതയുടെ വിശദീകരണം നേരത്തെ ചര്‍ച്ചയായിരുന്നു. 2015ലായിരുന്നു ഈ വിശദീകരണം. അന്ന് പുറത്ത് വന്ന കത്തിലെ കുറിപ്പില്‍ ഒരു ചോദ്യം ചെയ്യലിന്റെ രീതി പ്രകടമല്ലായിരുന്നു. സ്വയം എഴുതിയ ഒരു വിശദീകരണ കുറിപ്പാണെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ കത്ത് പകര്‍ത്തിയപ്പോഴായിരുന്നു 2015ല്‍ ഈ വിവാദവും ഉയര്‍ന്നത്.

സരിത എസ് നായര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ആ വിവാദ കത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. ഇതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്തയും വലിയ വിവാദം സൃഷ്ടിച്ചതായിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു. അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്നാണ് സരിത വിവാദ സമയത്ത് തന്നെ വിശദീകരിച്ചത്. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറഞ്ഞത്. 47 പേജുള്ളതായിരുന്നു ആ കുറിപ്പ്. അതിന്റെ ഒരു ഭാഗത്ത് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്ന കാര്യം സരിത അംഗീകരിച്ചിരുന്നു. അതില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ഡിവൈഎസ്പി ചോദിച്ചിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നതെന്നായിരുന്നു വിശദീകരണം.

മാധ്യമങ്ങള്‍ അന്ന് സരിതയുടെ കത്തിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്യുകയായിരുന്നു. അതിലാണ് മോഹന്‍ലാലിന്റെ പേരും കണ്ടത്. അതിന്റെ മറുപുറത്ത് എന്തിനാണ് മോഹന്‍ലാലിനെ കണ്ടത് എന്നതിന്റെ സത്യാവസ്ഥ എഴുതിയിട്ടുണ്ട് എന്നാണ് സരിത പറഞ്ഞിരുന്നത്. മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ കൊടുത്തു എന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു എന്ന് സരിത പറയുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി ആ കുറിപ്പില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. എന്നാല്‍ അത് ആരും കാണുന്നില്ല എന്ന പരാതിയും സരിത പറഞ്ഞിരുന്നു. ടീം സോളാര്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അക്കാലത്ത് പുറത്ത് വന്നിരുന്നു. അന്ന് കൃഷി മന്ത്രിയായിരുന്ന കെപി മോഹനനും എംഎല്‍എ ഹൈബി ഈഡനും എല്ലാം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ, അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍ പറയുന്നത് മറ്റൊന്നാണ്. 'ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍... എല്ലാവരും എന്നെ യൂസ് ചെയ്തു' എന്നതായിരുന്നു അതിലെ വാചകം.

സരിതാ നായരുടെ പുതിയ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ 'അമ്മ' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല .ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.

പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. . ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന.. ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാന്‍ ഉള്ളത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ചതിയന്‍ ബാബുരാജ് @ ബാബുരാജ് ജേക്കബ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാന്‍ ആകില്ല എന്ന് തോന്നിപ്പോയി.

2018 ല്‍ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു.

2018 ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ .മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീര്‍ത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാന്‍ അന്വേഷിച്ചു..അല്ല...

ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്. ദുബായിലെ ഒരു വന്‍ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം AMMA. യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ അറിയില്ല. സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ... സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയര്‍ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?

ഞാന്‍ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലര്‍ക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു... ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്... 'അമ്മ' യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ഒരാളല്ല ഈ ബാബുരാജ്...

Tags:    

Similar News