സൗദി അറേബ്യ ലോക കപ്പിന്റെ ഭാഗമായി മദ്യനിരോധനം പിന്‍വലിക്കുന്നു എന്ന വാര്‍ത്ത വാസ്തവമോ? ലോക മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ വിശദീകരണവുമായി സൗദി സര്‍ക്കാര്‍ രംഗത്ത്
സൗദി അറേബ്യ ലോക കപ്പിന്റെ ഭാഗമായി മദ്യനിരോധനം പിന്‍വലിക്കുന്നു എന്ന വാര്‍ത്ത വാസ്തവമോ?
റിയാദ്: 2034 ല്‍ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് സൗദി അറേബ്യയാണ്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും ധൃതഗതിയില്‍ നടക്കുകയാണ്. അതിനിടിയില്‍ ഒരു വാര്‍ത്ത പുറത്ത് വന്നത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ലോകകപ്പിന്റെ ഭാഗമായി സൗദി മദ്യനിരോധനം പിന്‍വലിക്കും എന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ സൗദി അറേബ്യ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ എഴുപത്തിമൂന്ന് വര്‍ഷമായി മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് സൗദി അറേബ്യ.ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൗദി അധികൃതര്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി സൗദി അധികൃതര്‍ നിയന്ത്രിതമായ തോതില്‍ മദ്യവില്‍പ്പന അനുവദിക്കാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച ഒരു വൈന്‍ ബ്ലോഗാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലൈസന്‍സുള്ള സ്ഥലങ്ങളില്‍ വൈന്‍, ബിയര്‍ എന്നിവ വില്‍ക്കാന്‍ അധികാരികള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളിലും, വീടുകളിലും, കടകളിലും, ഫാന്‍ സോണുകളിലും മദ്യം നിരോധിക്കപ്പെടുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടാതെ ലോകത്തെ സ്വാഗതം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന സൗദിയുടെ ഔദ്യോഗിക പ്രസ്താവനയെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത്തരത്തില്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യം സൗദി അറേബ്യയില്‍ വ്യാപകമായ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ടൂറിസത്തിനും ബിസിനസിനുമായി രാജ്യം തുറന്നുകൊടുക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വന്‍ തോതിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിവരികയാണ്, കഴിഞ്ഞ വര്‍ഷം റിയാദില്‍ ഒരു മദ്യശാലയും തുറന്നിരുന്നു. എന്നാല്‍ ഈ മദ്യശാലയില്‍ നിന്ന് മുസ്ലീം ഇതര രാജ്യങ്ങല്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ക്ക് മാത്രമേ മദ്യം വാങ്ങാന്‍ കഴിയുകയുള്ളൂ. നേരത്തേ രാജ്യത്ത് മദ്യം കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
മദ്യ നിരോധനം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി സര്‍ക്കാര്‍ നേരത്തേയും വ്യക്തമാക്കിയിരുന്നു. അതേ സമയം അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടല്‍ ഗ്രൂപ്പുകളും ലോകകപ്പിന്റെ ഭാഗമായി സൗദിയില്‍ ഹോട്ടലുകള്‍ ഒരുക്കുന്ന തിരക്കിലാണ്. ഇത്തരം നക്ഷത്രഹോട്ടലുകളില്‍ എങ്ങനെയാണ് മദ്യം വിളമ്പാതിരിക്കുക എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. പല ഹോട്ടലുകളും അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂചനയുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിനായി സ്ത്രീകളെ നിയോഗിക്കാന്‍ നേരത്തേ സൗദി തീരുമാനിച്ചിരുന്നു.
ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സമയത്ത് മദ്യം നിരോധിക്കുമെന്ന് യു.കെയിലെ സൗദി അംബാസഡറും നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫെബ്രുവരിയില്‍ ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് രാജകുമാരന്‍ പറഞ്ഞത് മദ്യപാനം ഒരു കാരണവശാലും അംഗീകരിക്കില്ല എന്നാണ്. 'എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമുണ്ട് എന്നും മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം സംസ്‌കാരം മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ്.