കെയറര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരെ വിടാതെ പിന്തുടര്‍ന്ന് ബിബിസി; ഒടുവില്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയത് നൈജീരിയന്‍ ഡോക്ടര്‍; വ്യാജ സിഓഎസ്സും ഇല്ലാത്ത ജോലിയും ഒക്കെ നല്‍കി കെയറര്‍മാരെ ചതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കെയറര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരെ വിടാതെ പിന്തുടര്‍ന്ന് ബിബിസി

Update: 2025-04-01 02:51 GMT

ലണ്ടന്‍: ബ്രിട്ടീഷ് കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളെ കബളിപ്പിച്ച് പണം കൊയ്യുന്ന തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു രഹസ്യാന്വേഷണത്തിലൂടെ ബി ബി സി പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. അതില്‍ ഞെട്ടിക്കുന്ന ഒരു കാര്യം, തട്ടിപ്പുകാരില്‍ ഒരാള്‍ എന്‍ എച്ച് എസ്സില്‍ സൈക്യാട്രി മേഖലയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറാണ് എന്നതാണ്. കെയര്‍ മേഖലയില്‍ ദുരുപയോഗവും ചൂഷണവും നടക്കുന്നു എന്ന കാര്യം ഹോം ഓഫീസ് സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, എത്ര എളുപ്പത്തില്‍ തട്ടിപ്പ് നടത്താമെന്നും, പിടിക്കപ്പെടാതെ എങ്ങനെ തട്ടിപ്പ് തുടരാമെന്നുമാണ് ബി ബി സി വേള്‍ഡ് സര്‍വ്വീസിന്റെ അന്വേഷണം തുറന്നു കാട്ടുന്നത്.

ബ്രിട്ടീഷ് കെയര്‍ കമ്പനികളിലെ ജോലികള്‍ അനധികൃതമായി വില്‍ക്കുക, ചില തസ്തികകള്‍ നിലനില്‍ക്കുന്നില്ല എന്നത് മറച്ച് വയ്ക്കാന്‍ വ്യാജ പേറോളുകള്‍ നിര്‍മ്മിക്കുക, കെയര്‍ സെക്ടറില്‍ നിന്നും മാറി, തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന കെട്ടിട നിര്‍മ്മാണം പോലുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് തുടങ്ങി തട്ടിപ്പുകാരുടെ പല തന്ത്രങ്ങളും ഈ അന്വേഷണത്തിലൂടെ ബി ബി സി പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കായി രൂപീകരിച്ച വിസ പദ്ധതി വിപുലീകരിച്ച് അതില്‍ കെയര്‍ വര്‍ക്കര്‍മാരെ കൂടി ഉള്‍പ്പെടുത്തിയ 2022 മുതല്‍ വിസ തട്ടിപ്പും വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു.

വിസയ്ക്കായി അപേക്ഷിക്കാന്‍ യു കെയിലെ ഒരു തൊഴിലുടമയില്‍ നിന്നും സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ഹോം ഓഫീസില്‍ നിന്നും ലൈസന്‍സ് നേടിയ തൊഴിലുടമകള്‍ക്ക് മാത്രമെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുകയുള്ളു. ഇവിടെയാണ് ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നതും. സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമയതിനാല്‍ ഇവിടെ തൊഴിലുടമകളില്‍ അമിതമായ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത് വിദേശ റിക്രൂട്ട്‌മെന്റ് മേഖലയില്‍ ദല്ലാളുമാര്‍ കൂണുപോലെ മുളച്ചുപൊന്തുന്നതിനും ഇടയാക്കി. ഇവിടെയാണ് ബി ബി സിയുടെ അന്വേഷണത്തിന്റെ പ്രസക്തി.

വേഷ പ്രച്ഛന്നരായ രണ്ട് പത്രപ്രവര്‍ത്തകരെ യു കെയില്‍ പ്രവര്‍ത്തിക്കുന്ന റീലൊക്കേഷന്‍ ഏജന്റുമാരുടെ അടുത്തേക്ക് അയച്ചായിരുന്നൂ അന്വേഷണം നടത്തിയത്. അതില്‍ ഒരാള്‍ എസ്സെക്സ് ഹാര്‍ലോയില്‍ കരിയര്‍ എഡു എന്ന ഏജന്‍സി നടത്തുന്ന ഡോക്ടര്‍ കെല്‍വിന്‍ അലനേമെ എന്ന നൈജീരിയന്‍ വംശജനായിരുന്നു. ആഫ്രിക്കന്‍ യുവാക്കള്‍ക്ക് ആഗോള തലത്തില്‍ തന്നെ തൊഴിലവസരങ്ങള്‍ ഒരുക്കുന്നു എന്ന് അവകാശപ്പെടുന്ന ഇയാളുടെ വെബ്‌സൈറ്റില്‍, ഇതുവരെ 9800 സന്തുഷ്ടരായ കക്ഷികള്‍ ഉണ്ടെന്നും പറയുന്നുണ്ട്.

ബി ബി സി അയച്ച പത്രപ്രവര്‍ത്തകക്ക്, കെയര്‍ മേഖലയില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചപ്പോള്‍, അവരെ ഏജന്റായി റിക്രൂട്ട് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു ഡോക്ടര്‍ അലനേമെ. ഏതാനും കെയര്‍ ഹോമുകളുമായി ബന്ധപ്പെടുത്തിയാല്‍ കോടീശ്വരി ആക്കാം എന്നായിരുന്നു പത്രപ്രവര്‍ത്തകക്ക് ലഭിച്ച വാഗ്ദാനം. പത്രപ്രവര്‍ത്തക കൊണ്ടു വരുന്ന ഓരോ കെയര്‍ ഹോം തസ്തിക ഒഴിവിനും 2000 പൗണ്ട് വരെ നല്‍കാമെന്നായിരുന്നു ഡോക്ടറുടെ വാഗ്ദാനം. അതിനു പുറമെ 500 പൗണ്ട് കമ്മീഷനും നല്‍കുമത്രെ. ജോലിയില്‍ നിയമിക്കാന്‍, തൊഴിലന്വേഷകരില്‍ നിന്നും പണം വാങ്ങുന്നത് ബ്രിട്ടനില്‍ കുറ്റകരമാണ്.

തുടര്‍ന്ന് ബി ബി സി നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഏജന്‍സിക്കെതിരെ ഉള്ള നിരവധി പരാതികള്‍ അറിയാന്‍ കഴിഞ്ഞു. അതില്‍ പലതും ഇല്ലാത്ത ജോലിക്കായി ആളുകളില്‍ നിന്നും പണം വാങ്ങി ബ്രിട്ടനിലെത്തിച്ച തട്ടിപ്പുകളാണ്. ഇങ്ങനെ എത്തപ്പെട്ടവരില്‍ പലരും കടുത്ത ദുരിതമനുഭവിക്കുകയാണ്. തട്ടിപ്പിന് ഇരയായവരില്‍ ഒരു നൈജീരിയന്‍ സ്വദേശി പറഞ്ഞത്, ക്ലാക്റ്റണ്‍ ഓണ്‍ സീ ആസ്ഥാനമായ എഫിഷ്യന്‍സി ഫോര്‍ കെയര്‍ എന്ന സ്ഥാപനത്തിലേക്ക് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ റിക്രൂട്ട് ചെയ്തത് എന്നാണ്. 2022 മാര്‍ച്ചിനും 2023 മെയ് മാസത്തിനും ഇടയില്‍ ഈ കമ്പനി 1,234 സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. 2023 ജൂലായില്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഈ നൈജീരിയന്‍ ഡോക്ടറുടെ മറ്റൊരു തട്ടിപ്പ്, നിലവിലില്ലാത്ത തസ്തികക്കുള്ള സ്പോണ്‍സര്‍ഷിപ് തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. ഇത്തരത്തില്‍, ഒരു തസ്തികയുമായി ബന്ധമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍, നിങ്ങള്‍ക്ക് ബ്രിട്ടനില്‍ എവിടെയും താമസിക്കാമെന്നും, ഏത് ജോലിയും ചെയ്യാമെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, ഇത് തെറ്റായ വിവരമാണ് ഹെല്‍ത്ത് കെയര്‍ വിസയില്‍ ബ്രിട്ടനിലെത്തുന്നവര്‍ മറ്റ് മേഖലകളില്‍ ജോലി ചെയ്യുകയാണെങ്കില്‍ വിസ റദ്ദാക്കപ്പെടും. ഒഴിവുകള്‍ യഥാര്‍ത്ഥമല്ല എന്ന കാര്യം മറച്ചു വയ്ക്കുന്നതിനായി എങ്ങനെയാണ് വ്യാജ പേറോളുകള്‍ നിര്‍മ്മിക്കേണ്ടതെന്നും അയാള്‍ പറയുന്നുണ്ട്.

Tags:    

Similar News