അര്‍ധ രാത്രിയില്‍ വീട്ടില്‍ ഇരച്ചു കയറി പോലീസ്; വൃദ്ധ മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; പാതിരാത്രിയിലെ മറുനാടന്‍ ഓപ്പറേഷന്‍ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന ശൈലി; ഷാജന്‍ സ്‌കറിയക്കെതിരായ നടപടിയില്‍ പ്രതിഷേധം ഇരുമ്പുന്നു; പോലീസിനെതിരെ നിയമ നടപടിക്ക് മറുനാടന്‍

ഷാജന്‍ സ്‌കറിയക്കെതിരായ നടപടിയില്‍ പ്രതിഷേധം ഇരുമ്പുന്നു; പോലീസിനെതിരെ നിയമ നടപടിക്ക് മറുനാടന്‍

Update: 2025-05-06 09:00 GMT

തിരുവനന്തപുരം: നിര്‍ഭയമായി വാര്‍ത്ത ചെയ്തതിന്റെ പേരില്‍ മറുനാടന്‍ മലയാളിക്കെതിരെ പാതിരാത്രിയില്‍ നടത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. സൈബറിടങ്ങളിലും മാധ്യമ രംഗത്തും കടുത്ത എതിര്‍പ്പാണ് പോലീസ് നടപടിക്കെതിരെ ഉയരുന്നത്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നടപടികള്‍ക്കാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ താല്‍പ്പര്യം കൊണ്ട് മാത്രം മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വേട്ടയാടിയ പോലീസ് സുപ്രിംകോടതിയുടെ മാനദണ്ഡങ്ങളെ പോലും കാറ്റില്‍പ്പറത്തിുകയായിരുന്നു.

അര്‍ധരാത്രിയിലെ ഈ മറുനാടന്‍ ഓപ്പറേഷനിലെ അനീതി കണ്ടാണ് കോടതി ജാമ്യം അനുവദിച്ചതും. മറുനാടന്‍ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെങ്കില്‍ പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും നേരത്തെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, ഈ ഉത്തരവെല്ലാം കാറ്റില്‍പ്പറത്തുകയാണ് പോലീസ് ചെയ്തത്. കുപ്രസിദ്ധനായ വ്യവസായിയുടെ ടീമില്‍ പെട്ട യുവതിയുടെ പരാതിയില്‍ പോലീസ് ആസൂത്രിത നീക്കം നടത്തുകയായിരുന്നു. കോടതിയുടെ ഇടപെടലോടെയാണ് ഒരു ദിവസമെങ്കിലും ഷാജന്‍ സ്‌കറിയയെ അകത്താക്കാന്‍ നടത്തിയ നീക്കം പൊളിഞ്ഞത്.

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വ്യക്തമാക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും സാമാന്യ നീതിയുടെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം വ്യകതമാക്കി. സമൂഹത്തിനു മുന്നില്‍ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് പോലീസ് ആസൂത്രിതമായി നടത്തിത്. മുമ്പുണ്ടായിരുന്ന ചില വാര്‍ത്തകളുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


Full View

പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ല. ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോടുള്ള വിരോധം തീര്‍ക്കുകയാണെന്നും ഷാജന്‍ പറഞ്ഞു. മൂന്ന് മാസം മുന്‍പ് എടുത്ത കേസില്‍ രാത്രി വീട് കയറി കസ്റ്റഡിയിലെടുത്തില്‍ തന്നെ പോലീസിന്റെ പ്രതികാരബുദ്ധി വ്യക്തമാണ്. നടപടിക്രമത്തില്‍ പൊലീസ് വരുത്തിയ വീഴ്ചകൂടി പരിഗണിച്ചാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും കോടതി ഷാജന് ജാമ്യം അനുവദിച്ചത്.

ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസ് പാലിക്കണ്ട നിയമ നടപടികള്‍ മറികടന്നാണ് ഇന്നലെ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. അപകീര്‍ത്തി കേസില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നിരിക്കെ അതിന് തുനിയാതെയാണ് പോലീസിന്റെ ഓപ്പറേഷന്‍. ഇന്നലെ എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് എത്തുന്ന വേളയിലാണ് ഷാജന്‍ സ്‌കറിയയെ പോലീസ് പിന്തുടര്‍ന്നത്. ഷാജന്‍ സ്‌കറിയയുടെ വാഹനം പിന്തുടര്‍ന്നെത്തിയ പോലീസം സംഘം വസതിയിലേക്ക് എത്തിയത് മഫ്തിയായിലായിരുന്നു. ഈ സമയം അദ്ദേഹം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ അനുവദിച്ച ശേഷം ഷര്‍ട്ടിടാന്‍ അനുവദിക്കാതെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജറാക്കുകായിയിരുന്നു. കൃത്യമായ തിരക്കഥയോടെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. രാത്രി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജറാക്കിയതും ജാമ്യം നിഷേധിപ്പെടാന്‍ സാധ്യത കൂടുതലുള്ളതു കൊണ്ടായിരുന്നു. എന്നാല്‍ ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ ശ്യാം ശേഖര്‍ അറസ്റ്റ് നടപടിയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി മുമ്പാകെ വാദിച്ചു. ഇതോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിക്കുകയായിരുന്നു.

2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് മറുനാടന്‍ വേട്ട തുടങ്ങിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. നിയമപീഠനത്തില്‍ വിശ്വസിക്കുന്ന ഷാജന്‍ സ്‌കറിയ പോലീസ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് പോലീസ് രാത്രി വീടു കയറി അറസ്റ്റു ചെയ്യുന്നത്. വിവാദ വ്യവസായി കെന്‍സ ഷിഹാബിന്റെ തട്ടിപ്പിനെ കുറിച്ചായിരുന്നു മറുനാടന്റെ വാര്‍ത്തകള്‍. കോടികള്‍ കബളിപ്പിച്ച ഷിഹാബിനെതിരെ കേരളാ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലനില്‍ക്കുന്നുണ്ട്. വിവാദ വ്യവസായിയുടെ വിശ്വസ്തയായ യുവതി നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട ശേഷം മറുനാടനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയ സര്‍ക്കാറിനും പോലീസും കനത്ത തിരിച്ചടി കോടതിയില്‍ നിന്നും ഉണ്ടായത്.

കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കെതിരെ മറുനാടന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഷിഹാബിന്റെ അടുത്ത അനുയായി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തതും ഷാജനെ അറസ്റ്റു ചെയ്തതും.

അതേസമയം ഐടി ആക്ടിലെ 67 ആം വകുപ്പ് 1 ചുമത്തിയെങ്കിലും സൈബര്‍ സെല്‍ സിഐ നിയാസിന്റെ നടപടിയില്‍ നിയമപരമായ വീഴ്ചയുണ്ടെന്നാണ് വ്യക്തമാകുന്ന കാര്യം. പിവി അന്‍വര്‍ നല്‍കിയ അപകീര്‍ത്തി കേസുകളില്‍ ഷാജന്‍ സ്‌കറിയയെ വിശദാംശങ്ങള്‍ അറിയിക്കാതെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടത്തിയിരുന്നു. 107 കേസുകള്‍ സംസ്ഥാന വ്യപകമായി ഷാജനെതിരെയെടുത്തത്. എന്നാല്‍, 10 ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കരുതെന്ന് അന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് തുടര്‍ നടപടി തണുത്തത്.


Full View

എല്‍ഡിഎഫ് ഭരണത്തില്‍ മാധ്യമപ്രവര്‍ത്തര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരായ പൊലീസിന്റെ പല നടപടികളും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇപ്പോഴത്തെ നടപടിയിലും നിഴലിക്കുന്നത് മറ്റൊന്നല്ല. സര്‍ക്കാറിനെ നിശിദമായി വിമര്‍ശിക്കുന്ന മറുനാടനെ വരുതിയില്‍ നിര്‍ത്താന്‍ രാഷ്ട്രീയ-പോലീസ് കൂട്ടുകെട്ടിലാണ് ഈ കേസും പുറന്നത്. ഷാജന്‍സ്‌കറിയക്കെതിരെ ആരോപണം ഉന്നയിച്ച യുവതി ദുബായില്‍ നിയമ നടപടികള്‍ നേരിടുന്ന ആളാണ്. ഇവക്കെതിരെ ഉയര്‍ന്ന പരാതികളില്‍ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നില്ല.

അറസ്റ്റില്‍ പ്രതിഷേധം ഇരമ്പുന്നു, പിന്തുണച്ച് ബിജെപി

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ നടന്ന പോലീസ് നടപടിയില്‍ കടുത്ത പ്രതിഷേധനമാണ് ഉയര്‍ന്നത്. സൈബറിടത്തില്‍ പ്രതിഷേധം ഉയരുമ്പോള്‍ പിന്തുണച്ച് ഓണ്‍ലൈന്‍ പത്രങ്ങളുടെ സംഘടനയായ കോം ഇന്ത്യയും രംഗത്തെത്തി. ഷാജന്‍ സ്‌കറിയക്കെതിരെ സൈബര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതികാര നടപടിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ ) രംഗത്തു വന്നത്. നിയമ വിരുദ്ധ നടപടി സ്വീകരിച്ച സി.ഐയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് കോം ഇന്ത്യ ഭാരവാഹികള്‍ പരാതി നല്‍കി.

ഷാജന്‍ സ്‌കറിയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയില്‍ നടന്ന ഈ അറസ്റ്റിന് പിന്നിലുണ്ടെന്നാണ് കോം ഇന്ത്യ പരാതിയില്‍ പറയുന്നത്. അതു കൊണ്ടു തന്നെ സിഐയുടെ മൊബൈല്‍ ഫോണ്‍ - വാട്‌സ് ആപ്പ് സന്ദേശങ്ങന്‍ സഹിതം കസ്റ്റഡിയിലെടുത്ത് വിജിലന്‍സ് പരിശോധിക്കണമെന്നാണ് ആവശ്യം. അപകീര്‍ത്തി കേസില്‍, ഒരു നോട്ടീസ് നല്‍കി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവര്‍ത്തകനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയതിന് പിന്നില്‍ പ്രതൃക്ഷത്തില്‍ തന്നെ പ്രത്യേക താല്‍പ്പര്യം വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

2025 മാര്‍ച്ച് അവസാനവാരം ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ , ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. ഈ കോടതി ഉത്തരവിന്റെയു ലംഘമാണ് കേരളാ പോലീസില്‍ നിന്നും ഉണ്ടായത്. അതേസമയം ഷാജന്‍ സ്‌കറിയക്ക് വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്‌കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇന്‍ഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങള്‍ എല്ലാം നഗ്‌നമായി ലംഘിക്കുന്നത്. ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജന്‍ സ്‌കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികള്‍ ബിജെപി വച്ചുപൊറുപ്പിക്കില്ല. ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ബിജെപി ചെറുത്തു തോല്‍പ്പിക്കും. ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഴുവന്‍ ദിവസവും കസ്റ്റഡിയില്‍ വെക്കാന്‍ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിര്‍ക്കുന്നുവെന്നം അദ്ദേഹം വ്യക്തമാക്കി.

ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമെന്ന് തിരുവനന്തപുരം പ്രസ് ക്ലബും പ്രതികരിച്ചു. മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് പിടികൂടിയത്. ഷാജന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ല.


Full View

ഷാജനെതിരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം മാധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു.

Tags:    

Similar News