ശരിയത്ത് കൗണ്‍സില്‍ കോടതിയല്ല, വെറും സ്വകാര്യ സ്ഥാപനം മാത്രം; ഭര്‍ത്താവ് പറയുന്ന തലാഖിന്റെ സാധുത ഭാര്യ ചോദ്യം ചെയ്താല്‍ തീര്‍പ്പുണ്ടാക്കേണ്ടത് കോടതി; വിവാഹ മോചനം വേണമെങ്കില്‍ കോടതി വിധിക്കണം; നിര്‍ണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

ശരിയത്ത് കൗണ്‍സില്‍ കോടതിയല്ല, വെറും സ്വകാര്യ സ്ഥാപനം മാത്രം

Update: 2024-10-29 15:02 GMT

ചെന്നൈ: മുത്തലാഖ് അടക്കമുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമാക്കിയത് അടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും, ഇപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കന്നതിന്റെ കാര്യത്തില്‍, ഏറെ പിന്നിലാണ് മുസ്ലീം സ്ത്രീകള്‍. ഭര്‍ത്താവില്‍നിന്ന് അകാരണമായി മൊഴിചൊല്ലപ്പെടുകയും, പിന്നീട് ചിലവിന് കിട്ടാനുമൊക്കെ അവര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഷാബാനുകേസിന്റെ കാലം മുതല്‍ക്കേയുള്ള ഈ പ്രശ്നത്തില്‍ ഇപ്പോള്‍ ഒന്നുകൂടി വ്യക്തത വരുത്തിയിരിക്കയാണ് മദ്രാസ് ഹൈക്കോടതി. ദമ്പതികള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടായാല്‍ വിവാഹമോചനത്തിലെ അന്തിമ വിധി മതസ്ഥാപനങ്ങളുടേത് അല്ല, കോടതിയുടേത് ആണ് എന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്.

നിലവില്‍ കോടതിയെ സമീപിക്കാതെ ശരിയത്ത് കൗണ്‍സില്‍, മഹല്ല് കമ്മറ്റി എന്നിവ വഴിയൊക്കെയുള്ള വിവാഹമോചനങ്ങള്‍ ഇസ്ലാമിക സമൂഹത്തില്‍ വ്യാപകമാണ്. ഇവ മിക്കപ്പോഴും, നിലകൊള്ളാറുള്ളത് ഇസ്ലാമിലെ പുരുഷനുവേണ്ടിയാണ്. പക്ഷേ ഇത് ഭാര്യ അംഗീകരിക്കാത്ത ഒരു അവസ്ഥയോ, തര്‍ക്കമോ ഉണ്ടായാല്‍ ഇത്തരം സംഘടനകളുടെ വിധിക്കൊക്കെ കടലാസ് വിലമാത്രമാണ് ഉണ്ടാവുക എന്നാണ് കോടതി പറയുന്നത്.

ഡിവോഴ്സ് കോടതി വഴി വേണം

ശരിയത്ത് കൗണ്‍സില്‍ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും മദ്രാസ് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഡോക്ടര്‍മാരായ മുസ്ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭര്‍ത്താവ് പറയുന്ന തലാഖിന്റെ സാധുത ഭാര്യ ചോദ്യം ചെയ്താല്‍ ഭര്‍ത്താവ്, കോടതിയെ സമീപിച്ച് വിവാഹമോചനത്തിന് നിയമപരമായി നീങ്ങണമെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ വിധിച്ചു. നിയമം അംഗീകരിച്ച രീതിയിലാണ് തലാഖ് ചൊല്ലിയതെന്ന് കോടതിയെ ബോധ്യപ്പെടത്തേണ്ട ബാധ്യത പൂര്‍ണമായും ഭര്‍ത്താവിനാണ്. അയാളാണ് കോടതിയില്‍ പോയി ഡിക്ലറേഷന്‍ വാങ്ങേണ്ടത്- ജഡ്ജി നിരീക്ഷിച്ചു.

2010- ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017-ല്‍ തമിഴ്നാട്ടിലെ ശരിയത്ത് കൗണ്‍സിലായ തൗഹീദ് ജമാഅത്ത് ഭര്‍ത്താവിന്റെ ആവശ്യപ്രകാരം വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെങ്കിലും നിയമപരമായ വിവാഹ മോചന സര്‍ട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാനോ നഷ്ടപരിഹാരം ലഭ്യമാക്കാനോ ഇതുപയോഗിച്ച് കഴിയില്ല.

കൗണ്‍സില്‍ ഭര്‍ത്താവിന്റെ ആവശ്യം അംഗീകരിക്കുകയും അതേസമയം ഭാര്യയെ നടപടിയുമായി സഹകരിക്കാത്തതിന് കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ''സംസ്ഥാനങ്ങള്‍ യഥാവിധി രൂപീകരിക്കുന്ന കോടതികള്‍ക്ക് മാത്രമേ വിധി പ്രസ്താവിക്കാന്‍ കഴിയൂ. ശരിയത്ത് കൗണ്‍സില്‍ ഒരു സ്വകാര്യ സ്ഥാപനമാണ്, കോടതിയല്ല,'' -ജസ്റ്റിസ് ജെ ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.

ഭാര്യ നേരത്തെ ഗാര്‍ഹിക പീഡന പരാതിയുമായി തിരുനെല്‍വേലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യക്ക് 5 ലക്ഷം നഷ്ടപരിഹാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരിപാലനത്തിനായി പ്രതിമാസം 25,000 രൂപയും നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ഭര്‍ത്താവ് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

''ഒരു ഹിന്ദു/ക്രിസ്ത്യന്‍/പാഴ്സി/ജൂതന്‍ എന്നീ മതങ്ങളിലെ ഭര്‍ത്താവ് ആദ്യവിവാഹത്തിനടയില്‍ രണ്ടാം വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റമാണ്. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശം നല്‍കുന്ന ഗാര്‍ഹിക പീഡനമായി ഇത് പരിഗണിക്കപ്പെടും. ഒരു മുസ്ലീം പുരുഷന് നിയമപരമായി നാല് വിവാഹങ്ങള്‍ വരെ കരാറിന് അര്‍ഹതയുണ്ട് എന്നത് ശരിയാണ്. ഈ നിയമപരമായ അവകാശത്തിനോ സ്വാതന്ത്ര്യത്തിനോ, ഭാര്യയുടെ ഭാഗത്ത് പരിമിതമായ കാര്യങ്ങളെ ആവശ്യമുള്ളൂ. ഭര്‍ത്താവ് രണ്ടാം വിവാഹത്തില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ഭാര്യക്ക് കഴിയില്ല. എന്നിരുന്നാലും, അവള്‍ക്ക് മെയിന്റന്‍സ് തേടാനും ഈ കുടുംബത്തിന്റെ ഭാഗമാകാന്‍ വിസമ്മതിക്കാനും അവകാശമുണ്ട്''- ജഡ്ജ് നിരീക്ഷിച്ചു.

''ദ്വിഭാര്യത്വത്തിന്റെ പ്രവൃത്തി ഭാര്യക്ക് കാര്യമായ വൈകാരിക ക്ലേശവും വേദനയും ഉണ്ടാക്കും, സംശയമില്ല, അത് ക്രൂരതയ്ക്ക് തുല്യമാണ്. അതിനാല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിന് കീഴ്ക്കോടതികള്‍ക്ക് അധികാരമുണ്ട്''- ഇങ്ങനെ നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്. 1975-ലെ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് ശരിയത്ത് കൗണ്‍സില്‍ എന്നും പറയപ്പെടുന്നു. അത് സമൂഹത്തില്‍ ശക്തമായ അധികാരമുള്ള സ്ഥപാനമാണ്.

അതിനാല്‍ പലപ്പോഴും ഒരു പൊതു സ്ഥാപനത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ അവരുടെ വിധികളും, കോടതിക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നാണ് മദ്രാസ് ഹൈക്കോടതി ഇന്നലെ ഓര്‍മ്മിപ്പിച്ചത്. ഇക്കാലത്ത് ഒരുപാട് പേര്‍ കോടതികളില്‍ പോവാതെ ഇങ്ങനെ ചുളുവില്‍ വിവാഹമോചനം നേടിയെടുക്കുന്നുണ്ട്. അത്തരക്കാര്‍ക്കുള്ള ശക്തമായ താക്കീതായി മാറുകയാണ്, ഈ വിധി. അതുകൊണ്ടുതന്നെ വനിതാ വിമോചന സംഘടനകള്‍ ഈ വിധി നന്നായി പ്രചരിപ്പിക്കുന്നുണ്ട്.

Tags:    

Similar News