കഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മ; ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഇതിനിടെ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി! ഈ വാദം ജയിക്കുമോ? ഷാരോണ്‍ കൊലയില്‍ വിധി കാത്ത് കേരളം

Update: 2025-01-04 03:00 GMT

തിരുവനന്തപുരം: അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കേസായി ഷാരോണ്‍ രാജ് കൊല മാറുമോ? അതോ പ്രായത്തിന്റെ ആനുകൂല്യം ജീവപര്യന്തരം ഗ്രീഷ്മയ്‌ക്കൊരുക്കുമോ? പ്രതിഭാഗം വാദങ്ങളില്‍ കേസ് തന്നെ ഇല്ലാതാകുമോ? കാമുകനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി 17നു വിധി പറയുമ്പോള്‍ കേരളമാകെ ശ്രദ്ധയിലാണ്. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണം.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായി. മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതെല്ലാം ഖണ്ഡിക്കുകയാണ്. ഇത് കോടതിയെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ ശിക്ഷ ഉറപ്പാണെന്ന് പ്രോസിക്യൂഷനും പറയുന്നു. ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ എന്ന വാദം ശിക്ഷാ വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ ഉയര്‍ത്തും.

ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസില്‍ വിഷം ചേര്‍ത്ത് 'ജൂസ് ചാലഞ്ച്' നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ പൂര്‍ണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തത്. ജൂസ് ചാലഞ്ചിനു മുന്‍പായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെര്‍ച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയില്‍ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോണ്‍ രാജ് കുടിച്ച ശേഷം വീട്ടില്‍നിന്നു പോയി എന്നാണ് പ്രതിഭാഗം പറയുന്നത്. അതായത് സ്വയം മരിക്കാനായി ഗ്രീഷ്മ തയ്യാറാക്കിയ വിഷം ഷാരോണ്‍ കുടിച്ചുവെന്ന് സാരം.

ഡിജിറ്റല്‍ തെളിവുകളുടെയും മെഡിക്കല്‍ തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. 2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. വിഷത്തിന്റെ പ്രവര്‍ത്തനരീതി അന്നു രാവിലെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കി. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്. ഷാരോണിനെ ചികില്‍സിച്ചവരോട് വിഷം കഴിച്ച കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നില്ല. പ്രതിഭാഗം വാദങ്ങളെ പൊളിക്കുന്നതാണ് ഈ സംഭവം. ഷാരോണിന്റെ മരണം ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഡോക്ടറോട് അക്കാര്യം പറഞ്ഞില്ലെന്ന ചോദ്യം നിര്‍ണ്ണായകമാണ്.

സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോണ്‍ സുഹൃത്ത് റെജിനോട് പറഞ്ഞതും പ്രധാന മൊഴിയായി മാറുമെന്നാണ് പ്രോസിക്യൂഷന്‍ നിഗമനം. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മയാണ്. ഇരുവരും ഗ്രീഷ്മയുടെ വീട്ടില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി എന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്.

Tags:    

Similar News