കഷായോം ഫ്രൂട്ടിയും തന്നു, അവള് ചതിച്ചു എന്നു പറഞ്ഞെങ്കിലും അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ എന്ന് ഷാരോണിന്റെ സുഹൃത്ത് റിജിന്‍; ബോണ്‍ ക്രിമിനലിന്റെ രീതിയായിരുന്നു ഗ്രീഷ്മയ്‌ക്കെന്ന് ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍; പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ശരിവച്ച് കോടതിയും
ഒരു ബോണ്‍ ക്രിമിനലിന്റെ ആറ്റിറ്റിയൂഡ് ആയിരുന്നു ഗ്രീഷ്മയ്ക്ക്.
തിരുവനന്തപുരം: മറ്റൊരു വിവാഹം കഴിക്കാനും കാമുകനെ ഒഴിവാക്കാനും ഗ്രീഷ്മ നടത്തിയ ശ്രമം, അതാണ് ഷാരോണിന്റെ വധത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വിലയിരുത്തിയത്. ആദ്യഭര്‍ത്താവ് മരിക്കുമെന്ന തന്റെ ജാതക ദോഷം മാറുന്നതിന് ഷാരോണിനെ രഹസ്യമായി വിവാഹം ചെയ്ത് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന കുടുംബത്തിന്റെ മൊഴി പൊലീസ് കണക്കിലെടുത്തതുമില്ല. അതേസമയം. ഒരു ബോണ്‍ ക്രിമിനലിന്റെ ആറ്റിറ്റിയൂഡാണ് ഗ്രീഷ്മ തുടക്കംമുതല്‍ കാണിച്ചതെന്ന് ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ രാജ്. കോടതിവിധിയില്‍ തങ്ങള്‍ സമ്പൂര്‍ണ തൃപ്തരാണെന്നും ഷിമോണ്‍ പ്രതികരിച്ചു.
'ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന തെളിവുകളെല്ലാം പോലീസിന് കൈമാറിയിരുന്നു. അതേപോലെ പോലീസിന്റെ ഭാഗത്ത് നിന്ന് അവരും ഒരുപാട് തെളിവുകള്‍ ശേഖരിച്ചു. അതിനാലാണ് ഇങ്ങനെയൊരു വിധി നേടാന്‍ സാധിച്ചത്. പാറശ്ശാല പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി എന്നത് സത്യമാണ്. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചു. അതിനുശേഷം പാറശ്ശാല പോലീസും സഹായിച്ചു.
ഒരു ബോണ്‍ ക്രിമിനലിന്റെ ആറ്റിറ്റിയൂഡ് ആയിരുന്നു ഗ്രീഷ്മയ്ക്ക്. വിചാരണസമയത്ത് ആയാലും ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ അവിടെയുണ്ട്. നൂറ് ശതമാനം മരണനിരക്കുള്ള വിഷമാണ് ഷാരോണിന് നല്‍കിയത്. അത് കൃത്യമായി പരിശോധിച്ചാണ് ഈ വിഷം ഗ്രീഷ്മ തിരഞ്ഞെടുത്തതത്. ഗ്രീഷ്മയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. അത് ഷാരോണിന്റെ മരണത്തിന് ശേഷം നടന്ന അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായി', ഷിമോണ്‍ രാജ് പറഞ്ഞു.
ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച കോടതി പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും, ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതിയും പറഞ്ഞു.
അതേസമയം, വിധിയില്‍ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിന്‍ പ്രതികരിച്ചു. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസില്‍ നിര്‍ണായകമായത്. ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവള്‍ക്ക് തൂക്കുകയര്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. റിജിന്‍ പറഞ്ഞു. സാക്ഷിമൊഴി നല്‍കിയപ്പോഴെല്ലാം ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിന്‍ പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓര്‍ത്തെടുക്കുകയാണ് റിജിന്‍.
അന്ന് അവളുടെ വീട്ടില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ ഛര്‍ദ്ദിച്ചു കൊണ്ടാണ് അവന്‍ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛര്‍ദിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചത്. കഷായോം ഫ്രൂട്ടിയും തന്നു, അവള് ചതിച്ചു എന്നും പറഞ്ഞു. അവനത്രയ്ക്ക് വിശ്വാസമായിരുന്നു അവളെ അവന്. മരിക്കുമെന്ന് അവനും വിചാരിച്ചില്ല. അവസാനം വരെ അവളെ വിശ്വാസമുണ്ടായിരുന്നു. ഈ ഗതി വേറെ ഒരാള്‍ക്കും വരാതിരിക്കട്ടെ. റിജിന്‍ പറഞ്ഞു.
കേസില്‍, രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറിന് മൂന്ന് വര്‍ഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്.