'അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി; ദൃക്‌സാക്ഷികള്‍ ഇല്ലെങ്കിലും സാഹചര്യ തെളിവുകള്‍ നല്ല രീതിയില്‍ ഉപയോഗിച്ചു; തെളിവുകള്‍ ചുമന്നു നടന്നത് ഗ്രീഷ്മ മാത്രം അറിഞ്ഞില്ല'; ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ തടവും പിഴയും; കോടതി കയ്യടിക്കുന്നത് ഡി. ശില്‍പ ഐപിഎസിന്റെയും ഡിവൈ എസ് പി ജോണ്‍സണിന്റെയും മികവിന്
കോടതി കയ്യടിക്കുന്നത് പൊലീസിന്റെ അന്വേഷണ മികവിന്
തിരുവനന്തപുരം: തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച കോടതി അന്വേഷണ മിവിന് കേരള പോലീസിനെ അഭിനന്ദിക്കാന്‍ മറന്നില്ല. ദൃക്‌സാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍, സാഹചര്യ തെളിവുകളെ അതിസമര്‍ത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു കോടതി നിരീക്ഷിച്ചു. മാറിയ കാലത്തിനനുസരിച്ചുള്ള അതിസമര്‍ഥമായ അന്വേഷണമാണ് നടന്നത്. കുറ്റകൃത്യം ചെയ്ത അന്നുമുതല്‍ പോലീസ് പിടിക്കുന്നതുവരെ തെളിവുകള്‍ താന്‍ തന്നെ ചുമന്നു നടക്കുകയാണെന്ന് പ്രതി അറിഞ്ഞിരുന്നില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയായിരുന്നു കേരളപോലീസിന്റെ അന്വേഷണം കടന്നുപോയത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പറയുമ്പോഴും വിഷത്തിന്റെ അംശമൊന്നും ഷാരോണിന്റെ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവസാന നിമിഷംവരെ വിഷത്തെ കുറിച്ചോ ഗ്രീഷ്മയെ കുറിച്ചോ ഷാരോണ്‍ ഒന്നും പറയാതിരുന്നതും വലിയ വെല്ലുവിളിയായിരുന്നു.
'ഭക്ഷ്യ വിഷബാധ'യില്‍ ഒതുങ്ങേണ്ട കേസ്
ഷാരോണിന്റെ ആന്തരികാവയവങ്ങളെല്ലാം പൊള്ളലേറ്റ് തകരാറിലായിരുന്നു. വെള്ളംപോലുമിറക്കാനാവാത്ത അവസ്ഥയിലായി. ഇതോടെയാണ് കുടിച്ചത് വെറും കഷായമല്ലെന്ന സംശയം ഡോക്ടര്‍മാര്‍ക്കും വീട്ടുകാര്‍ക്കുമുണ്ടായത്. അപ്പോഴും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പക്ഷെ, മരണദിവസം രാവിലെ ഷാരോണ്‍ ഐ.സി.യുവില്‍വെച്ച് അച്ഛനോട് ഉണ്ടായ സംഭവങ്ങളെല്ലാം പറയുകയായിരുന്നു. ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിമോണ്‍ എന്ത് കഷായമാണ് ഷാരോണിന് കൊടുത്തതെന്ന് നിരവധി തവണ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍, അപ്പോഴെല്ലാം തെറ്റായ മരുന്നിന്റെ കുപ്പിയുടെ ഫോട്ടോയും മറ്റും അയച്ചുകൊടുത്ത് ഗ്രീഷ്മ ഷിമോണിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.
കഷായം കുടിച്ചാല്‍ ഒരിക്കലും മരണത്തിലേക്കെത്തില്ലെന്ന് അറിയാവുന്ന ഷിമോണിന് സംഭവത്തില്‍ സംശയം തോന്നാനും കൂടുതല്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെടാനും ഗ്രീഷ്മയുമായുള്ള സംസാരവും മരുന്നുകളെ കുറിച്ചുള്ള വാട്സ്ആപ്പ് ചാറ്റുകളും സഹായിക്കുകയും ചെയ്തു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നുണ്ട്.
സംഭവദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിനടുത്ത് കൊണ്ടുവിട്ട റിജിനിന്റെ മൊഴിയും നിര്‍ണായകമായിരുന്നു. പച്ചനിറത്തില്‍ ഛര്‍ദ്ദിച്ചുകൊണ്ട് ഷാരോണ്‍ പുറത്തുവരുന്നത് കണ്ടുവെന്നും അവശനായ ഷാരോണിനെ വീട്ടിലേക്ക് കൊണ്ടുവിട്ടത് താനാണെന്നും റിജിന്‍ മൊഴി നല്‍കിയിരുന്നു. ഇതും കേസില്‍ നിര്‍ണായകമായി. ഒപ്പം ശാസ്ത്രീയ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് നയിച്ചു.
ഇരുവരുടേയും ഫോണുകളില്‍നിന്ന് ഫോട്ടോകളും വീഡിയോകളും ചാറ്റുകളുമായി നിരവധി തെളിവുകളാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധരുടെ അഭിപ്രായവും നടന്നത് കൊലപാതകമാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞു. അങ്ങനെ വെറും ഭക്ഷ്യ വിഷബാധയെന്ന നിലയില്‍ ഒതുങ്ങിപ്പോവേണ്ട കേസ് കൊലപാതകക്കേസായി മാറി.
പൊലീസിനെ അഭിനന്ദിച്ച് കോടതി പറഞ്ഞത്
പോലീസ് അന്വേഷണം അതില്‍ സമര്‍ത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.
ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല. അതേ സമയം സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.
11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാന്‍ ആകാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോണ്‍ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൊലപ്പെടുത്താന്‍ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.
സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാന്‍ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. മറ്റു കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാന്‍ മാത്രമായിരുന്നു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകള്‍ ഗ്രീഷ്മക്കെതിരെയുണ്ട്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്നു നിയമം ഇല്ല. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ല. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയില്‍ ആയിരുന്നു.
കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്.
വിധിയില്‍ സന്തോഷമുണ്ടെന്ന് ഡി ശില്പ
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ വിധിയില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ ഐപിഎസ് പ്രതികരിച്ചത്. 'അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വര്‍ഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീല്‍ കൊടുക്കാന്‍ കഴിഞ്ഞാല്‍ കൊടുക്കും',- അന്വേഷണ ഉദ്യോഗസ്ഥ ശില്പ വ്യക്തമാക്കി. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു.
വധശിക്ഷ പ്രതീക്ഷിച്ചതായി കെജെ ജോണ്‍സണ്‍
ഷരോണ്‍ കേസ് ടീം വര്‍ക്കിന്റെ വിജയമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാത്രി പകലോളം ജോലി ചെയ്താണ് പൊലീസ് ടീം ഷാരോണ്‍ കേസിലെ തെളിവുകള്‍ കണ്ടെത്തിയത്. അന്വേഷണം വഴിതിരിച്ച് വിടാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. പിടിച്ചുനില്‍ക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാന്‍ ആദ്യഘട്ടത്തില്‍ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും പ്രതിക്ക് മാക്‌സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിന്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്.
ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടര്‍ന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്. അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലര്‍ത്തി കഷായം നല്‍കിയതിനെ തുടര്‍ന്നാണ് ഷാരോണ്‍ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയിരുന്നു. പിന്നീടാണ് ഛര്‍ദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു.