നിര്‍ഭയ കേസിന് സമാനമായി വധശിക്ഷ നല്‍കണമെന്ന വാദം തള്ളി; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല; ആര്‍ ജി കര്‍ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ; മരണം വരെ ജയിലില്‍ തുടരണം; ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി; നഷ്ടപരിഹാരം വേണ്ടെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം

ആര്‍ ജി കര്‍ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Update: 2025-01-20 09:39 GMT

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷ. അര ലക്ഷം രൂപ പിഴയൊടുക്കണം. ജീവിതാവസാനം വരെ ജയിലില്‍ തുടരണം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസന്നെ വാദം കോടതി തള്ളി. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു. ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സ്റ്റേറ്റിനാണെന്നും കോടതി പറഞ്ഞു. അതേ സമയം നഷ്ടപരിഹാര തുക വേണ്ടെന്നാണ് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം.

സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

നിര്‍ഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുവന്നു പ്രോസിക്യൂഷന്റെ വാദം. ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തില്‍ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വര്‍ഷമോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിച്ചേക്കാമെന്നാണ് കഴിഞ്ഞ ദിവസം ജഡ്ജി പറഞ്ഞു. താന്‍ യാതൊരു തെറ്റും ചെയ്തില്ലെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാര്‍ഥ പ്രതികള്‍ കാണാമറയത്താണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറി. 2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രം ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. പ്രതിയുടെ വസ്ത്രത്തില്‍ നിന്നും ചെരുപ്പില്‍ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകള്‍ കണ്ടെത്തുകയും അത് ഡി.എന്‍.എ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാല്‍ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.

2024 നവംബര്‍ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു.

ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറഞ്ഞത്.

Similar News