ഉപരാഷ്ട്രപതി രാജിവച്ചു; ഇനി കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാനും സാധ്യത; ഒഴിവ് വരുന്നത് രണ്ട് താക്കോല്‍ സ്ഥാനങ്ങള്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടന അനിവാര്യമാകും; 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന് ഇനിയും രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടുമോ? ശശി തരൂര്‍ ഫാക്ടര്‍ വീണ്ടും ദേശീയ ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: രാജിവച്ചത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ്. അനാരോഗ്യം ഉയര്‍ത്തിയുള്ള വിരമിക്കല്‍. ഇത് പ്രതീക്ഷിച്ചതുമാണ്. ധന്‍കറിന്റെ ആരോഗ്യം ദൈനംദിന ജോലികള്‍ക്ക് തടസ്സുമായിരുന്നു. ഈ തീരുമാനം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നത് ശശി തരൂര്‍ ഇഫക്ടാണ്. ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി തെറ്റി നില്‍ക്കുന്ന ശശി തരൂര്‍ രാജ്യ സ്‌നേഹം ഉയര്‍ത്തിയാണ് മുമ്പോട്ട് പോകുന്നത്. രാജ്യത്തിന് വേണ്ടി എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള ഉപരാഷ്ട്രപതി പദത്തിലേക്ക് തരൂരിനെ ബിജെപി നിയോഗിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും തരൂര്‍ പുറത്തു വന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം നല്‍കുമെന്നും സൂചനകളുണ്ട്. ബിജെപി ദേശീയ അധ്യക്ഷനേയും ഉടന്‍ പ്രഖ്യാപിക്കും. ഇതും കേന്ദ്രമന്ത്രിയാകുമെന്ന് സൂചനയുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അടക്കമുള്ള പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിനൊപ്പം ചര്‍ച്ച ചെയ്യുന്നത് ഏറെയും കേന്ദ്രമന്ത്രിമാരാണ്. അങ്ങനെ വന്നാല്‍ കേന്ദ്ര മന്ത്രിസഭയിലും ഒഴിവ് വരും. ഈ സമ്മേളന ശേഷം മന്ത്രിസഭാ പുനസംഘടനയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി തുനിയുമെന്നാണ് സൂചന. 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇടയുള്ള സംസ്ഥാനങ്ങളെ കരുതലില്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കേരളത്തിന് കൂടുതല്‍ സാധ്യത നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ രാജ്യസഭയില്‍ എത്തിയ ആര്‍ എസ് എസ് മുഖമായ സദാനന്ദന്‍ മാസ്റ്ററെ പോലും ഇതില്‍ പരിഗണിക്കാന്‍ ഇടയുണ്ട്. ഇതിനൊപ്പാണ് തരൂരിന്റെ സാധ്യതകള്‍ ചര്‍ച്ചയാകുന്നത്. അതായത് തരൂര്‍ മനസ്സ് തുറന്നാല്‍ ഉടന്‍ അന്തിമ തീരുമാനങ്ങളിലേക്ക് ബിജെപി കടക്കുമെന്ന് പോലും വിലയിരുത്തലുണ്ട്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തില്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നു. മാര്‍ച്ചില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ധന്‍കര്‍ ഡല്‍ഹി എയിംസില്‍ ഏതാനും ദിവസം ചികിത്സയിലായിരുന്നു. അതേസമയം, രാജിയ്ക്കു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണു സൂചന. രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനത്തോടെയാണ് താന്‍ പദവി ഒഴിയുന്നതെന്നും പാര്‍ലമെന്റിലെ അംഗങ്ങളോട് തന്റെ സ്‌നേഹം അറിയിക്കുന്നുവെന്നും ജഗദീപ് ധന്‍കര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
ഇന്നലെ രാജ്യസഭ നിയന്ത്രിച്ചത് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ജഗദീപ് ധന്‍കര്‍ ആയിരുന്നു. രാജ്യസഭയില്‍ ഇന്നലെ വൈകിട്ടു സംസാരിക്കുമ്പോഴും ഭരണപ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു സൂചനയുമുണ്ടായിരുന്നില്ല. രാജി ഇന്നലെത്തന്നെ പ്രാബല്യത്തില്‍ വന്നതിനാല്‍ ഇനി അദ്ദേഹം രാജ്യസഭയില്‍ എത്തില്ല. 2022ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. പദവിയില്‍ രണ്ടു വര്‍ഷം ബാക്കിനില്‍ക്കെയാണു രാജിവയ്ക്കുന്നത്. 2019 മുതല്‍ 2022 വരെ ബംഗാള്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാളിലെ ഇടപെടലുകളുമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിയുമായി ഉപരാഷ്ട്രപതിയായി എത്തിയത്. പ്രതിപക്ഷവുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ധന്‍കറിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കുന്ന അസാധാരണ നീക്കവും നടന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങള്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തരത്തിലൊരു ഉപരാഷ്ട്രപതിയാണ് കളമൊഴിയുന്നത്.
ഉപരാഷ്ട്രപതി രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി എന്‍ഡിഎ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം. ശശി തരൂര്‍ എംപി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കമുണ്ടെന്നാണ് സൂചന.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഉപരാഷ്ട്രപതിമാര്‍ സ്ഥാനമൊഴിയുന്നത് അപൂര്‍വമാണ്. ദൈവിക ഇടപെടലുണ്ടായില്ലെങ്കില്‍ താന്‍ കാലാവധിക്കപ്പുറത്തേക്ക് സ്ഥാനത്തുതുടരില്ലെന്ന് ധന്‍കര്‍ അടുത്തിടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചിരുന്നു. രാജിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.