'സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍': ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ആദ്യം എഫ്ബി പോസ്റ്റ്; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സിപിഎം പരാമര്‍ശം ഇല്ലാതെ കെപിസിസി പോസ്റ്റര്‍ മുക്കി ശശി തരൂര്‍; ലേഖന വിവാദത്തിന് പിന്നാലെ ഇപ്പോ എങ്ങനിരിക്കണ് എന്ന് ചോദിച്ച കോണ്‍ഗ്രസ് സൈബര്‍ പോരാളികളെ വെട്ടിലാക്കി പുതിയ പോസ്റ്റ്
നരഭോജികള്‍ പോസ്റ്റ് മുക്കി തരൂര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വാഴ്ത്തി ലേഖനം എഴുതിയതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പിന്നാലെ, പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ഇട്ട എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗം മുക്കി ശശി തരൂര്‍ എംപി. സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു പോസ്റ്റ്.
'സി.പി.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍' എന്ന് കെ പി സി സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്ററാണ് തരൂര്‍ ആദ്യം പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഎം പരാമര്‍ശമേ ഇല്ല.
'ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്' ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂര്‍ കുറിച്ചു.
ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തില്‍ ശരി തരൂരിന്റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ശശി തരൂരിന് താന്‍ 'നല്ല ഉപദേശം' കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന്‍ കാസര്‍കോടുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
'ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ഞാന്‍ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതെന്താണ് എന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതി.' -കെ. സുധാകരന്‍ പറഞ്ഞു.