സില്‍വര്‍ലൈനിന് പകരം ആര്‍.ആര്‍.ടി.എസ്; 583 കി.മീ അതിവേഗ പാത; പ്രായോഗികവും സാമൂഹിക അംഗീകാരവും നേടിയ അതിവേഗ റെയില്‍വേ സംവിധാനം; മീററ്റിലെ അത്ഭുതം കേരളത്തില്‍ എത്തുമോ? ശ്രീധരനെ വെല്ലുവിളിച്ച് പിണറായി; ഈ റെയില്‍ യുദ്ധത്തില്‍ കേന്ദ്രം ആര്‍ക്കൊപ്പം ?

Update: 2026-01-29 01:07 GMT

തിരുവനന്തപുരം: ഡല്‍ഹി - മീററ്റ് ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം) കോറിഡോര്‍ വിജയകരമായി നടപ്പാക്കിയതോടെ ഇന്ത്യയില്‍ പ്രായോഗികത തെളിയിക്കപ്പെട്ട ആര്‍.ആര്‍.ടി.എസ് കേരളത്തിലും നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്നതുമായ അതിവേഗ റെയില്‍വേ സംവിധാനമെന്ന നിലയിലാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ ആര്‍.ആര്‍.ടി.എസ് നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.

മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ഉറപ്പാക്കുന്ന ഈ സംവിധാനം കേരളത്തിന് തികച്ചും അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. മീററ്റ് മെട്രോ ആര്‍.ആര്‍.ടി.എസുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന മാതൃകയും കേരളത്തില്‍ പരീക്ഷിക്കും. ജനസാന്ദ്രതയേറിയ കേരളത്തില്‍ ഭൂമിയേറ്റെടുക്കലും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നതിനായി പൂര്‍ണ്ണമായും തൂണുകളിലൂടെ (ഗ്രേഡ് - സെപ്പറേറ്റഡ്) പാത നിര്‍മ്മിക്കാന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. റെയില്‍വേയുടെ സാങ്കേതിക എതിര്‍പ്പുകളും ചില പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകളും കണക്കിലെടുത്താണ് സില്‍വര്‍ലൈന്‍ മാറ്റി ആര്‍.ആര്‍.ടി.എസിലേക്ക് തിരിയുന്നത്. അടുത്തിടെ ഇ.ശ്രീധരന്‍ കേന്ദ്രാനുമതിയോടെയെന്ന അവകാശവാദത്തോടെ പ്രഖ്യാപിച്ച തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തം പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ശ്രീധരന്റെ നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചായിരുന്നില്ലെന്നും, റെയില്‍വേ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ തനിക്ക് ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കിയിരുന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആര്‍.ആര്‍.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 20 ശതമാനം വീതം മുടക്കുമ്പോള്‍ ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വായ്പയായി കണ്ടെത്താനാണ് തീരുമാനം. 12 വര്‍ഷത്തിനുള്ളില്‍ നാല് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2027-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2033-ല്‍ പൂര്‍ത്തിയാക്കാവുന്ന തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള (ട്രാവന്‍കൂര്‍ ലൈന്‍ - 284 കി.മീ) പാതയാണ് ഒന്നാം ഘട്ടം. തുടര്‍ന്ന് തൃശൂര്‍-കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍കോട് എന്നിങ്ങനെ ഘട്ടംഘട്ടമായി പദ്ധതി വികസിപ്പിക്കും.

അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഭാവിയില്‍ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസര്‍കോട് വഴി മംഗലാപുരത്തേക്കും പാത നീട്ടാനുള്ള സാധ്യതകളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. എന്‍.സി.ആര്‍.ടി.സി വഴി ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതി പുറത്തേക്കും വ്യാപിപ്പിക്കാമെന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ അനുകൂല നിലപാടും കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. ഡി.പി.ആര്‍ സമര്‍പ്പിച്ചാല്‍ പദ്ധതി ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയും അറിയിച്ചിട്ടുണ്ട്.

തറനിരപ്പിലൂടെയുള്ള പാതയ്ക്ക് പകരം തൂണുകള്‍ വഴിയുള്ള എലിവേറ്റഡ് രീതി സ്വീകരിക്കുന്നതോടെ പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Tags:    

Similar News