ഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകൂലിയും, രാജ്യദ്രോഹിയുമായി; വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കി ആഭ്യന്ത്ര മന്ത്രാലയം; ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേന്ദ്രസര്‍ക്കാര്‍; സംഘര്‍ഷം ശക്തമായപ്പോള്‍ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിലും സന്ദേഹം

സോനം വാങ്ചുക്കിന്റെ എന്‍.ജി.ഒയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി

Update: 2025-09-25 14:50 GMT

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷങ്ങളെ തുടര്‍ന്ന്, പരിസ്ഥിതി പ്രവര്‍ത്തകനും പൗരാവകാശ പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നയിക്കുന്ന എന്‍.ജി.ഒയുടെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയെന്നുമുള്ള പരാതികളെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

നേരത്തെ, ഈ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ സംഘം സോനം വാങ്ചുക്കിന്റെ ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം വന്നത്.

ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം കേന്ദ്രം ആവര്‍ത്തിച്ചിരുന്നു. ഒക്ടോബര്‍ 6-ന് ചര്‍ച്ച നിശ്ചയിച്ചിരിക്കെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി.യും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിക്കാന്‍ യുവാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ ആഹ്വാനം ലഡാക്കില്‍ സംഘര്‍ഷത്തിന് കാരണമായെന്നും കേന്ദ്രം കരുതുന്നു.

സംസ്ഥാന പദവിയും സ്വയംഭരണാവകാശവും ഒരുമിച്ച് നല്‍കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നുവെന്നും, എന്നാല്‍ സംഘര്‍ഷം രൂക്ഷമാകാതിരിക്കാനാണ് നിരാഹാരം അവസാനിപ്പിച്ചതെന്നുമാണ് സോനം വാങ്ചുക്കിന്റെ പ്രതികരണം. സംഘര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് സോനം വാങ്ചുക് ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചതിനെയും കേന്ദ്രം സംശയത്തോടെയാണ് കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ പ്രകാരം, പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നതുപോലെ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ല.

ലഡാക്കില്‍ ജന്‍ സീ മോഡലില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലെ വില്ലനായി കേന്ദ്ര സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് ഈ 59കാരനെയാണ്്.

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി (എല്‍എബി) നടത്തിയ ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ആറാം ഷെഡ്യൂള്‍ വിപുലീകരിക്കാനും വേണ്ടി നടത്തിയ ബന്ദ് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സിആര്‍പിഎഫ് വാഹനങ്ങള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കി. ലേയിലെ ബിജെപി ഓഫീസും തീയിട്ടു. പോലീസ് നടത്തിയ വെടിവെയ്പ്പിനിടയിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ 15 ദിവസമായി പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് ലേയില്‍ നടത്തിവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരം നിര്‍ത്തിവെച്ചിരിക്കയാണ്. മേഖലയില്‍ അശാന്തി വര്‍ധിപ്പിക്കരുതെന്ന് പ്രതിഷേധം നടത്തുന്നവരോട് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സോനം വാങ്ചൂക്കിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയാണ്. നിരാഹാര സമരം പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടര്‍ന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും ആരോപിക്കുന്നു. ഇതോടെ ഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകൂലിയും, രാജ്യദ്രോഹിയുമായി.

അര്‍ബന്‍ മാവോയിസ്റ്റ് എന്നെല്ലാം ആക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും, കടുത്ത നക്സല്‍വിരുദ്ധനും, ചൈന വിരുദ്ധനുമാണ് അദ്ദേഹം. 2020 ജൂണ്‍ 15-ന് ഗാല്‍വാന്‍ വാലിയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, ഇന്ത്യയിലുടനീളം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ മുന്‍പന്തിയില്‍ വാങ്ചുക്കും ഉണ്ടായിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ വിവിധ സെലിബ്രിറ്റികള്‍ പിന്തുണച്ചിരുന്നു.

പക്ഷേ കേന്ദ്രസര്‍ക്കാരുമായി അദ്ദേഹം ഇടയുന്നത്, ലഡാക്കിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോഴാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീര്‍ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാര്‍ഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ഇതിനെതിരെയാണ് സോനം വാങ്ചുക്കിന്റെ സമരം. തങ്ങള്‍ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്നും പ്രത്യേക പരിസ്ഥിതി മേഖലയായ ലഡാക്കില്‍ തങ്ങളുടേതായ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ വികസനം പൂര്‍ണ്ണതോതില്‍ നടത്താന്‍ കഴിയുമെന്നുമാണ് അവര്‍ പറയുന്നത്.


Tags:    

Similar News