ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം; തന്നെ സഹായിക്കുന്ന പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തും; ബിജെപി തന്നെ സ്ഥാനാര്‍ഥിയാക്കും, പിന്തുണയ്ക്കും; നമോ ഭവനിലെത്തി ബിജെപി അംഗത്വം സ്വീകരിച്ച സിസി മുകുന്ദന്റെ വാക്കുകള്‍ ഇങ്ങനെ; ആളുകളുടെ കടം തീര്‍ക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് എ എന്‍ രാധാകൃഷ്ണന്‍; സിറ്റിംഗ് എംഎല്‍എയെ പാളയത്തില്‍ എത്തിച്ച നേട്ടത്തില്‍ ബിജെപി

ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം

Update: 2026-03-16 09:14 GMT

തൃശൂര്‍: സിപിഐ വിട്ട സിസി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദന്‍ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎന്‍ രാധാകൃഷ്ണന്‍ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുമെന്നും സിസി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞ.

ബിജെപി തന്നെ സ്ഥാനാര്‍ഥിയാക്കും. പിന്തുണയ്ക്കുകയും ചെയ്യും. നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിസി മുകുന്ദന്‍ പറഞ്ഞു. നാട്ടികയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാം. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ല. സിറ്റിംഗ് എംഎല്‍എ ആയിരുന്നിട്ടും തന്നെ തഴഞ്ഞ സിപിഐ നേതൃത്വത്തോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് രംഗത്ത് തന്നെ തീര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ മത്സരരംഗത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് മുകന്ദന്‍

നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും മുകുന്ദന്‍ വെളിപ്പെടുത്തി. ബിജെപിയുടെ വികസന കാഴ്ചപ്പാടുകളുമായി സഹകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സ്‌നേഹിക്കുന്ന പ്രവര്‍ത്തനശൈലിയാണ് തന്റേതെന്നും മുകുന്ദന്‍ പറഞ്ഞു.

അതിനിടെ ആളുകളുടെ കടം തീര്‍ക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കടം തീര്‍ത്ത് തരുമെന്ന് ബിജെപി പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിലായിരുന്നു സിസി മകുന്ദന്റെയും ബിജെപി നേതാക്കളുടേയും പ്രതികരണം.

നേരത്തെ കോണ്‍ഗ്രസ് കൈവിട്ടതോടെ മുകുന്ദന്‍ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. നാട്ടികയില്‍ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദന്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല. പിന്നാലെ സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

സുനില്‍ ലാലൂര്‍ ആയിരിക്കും നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. മുകുന്ദന്‍ വിമതനായി മത്സരിച്ചാല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയിക്കാമെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസും കൈവിട്ടതോടെയാണ് സിസി മുകുന്ദന്റെ പുതിയ നീക്കം.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സിപിഐയില്‍ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തില്‍ മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമര്‍ശിച്ച സിസി മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ മുകുന്ദനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ പിന്മാറുന്നത് മുകുന്ദന് തിരിച്ചടിയാണ്.

മണ്ഡലം രൂപീകരിച്ച ശേഷം ഏറ്റവും വലിയ മാര്‍ജിനില്‍ വിജയം നേടിയയാളാണ് സിസി മുകുന്ദന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28431 വോട്ടുകള്‍ക്കാണ് അദ്ദേഹം കോണ്‍ഗ്രസിലെ അഡ്വ. സുനില്‍ ലാലൂരിനെ പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപി 33716 വോട്ടുകള്‍ നേടിയിരുന്നു. 21 ശതമാനം വോട്ടാണ് എന്‍ഡിഎ നേടിയത്. ഇതില്‍ വര്‍ദ്ധനവാണ് മുകുന്ദനിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Tags:    

Similar News