പാലക്കാട്ട് 18,840 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച സീറ്റില്‍ ഇക്കുറി ഷാഫിയുടെ ചോയ്‌സ് രമേഷ് പിഷാരടി; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുന്നതിലെ എതിര്‍പ്പ് മറികടന്ന് 'ജനകീയന്' നറുക്ക്; ആദ്യഘട്ട പട്ടികയില്‍ പിഷാരടിയും ഇടം പിടിക്കുമോ? ചെങ്ങന്നൂരില്‍ മറിയ ഉമ്മനും അരൂരില്‍ ഷാനിമോളും പരിഗണനയില്‍

പാലക്കാട് രമേഷ് പിഷാരടി?

Update: 2026-03-16 10:19 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി പിഷാരടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടക്കുമെന്നാണ് സൂചന.

നേരത്തെയും പാലക്കാട് സ്ഥാനാര്‍ഥിപ്പട്ടികയില്‍ രമേഷ് പിഷാരടിയുടെ പേര് സജീവമായി പരിഗണിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പിഷാരടിയെ പാലക്കാട്ട് മത്സരിപ്പിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞത്. ബിജെപി മുന്നേറ്റം ശക്തമായ സാഹചര്യത്തില്‍ ജനകീയനായ പിഷാരടി മികച്ച സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ഷാഫി പറമ്പില്‍ പക്ഷത്തിന്റെ വാദം. മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഒടുവില്‍ രമേഷ് പിഷാരടിയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനെ 18,840 വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. ഷാഫി പറമ്പില്‍ ഒഴിഞ്ഞ സീറ്റ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ 58,389 വോട്ടുകള്‍ നേടിയപ്പോള്‍, രണ്ടാമതെത്തിയ സി. കൃഷ്ണകുമാറിന് 39,549 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി. സരിന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സി.പി.എം സ്വതന്ത്രനായി മത്സരിച്ച സരിന് 37,293 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനേ സാധിച്ചുള്ളൂ.

70 ശതമാനത്തിലധികം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ ലീഡ് നിലനിര്‍ത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഏഴാം റൗണ്ട് പിന്നിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1,425 വോട്ടുകളുടെ ലീഡുമായി മുന്നിലെത്തുകയും പിന്നീട് ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2016-ല്‍ ശോഭാ സുരേന്ദ്രനെ 17,483 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഷാഫി ഈ മണ്ഡലം കോണ്‍ഗ്രസിന്റേതാക്കി മാറ്റിയത്. അന്ന് ഷാഫി 57,559 വോട്ടുകള്‍ നേടിയപ്പോള്‍ ശോഭയ്ക്ക് 40,076 വോട്ടുകളാണ് ലഭിച്ചിരുന്നത്.

ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ദേശീയ ആസ്ഥാനത്ത് കോര്‍ കമ്മിറ്റി ഉടന്‍ ചേരും. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ മറിയ ഉമ്മന്റെ പേര് പരിഗണനയിലുണ്ട്. എബി കുര്യാക്കോസ്, ബാബു പ്രസാദ്, ബിനു ചുള്ളിയിലിന്റെ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. അരൂരില്‍ ഷാനിമോളോടൊപ്പം എം.പി.പ്രവീണും പരിഗണനയിലുണ്ട്.

അതേസമയം, പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മും ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയിലെത്തിയ പി. സരിന്റെ പേരായിരുന്നു ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വിജയസാധ്യത കുറവായ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സരിന്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പിന്നീട് നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമകളായ രണ്ടുപേരെയും ഒരു ലോഹ വ്യാപാര രംഗത്തുള്ള വ്യക്തിയെയും സ്വതന്ത്ര സ്ഥാനാര്‍ഥികളാവാന്‍ സമീപിച്ചെങ്കിലും തുടക്കത്തില്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. നിലവില്‍ എന്‍.എം.ആര്‍ ഹോട്ടല്‍ ഉടമ റസാഖിന്റെ പേരാണ് സിപിഎം പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News