പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ കേന്ദ്രീകരിച്ച് കാമുകി കൈമാറ്റം; ലഹരിയും പണവുമെല്ലാം ഒഴുക്കിയ മാഫിയാ സംഘം; സ്വകാര്യ ബസിനുള്ളിലും പീഡനം; സോഷ്യല്‍ മീഡിയയില്‍ ധാരണയില്ലാത്ത അച്ഛന്റെ ഫോണിലെ വീഡിയോ പീഡനത്തിന് വലിയ തെളിവ്; നഗ്ന വീഡിയോ അയച്ച് ഭീഷണിപ്പെടുത്തിയവര്‍ പണ സമ്പാദനവും നടത്തി; ഇത് സൂര്യനെല്ലിയെ വെല്ലും പീഡനക്കേസ്

Update: 2025-01-12 03:49 GMT

പത്തനംതിട്ട: പതിമൂന്നു വയസ്സുമുതല്‍ ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ പീഡനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടിക ഇനിയും ഉയരും. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സൂര്യനെല്ലിക്കേസിനേയും വെല്ലുന്നതാണ് പീഡനം. പത്തനംതിട്ടയിലെ പുതിയ ബസ്സ്റ്റാന്‍ഡ് പെണ്‍കുട്ടിയുടെ കൈമാറ്റത്തിന് പ്രധാനകേന്ദ്രമാക്കി. ഇവിടെ വലിയ സ്ത്രീ പീഡന മാഫിയ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടത്തെ ചില ഒഴിഞ്ഞ കോണുകളും മുകള്‍നിലയും കേന്ദ്രീകരിച്ച് സമൂഹവിരുദ്ധര്‍ വിളയാടുകയാണ്. മയക്കുമരുന്നും ഇവിടെ സജീവം. ഈ സാധ്യതകളെല്ലാം ഈ കേസിലുപയോഗിച്ചുവെന്നാണ് സൂചന. പണം വാങ്ങി പെണ്‍കുട്ടിയെ കൈമാറിയെന്ന സൂചനകളുമുണ്ട്. അതുകൊണ്ട് തന്നെ ഈ പീഡന കേസിന്റെ വ്യാപ്തി വളരെ വലുതാകും.

അച്ഛന്റെ ഫോണിലാണ് പെണ്‍കുട്ടി നമ്പരുകള്‍ സേവ് ചെയ്തിരുന്നത്. 32 നമ്പരുകള്‍ ഇങ്ങനെ ചെയ്തിട്ടുള്ളതിനാല്‍ ഇവര്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രതിയാകും. ഫോണിലെ വാട്സാപ്പിലേക്ക് ചില നമ്പരുകളില്‍നിന്ന് പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോകള്‍ അയച്ചിട്ടുണ്ട്. ഈ വീഡിയോകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണി പെടുത്തി. ഈ വീഡിയോകളാണ് കേസില്‍ നിര്‍ണ്ണായകമാകുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വശമില്ലാതിരുന്ന മാതാപിതാക്കളുടെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടില്ല. വീഡിയോ കൈമാറ്റമുള്ളതു കൊണ്ട് തന്നെ അതിശക്തമായ തെളിവുകള്‍ ഈ കേസിലുണ്ടെന്നാണ് പോലീസ് നിഗമനം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് മാഫിയെ തകര്‍ക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് സൂചന. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ബസ് സ്റ്റാന്‍ഡിലായിരുന്നു. സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങളില്‍ പലസ്ഥലത്തേക്കും കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നത് തുടരുകയാണ്. പീഡിപ്പിച്ചവര്‍ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനം നടന്നതെന്നുമുള്ള വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കുന്ന സൂചന. സ്‌കൂളില്‍ കായികതാരംകൂടിയായിരുന്ന കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ ആണ്‍സുഹൃത്ത് സുബിന്‍ മൊബൈല്‍ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീടായിരുന്നു പീഡനം. എല്ലാപ്രതികളുടെയും പേരില്‍ പോക്‌സോ ചുമത്തും. പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. 1996ല്‍ സൂര്യനെല്ലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍ 42 പേരായിരുന്നു. സൂര്യനെല്ലി കേസ് ഉണ്ടായപ്പോള്‍ പോക്സോ നിയമം ഉണ്ടായിരുന്നില്ല.

കേസില്‍ ഇതുവരെ 20 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരും അറസ്റ്റിലായി. 13 വയസുള്ളപ്പോള്‍ പ്രതികളിലൊരാളായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തു.

ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പത്തനംതിട്ട പോലിസ് സ്റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലിസ് സ്റ്റേഷനുകളില്‍ 2014ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. അഫ്സല്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ മന:പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളില്‍ പ്രതിയാണ്. അഫ്സല്‍ പ്രതിയായ ഒരു കേസില്‍ കൂട്ടുപ്രതിയാണ് ആഷിക്ക്.

പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച രണ്ടു മാരുതി 800 കാറുകള്‍ പോലിസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്‍ഡ് കേന്ദ്രമാക്കിയ സാമൂഹികവിരുദ്ധര്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വിപണനകേന്ദ്രംകൂടിയായ ഇവിടെ കാര്യമായ പോലീസ് നിരീക്ഷണമോ ക്യാമറകളോ ഇല്ല. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങളില്‍ പലസ്ഥലത്തേക്കും പെണ്‍കുട്ടിയെ പലസ്ഥലത്തേക്കും കൊണ്ടുപോയിരുന്നു.പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലിസ് സ്റ്റേഷന്‍ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് സൂചന.

Tags:    

Similar News