ഡാരാ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ വിറപ്പിച്ചത് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ; ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ നാശനഷ്ടങ്ങള്‍ ഏറെ; കൊടുങ്കാറ്റ് കവര്‍ന്നത് രണ്ട് ജീവനുകള്‍; പല മോട്ടോര്‍വേകളും അടച്ചു; ജനജീവിതം ദുരിതപൂര്‍ണം

ഡാരാ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ വിറപ്പിച്ചത് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ

Update: 2024-12-08 01:25 GMT

ലണ്ടന്‍: ഡാരാ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന സമയത്ത് ഒരു ഡുവല്‍ ക്യാരേജ് വേയിലൂടെ വാന്‍ ഓടിക്കുകയായിരുന്ന വ്യക്തി, മരം കടപുഴകി വാനിനു മേല്‍ വീണതിനെ തുടര്‍ന്ന് മരണമടഞ്ഞു. പ്രായം നാല്പതുകളിലുള്ള വ്യക്തി എ 59 ലൂടെ വാഹനമോടിക്കവെ ലോംഗ്ടണില്‍, ലങ്കാഷയര്‍ പോലീസ് ആസ്ഥാനത്തിന് സമീപത്ത് വെച്ചാണ് മരം കടപുഴകി ഇയാള്‍ ഓടിച്ചിരുന്ന സിട്രിയോണ്‍ വാനിന് മുകളില്‍ വീണത്. എമര്‍ജന്‍സി സര്‍വ്വീസ് അതിവേഗം സംഭവസ്ഥലത്ത് എത്തിയെങ്കിലും, വാന്‍ ഡ്രൈവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞിരുന്നു.

വടക്കന്‍ വെയ്ല്‍സിലെ കാപല്‍ കുരിഗില്‍ മണിക്കൂറില്‍ 93 മൈല്‍ വേഗത രേഖപ്പെടുത്തിയ ശക്തമായ കാറ്റ് യു കെയില്‍ അങ്ങോളമിങ്ങോളം നാശം വിതച്ചു. വെയ്ല്‍സ് തീരപ്രദേശങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 72 മുതല്‍ 78 മൈല്‍ വരെയാണ് രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയ്ല്‍സിന്റെ പടിഞ്ഞാറന്‍ തീരപ്രദേശം, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കാറ്റിന്റെ രൂക്ഷത ഏറ്റവുമധികം അനുഭവവേദ്യമായ ഇടങ്ങളില്‍ ആളുകളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ 1,77,000 വീടുകളില്‍ വൈദ്യുതി വിതരണം നഷ്ടപ്പെട്ടതായി എനര്‍ജി നെറ്റ്വര്‍ക്ക് അസ്സോസിയേഷന്‍ അറിയിച്ചു. വൈദ്യുതി വിതരണം നിലച്ച മറ്റ് 7,68,000 ഉപഭോക്താക്കള്‍ക്ക് അത് പുനസ്ഥാപിച്ചിട്ടുണ്ട്. 1000 ല്‍ അധികം എഞ്ചിനീയര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അസ്സോസിയേഷന്‍ അറിയിച്ചു. കിഴക്കന്‍ തീരപ്രദേശത്തും ഡാര വന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് ബ്രിഡ്ജ്, എം 4, സെവേണ്‍ ബ്രിഡ്ജ്, എം 48, എന്നിവ ശക്തമായ കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടു.

ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും നിരവധി കായിക മത്സരങ്ങള്‍ റാദ്ദാക്കേണ്ടതായി വന്നു. സുരക്ഷാ കാരണങ്ങളാല്‍ റദ്ദ് ചെയ്ത, ലിവര്‍പൂളും എവര്‍ടണും തമ്മിലുള്ള പ്രീമിയര്‍ ലീഗ് മാച്ചും ഇതില്‍ ഉള്‍പ്പെടുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും കാറ്റിനെതിരെ ആംബര്‍ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഇംഗ്ലണ്ടും വെയ്ല്‍സും പൂര്‍ണ്ണമായും ഉള്‍പ്പെടുന്ന ഒരു മഞ്ഞ മുന്നറിയിപ്പും നിലവിലുണ്ട്.

വെള്ളിയാഴ്ച അതിതീവ്ര കാലാവസ്ഥയ്ക്കെതിരെ ഒരു റെഡ് വാര്‍ണിംഗ് പുറപ്പെടുവിച്ചിരുന്നു. ഇതിനോടകം ഇല്ലാതെയായ ആ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നിരവധി ക്രിസ്ത്മസ്സ് പരിപാടികള്‍ ഉള്‍പ്പടെ പല പരിപാടികളും റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ജീവാപായം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് സര്‍ക്കാരും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. കാര്‍ഡിഫിലെ കത്തീഡ്രല്‍ റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് കാറുകള്‍ തകര്‍ന്നു. ചില വീടുകള്‍ക്ക് മീതെയും മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Tags:    

Similar News