'നബിയുടെ ആശയങ്ങള്‍ അണ്ണാദുരൈ, കരുണാനിധി എന്നിവരുടേതിന് സമാനം'; തമിഴകത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവരങ്ങളും; നടപടി എസ്ഡിപിഐയുടെ ആവശ്യപ്രകാരമെന്ന് എം കെ സ്റ്റാലിന്‍; മുസ്ലീം വോട്ട് തട്ടാനുള്ള നീക്കമെന്ന് വിമര്‍ശനവുമായി ബിജെപി
തമിഴകത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവരങ്ങളും
ചെന്നൈ: ഹിന്ദുത്വസംസ്‌ക്കാരവും ഹിന്ദിഭാഷയും അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും, പാഠപുസ്തകങ്ങളിലെ ഹിന്ദുത്വവത്ക്കരണത്തിനെതിരെയും ശക്തമായി പ്രതിഷേധിക്കുന്നവരാണ് എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ. നേരത്തെ സനാതന ധര്‍മ്മത്തെക്കുറിച്ച് സ്റ്റാലിന്റെ മകന്‍ ഉദയനിധി പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഹിന്ദുത്വ വ്യാപനത്തെ ചെറുക്കുന്ന ഡിഎംകെക്ക് ഇസ്ലാമിസത്തോടെ യാതൊരു വിയോജിപ്പുമില്ല എന്നാണ്, തമിഴ്നാട്ടിലെ സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുളള വിവരങ്ങള്‍ സ്‌കൂളില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലിയാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
എറ്റവും വിചിത്രം എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനം എന്നതാണ്. എസ്ഡിപിഐ സംസ്ഥാന നേതാവ് നെല്ലായി മുബാറക്കാണ് ഇത്തരം ഒരുആവശ്യം ഉന്നയിച്ചതെന്ന് സ്റ്റാലിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട് സ്‌കൂള്‍ സിലബസില്‍ മുഹമ്മദ് നബിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയാന്‍ സന്തോഷമുണ്ടെന്നാണ് സ്റ്റാലിന്റെ വാക്കുകള്‍.
ലക്ഷ്യം മുസ്ലീം വോട്ട് ബാങ്ക്
നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലീം വോട്ടുകള്‍ മുന്നില്‍ കണ്ട് മതമൗലികവാദി സംഘടനകളെ പ്രീണിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ എന്നാണ് ബിജെപി ആരോപിക്കുന്നത്. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങളില്‍, ആദ്യം പിന്തുണയ്ക്കുന്നത് ദ്രാവിഡ മുന്നേറ്റ കഴകമാണെ്ന്ന് സ്റ്റാലിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടു. മുഹമ്മദ് നബിയുടെ ആശയങ്ങള്‍ ഡിഎംകെ നേതാക്കളായ സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരുടേതിന് സമാനമാണെന്ന് വരെ അടുത്തിടെ പൊതുപരിപാടിയില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. മുസ്ലീം അവകാശങ്ങള്‍ക്കായി ഡിഎംകെ എന്നും പോരാടിയിരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയയോടെ, അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വോട്ടുകള്‍ വലിയ രീതിയില്‍ ചിതറിപ്പോവുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് സ്റ്റാലിലിന്റെ ഇത്തരം നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍. മുസ്ലീങ്ങള്‍ക്ക് 3.5 ശതമാനം ആഭ്യന്തര സംവരണം ഉറപ്പാക്കിയതും, ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങളെ ബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും, ന്യൂനപക്ഷങ്ങള്‍ക്കായി ക്ഷേമബോര്‍ഡ് സൃഷ്ടിച്ചതായും തമിഴ്‌നാട് ഉറുദു അക്കാദമി സ്ഥാപിച്ചതായും ചെന്നൈ വിമാനത്താവളത്തിന് സമീപം ഹജ്ജ് ഹൗസ് ആരംഭിച്ചതുമെല്ലാം സ്റ്റാലിന്‍ എടുത്തുപറയുന്നുണ്ട്. ഗസ്സയിലെ 'അതിക്രമങ്ങള്‍' തടയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉറച്ച നടപടികള്‍ സ്വീകരിക്കാനും സ്റ്റാലിന്‍ ആവശ്യപ്പെടുന്നുണ്ട്.
ബിജെപി മാത്രമല്ല, തമിഴകത്തെ യുക്തിവാദികളും പാഠ പുസ്തവിഷയത്തില്‍ ശക്തമായി സ്റ്റാലിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഒരു മത പ്രവാചകന്റെയും പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്നും, സ്‌കൂളുകള്‍ പൂര്‍ണ്ണമായും മതേതരമാവണമെന്നും ദ്രാവിഡ കഴകം നേതാവ് തൂത്തുക്കുടി സുഗണന്‍ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസും, സിപിഎമ്മും, അണ്ണാഡിഎംകെയുമടക്കമുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.