ബ്രിട്ടനേയും യൂറോപ്പിനെയും കാത്തിരിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത മഞ്ഞുവീഴ്ച്ചയുള്ള വിന്റര്‍ കാലമോ? 300 വര്‍ഷം മുന്‍പ് വടക്കോട്ട് മാറിയ കടല്‍ ഉഷ്ണജല പ്രവാഹം ഇല്ലാതാകുന്നു; യൂറോപ്പിനെ ചൂടാക്കിയ നിര്‍ത്തിയ സംവിധാനം തകര്‍ന്നാല്‍ പിന്നെ എപ്പോഴും തണുപ്പ്; കാലാവസ്ഥാ മാറ്റങ്ങള്‍ വെല്ലുവിളിയാകുമ്പോള്‍
ബ്രിട്ടനേയും യൂറോപ്പിനെയും കാത്തിരിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത മഞ്ഞുവീഴ്ച്ചയുള്ള വിന്റര്‍ കാലമോ?
ലണ്ടന്‍: ലോകം ഇപ്പോള്‍ ആശങ്കയോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹം ഏത് നിമിഷം വേണമെങ്കിലും തകരാം എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. സമുദ്ര പ്രവാഹങ്ങളുടെ വളരെ വിശാലമായ ആഗോള വ്യവസ്ഥയുടെ ഭാഗമായ ഗള്‍ഫ് സ്ട്രീം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വടക്കോട്ട് നീങ്ങിയിരുന്നു. കഴിഞ്ഞ 200 വര്‍ഷത്തിലേറെയായി അത് ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുകൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ ഒരു സമുദ്രജല പ്രവാഹമാണ് ഗള്‍ഫ് സ്ട്രീം.
അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ അഥവാ അമോക്ക് എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന അതി വിശാലമായ ഒരു പ്രവാഹ വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഗള്‍ഫ് സ്ട്രീം. അമോക്കിനെ സമുദ്രത്തിന്റെ കണ്‍വെയര്‍ ബെല്‍റ്റ് എന്നാണ് വിളിക്കപ്പെടുന്നത്. സമുദ്രത്തിന്റെ ഉപരിതലത്തിനടുത്തുള്ള ചൂടുള്ള ഉപ്പുവെള്ളം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്ന് വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് ഇത് കൊണ്ട് പോകുന്നു.
യൂറോപ്പ്, യു.കെ, യുഎസ് കിഴക്കന്‍ തീരം എന്നിവിടങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഇതിന്റെ പങ്ക് നിര്‍ണായകമാണ്. അമോക്ക് തകര്‍ന്നാല്‍ അത് യൂറോപ്പിലെ വലിയൊരു മേഖലയെ കൊടും ശൈത്യത്തിലേക്ക് തള്ളിവിടും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ദി ഡേ ആഫ്റ്റര്‍ ടുമാറോ' എന്ന ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ആഴത്തിലുള്ള മഞ്ഞുവീഴ്ചയിലേക്ക് യൂറോപ്പിനെ തള്ളിവിടാന്‍ ഇതിന് കഴിയും.
സതാംപ്ടണ്‍ സര്‍വകലാശാലയിലെ എഡ്വേര്‍ഡ് ഫോര്‍മാനും ഡര്‍ഹാം സര്‍വകലാശാലയിലെ ജെയിംസ് ബാള്‍ഡിനിയും ചേര്‍ന്നാണ് പുതിയ പഠനത്തിന് നേതൃത്വം നല്‍കുന്നത്. ഗള്‍ഫ്സ്ട്രീം തകര്‍ന്നാല്‍ യു.കെയുടെ ചില ഭാഗങ്ങളിലെ തണുപ്പ് മുപ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴും എന്നാണ് കരുതപ്പെടുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പ്രകൃതിയില്‍ വര്‍ദ്ധിക്കുന്നത് കാരണമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ലാന്‍ഡിനും ഐസ്ലാന്‍ഡിനും തെക്ക്, ഏകദേശം 1,000 മൈല്‍ വീതിയുള്ള ഒരു തണുത്ത വെള്ളക്കെട്ട് രൂപം കൊണ്ടതിനെ കുറിച്ചാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
അമോക്ക് ദുര്‍ബലമാകുന്നു എന്നത് കൊണ്ടാണ് ഈ വെളളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഭാവിയിലെ കാലാവസ്ഥാ പ്രവചനങ്ങളെ പോലും അമോക്കില്‍ ഉണ്ടാകുന്ന മാറ്റം ശക്തമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. അമോക്ക് തകരുന്നതിന്റെ ഭാഗമായി ശക്തമായ ശീതക്കൊടുങ്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം കൊടുങ്കാറ്റുകളും വെളളപ്പൊക്കവും കാരണം നിരവധി മരിക്കാന്‍ സാധ്യത ഉള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ മറ്റ രാജ്യങ്ങളെ അപേക്ഷിച്ച് യു.കെയില്‍ ഇത്,വലിയ ആഘാതം ഉണ്ടാക്കില്ല എന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇത് പല രാജ്യങ്ങളിലേയും കൃഷിയേയും ജല വിതരണത്തേയും തടസപ്പെടുത്തും. കഴിഞ്ഞ ആഴ്ച, മറ്റൊരു ശാസ്ത്രജ്ഞരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തത് അമോക് തകര്‍ന്നാല്‍ സ്‌കോട്ട്ലന്‍ഡില്‍ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നാണ്. അതേസമയം, ലണ്ടനില്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ വരെ തണുപ്പ് അനുഭവപ്പെടും. വടക്കന്‍ യൂറോപ്പില്‍ 15 ഡിഗ്രി വരെ തീവ്രമായ തണുപ്പ് അനുഭവപ്പെടും. എന്നാല്‍ ആശ്വാസകരമായ കാര്യം ഇതൊന്നും ഉടനേ സംഭവിക്കാന്‍ സാധ്യതയില്ല എന്നതാണ്.