എല്ലാവരും ദൈവത്തിന്റെ മക്കളെന്ന് പറഞ്ഞ് വന്ന വൈദികനെ അമ്പെയ്ത് കൊന്ന് മണലില്‍ കുഴിച്ചിട്ടവര്‍; പുറം ലോകത്തെത്തിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മരിച്ചുപോവുന്ന ജനത; താലിബാനൊപ്പം തോക്കുമായി സെല്‍ഫിയെടുത്ത സാഹസിക യു ട്യൂബര്‍ എത്തിയത് ഇവരെ കാണാന്‍; ശേഷം സംഭവിച്ചത്!

സാഹസിക യു ട്യൂബര്‍ എത്തിയത് ഇവരെ കാണാന്‍

Update: 2025-04-08 17:26 GMT

ച്ചപ്പുനിറഞ്ഞ ഈ മനോഹരദ്വീപ് പുറംകാഴ്ചയില്‍ ഭൂമിയിലെ സ്വര്‍ഗമാണെന്ന് തോന്നും. പക്ഷേ ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനായി അകത്ത് കയറിയാല്‍ നിങ്ങളെ വരവേല്‍ക്കുക, വിഷംപുരട്ടിയ മൂര്‍ച്ചയേറിയ അമ്പുകളും, കുന്തങ്ങളുമായിരിക്കും. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് 'ക്രൂരരും ദയാരഹിതരുമായവര്‍' എന്നായിരുന്നു. പുറംനാട്ടുകാര്‍ക്ക് പ്രവേശനം വിലക്കപ്പെട്ട അവിടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്.

ഈ ദ്വീപ് തദ്ദേശീയരായ സെന്റിനലീസ് ജനത, ജരാവകള്‍ എന്നാണ് അറിയപ്പെടുന്നത്. അവര്‍ അവരുടെ സംഘവുമായി മാത്രം ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയുമായോ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായോ ഒന്നും അവര്‍ക്ക് ഒരു ബന്ധവുമില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് പുറംലോകത്തെക്കുറിച്ച് അറിയില്ല എന്ന് പറയുന്നതാകും ശരി. ഇവിടെ ഏകദേശം 150 നിവാസികള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഈ ദ്വീപിലേക്ക് മറ്റ് മനുഷ്യരെ കയറ്റാത്തതിനാല്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഒരു മാര്‍ഗവുമില്ല. 1956-ലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗ സംരക്ഷണ നിയമപ്രകാരം ഈ ദ്വീപും അതിലെ നിവാസികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ നിയമപ്രകാരം, ദ്വീപിലേക്കുള്ള ഏത് തരത്തിലുള്ള യാത്രയും അഞ്ച് നോട്ടിക്കല്‍ മൈലില്‍ (9.26 കി.മീ) വരുന്നത് പോലും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള ഈ മരണദ്വീപില്‍ കയറി വീഡിയോ എടുത്ത ഒരു യുട്യൂബറാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ നിറയുന്നത്.

താലിബാനൊപ്പം തോക്കുമായി സെല്‍ഫി

അമേരിക്കന്‍ യൂട്യൂബറായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് എന്ന 24കാരനാണ്, മരണം മണക്കുന്ന, സെന്റിനല്‍ ദ്വീപില്‍ പോയത്. പക്ഷേ മരണം ഭാഗ്യത്തിന് ഒഴിഞ്ഞുപോയി. ദ്വീപിലെത്തി മടങ്ങിയ ഇയാളെ മാര്‍ച്ച് 31 ന് പോര്‍ട്ട് ബ്ലെയറില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടി. കോടതി ഇയാളെ 14 ദിവസത്തെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.

പുരാതന ഗോത്രവര്‍ഗ്ഗമായ സെന്റിനലീസ് ഗോത്രത്തെ കാണുക എന്നുള്ളതായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായാണ് ദ്വീപില്‍ പ്രവേശിച്ചതെങ്കിലും, അധിക ദൂരം സഞ്ചരിച്ചില്ലെന്നും, ഗോത്ര വര്‍ഗ്ഗത്തില്‍ ഉള്ള ആരെയും കണ്ടില്ലെന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്. ദ്വീപില്‍ നിന്ന് മടങ്ങുമ്പോള്‍ കൈവശമുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കും തേങ്ങകളും ഇയാള്‍ അവിടെ ഉപേക്ഷിച്ചതായി പോലീസ് പറയുന്നൂ. ഇത് അയാള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതായിരുന്നു. പക്ഷേ അവര്‍ കണ്ടിരുന്നെങ്കില്‍ യുവാവിന്റെ കഥ കഴിഞ്ഞേനേ.

ഇയാള്‍ സന്ദര്‍ശനം നടത്തിയ മറ്റ് മേഖലകള്‍ ഏതാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പോര്‍ട്ട് ബ്ലെയറില്‍ ഇയാള്‍ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കടലിനേക്കുറിച്ചും തിരകളേക്കുറിച്ചും കുര്‍മ ദേരാ ബീച്ചിനേക്കുറിച്ചും നല്ല രീതിയില്‍ പഠിച്ച ശേഷമാണ് ഇയാള്‍ ദ്വീപിലേക്ക് കടന്നത്. ജിപിഎസ് ഉപയോഗിച്ചായിരുന്നു യാത്ര. ഇയാളുടെ പക്കല്‍ നിന്ന് അത്യാധുനിക ക്യാമറയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.




അമേരിക്കന്‍ പൗരനായ ഇയാളുടെ പിതാവ് യുക്രെയിന്‍ വംശജനാണ്. ഇത് ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള ഇയാളുടെ ആദ്യത്തെ യാത്രയല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനുവരിയില്‍ ആന്‍ഡമാനിലെത്തിയ 24കാരന്‍ ബാറാതാങ് ദ്വീപിലെത്തുകയും അനധികൃതമായി ജരാവാ ആദിവാസികളുടെ വിഡിയോ ചിത്രീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. തിരമാലകള്‍ കുറവുള്ള സമയം മനസിലാക്കിയ യുവാവിന്,കുര്‍മ ദേര ബീച്ചില്‍ നിന്നും സെന്റിനലിലേക്ക് പോകാനുള്ള എളുപ്പമാര്‍ഗവും വരെ അറിയാമായിരുന്നു.

ഇയാള്‍ സെന്റിനല്‍ ദ്വീപില്‍പോയി തിരികെ മടങ്ങുന്നത് കണ്ട് ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് പോര്‍ട്ട് ബ്ലെയറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യു ട്യൂബര്‍ക്കെതിരെ 1946 ലെ വിദേശി നിയമം അനുസരിച്ചും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് (പ്രൊട്ടക്ഷന്‍ ഓഫ് അബോര്‍ജിനല്‍ ട്രൈബ്സ്) നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് വിവരം ആഭ്യന്തര മന്ത്രലയം വഴി വിദേശകാര്യ മന്ത്രാലയത്തെയും യുഎസ് എംബസിയെയും അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി.

പോളിയകോവ് വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമായല്ല. താലിബാനിലെ അംഗങ്ങളെ കാണാന്‍ അദ്ദേഹം മുമ്പ് അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുണ്ട്, താലിബാന്‍കാരുടെ യന്ത്രത്തോക്കുകളും വാളുകളും വാങ്ങി കയ്യില്‍ വെച്ചാണ് ഇയാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അരിസോണയില്‍ നിന്നുള്ള പോളിയാക്കോവ്, തന്റെ ഫോളോവേഴ്സിനിടയില്‍ 'നിയോ-ഓറിയന്റലിസ്റ്റ്' എന്നാണ് അറിയപ്പെടുന്നത്. നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ എത്താനുള്ള പോളിയാക്കോവിന്റെ മൂന്നാമത്തെ ശ്രമമാണിതെന്ന് അധികൃതര്‍ പറയുന്നു.




മുന്നില്‍ കണ്ടാല്‍ മരണം

അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടിയാണ് സെന്റിനല്‍ മനുഷ്യര്‍ ഇപ്പോഴും ജീവിക്കുന്നത്. പുറത്തുനിന്നുള്ള മനുഷ്യരെ ഇവര്‍ ദ്വീപിലേക്ക് പ്രവേശിപ്പിക്കാറില്ല. സെന്റിനലീസ് ഗോത്രത്തിന്റെ കണ്‍മുന്നില്‍ പെട്ട ഒരാളും ജീവനോടെ മടങ്ങിയിട്ടുമില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഗോത്രത്തെ അറിയാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഇത് സെന്റിനലീസിന് വിനാശകരമായി മാറി.

മൗറീസ് വിഡാല്‍ പോര്‍ട്ട്മാന്‍ എന്നയാള്‍ ഇവിടെ നിന്നുള്ള ചിലയാളുകളെ പുനധിവസിപ്പിക്കാനായി കൊണ്ടുപോയിരുന്നു. എന്നാല്‍ പോര്‍ട്ട് ബ്ലെയറില്‍ എത്തിയപ്പോഴേക്കും ജവാരകള്‍ രോഗബാധിതരായി. ആറ് പേരില്‍ രണ്ടുപേര്‍ മരിച്ചു. അയോടെ മറ്റ് നാല് പേരെയും അവരുടെ ദ്വീപിലേക്ക് തന്നെ മടക്കി എത്തിച്ചു. ദ്വീപിലല്ലായെ കരയില്‍ ജീവിക്കാനുള്ള പ്രതിരോധശേഷി അവര്‍ക്കില്ല എന്ന് അതോടെയാണ് മനസ്സിലായത്. തുടര്‍ന്നും ദ്വീപില്‍ പ്രവേശിക്കാനും ദ്വീപുവാസികളുമായി ആശയവിനിമയം നടത്താനും മറ്റു പല ശ്രമങ്ങളും നടന്നു. അപ്പോഴേല്ലാം ദ്വീപ് നിവാസികളുടെ ശക്തമായ ആക്രമണങ്ങള്‍ നടത്തിയാണ് പ്രതിരോധിച്ചത്.

1991 ജനുവരിയില്‍ ഈ ദ്വീപ് നിവാസികളുമായി ബന്ധപ്പെടാന്‍ ചെറിയൊരു അവസരം വന്നിരുന്നു. ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ത്രിലോക്‌നാഥ് പണ്ഡിറ്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സെന്റിനലീസ് ജനതയുമായി ചെറിയ ചില ബന്ധങ്ങള്‍ സ്ഥാപിച്ചു. പക്ഷേ ദ്വീപ് ജനത, പുറം മനുഷ്യരോടുള്ള തങ്ങളുടെ ബന്ധം അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അന്നത്തെ ചെറിയ സന്ദര്‍ശനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ സസ്യജന്തുജാലങ്ങളെക്കുറിച്ച് അറിഞ്ഞത്. സൗത്ത് സെന്റിനലിനൊപ്പം നോര്‍ത്ത് സെന്റിനല്‍ ദ്വീപിനെയും, ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ പ്രധാനപ്പെട്ട പക്ഷി കേന്ദ്രമായി കണക്കാക്കുന്നു. ഇവിടുത്തെ കണ്ടല്‍ക്കാടുകളും പവിഴപ്പുറ്റുകളും, എല്ലാം പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്.

ദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും 1997-ഓടെ നിര്‍ത്തി. എന്നാല്‍, 2006-ല്‍ ഇവിടെ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വഴിതെറ്റിയെത്തിയ ഇവരെ ഗോത്രനിവാസികള്‍ അമ്പെയ്ത് കൊല്ലുകയായിരുന്നു. 2018-ല്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, യുഎസ്സില്‍ നിന്നുള്ള ജോണ്‍ അലന്‍ ചൗ എന്ന 26-കാരന്‍ ഇവിടെ എത്തിയിരുന്നു. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന് പറഞ്ഞാണ് അയാള്‍ എത്തിയത്. ഗോത്രത്തെ ബന്ധപ്പെടാനും അവര്‍ക്ക് ചില സമ്മാനങ്ങള്‍ നല്‍കാനും അയാള്‍ രണ്ടുതവണ ശ്രമിച്ചു. ആദ്യ ദിവസം അയാള്‍ക്ക് ഗോത്രത്തിലുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 2018 നവംബര്‍ 16- ന് രാവിലെ, ജോണ്‍ അവസാനമായി ഒരിക്കല്‍ കൂടി ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിച്ചു. ജോണ്‍ കരയിലേക്ക് അടുക്കുമ്പോള്‍ തന്നെ സെന്റിനലീസ് ജനത അയാള്‍ക്ക് നേരെ അമ്പുകള്‍ എയ്തതായി അല്പം ദൂരെയുള്ള മറ്റൊരു ദ്വീപില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടു. അമ്പേറ്റ് മരിച്ചുവീണ ജോണിനെ സെന്റിനലീസ് ജനത കടലോരത്തെ മണലില്‍ കുഴിച്ചിടുകയായിരുന്നു!

നിലവില്‍ സെന്റിനല്‍ ദ്വീപിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന്റെ പേരില്‍ ആരും ഈ ദ്വീപ് നിവാസികളെ ഒന്നും ചെയ്തിട്ടില്ല. തങ്ങളുടെ ദ്വീപിന് പുറത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരു കൂട്ടം ആളുകളോട് എങ്ങനെയാണ് ക്രമസമാധാനത്തെക്കുറിച്ച് വിശദമാക്കാന്‍ സാധിക്കുക. അവരുടെ നന്മയ്ക്ക് അവരെ തടസ്സപ്പെടുത്താതെ വിടണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. അതിനുശേഷം ഇപ്പോഴാണ് ഇങ്ങോട്ട് ഒരാള്‍ എത്തുന്നത്. എന്തായാലും പോളിയകോവ് മരിക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് അധികൃതര്‍.

Tags:    

Similar News