സിനിമയെ പ്രണയിച്ച അച്ഛന്റെ മകന്‍ പ്രണയിച്ചത് തട്ടിപ്പിനെ! സിനിമാ പെട്ടികള്‍ക്കിടയില്‍ വളര്‍ന്ന ബാല്യം; ആദ്യം തട്ടിയത് പാവം ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകള്‍; പിന്നെ താരങ്ങളെ മറയാക്കി 20 കോടിയുടെ സേവ് ബോക്‌സ് തട്ടിപ്പ്; മോട്ടിവേഷന്‍ ക്ലാസുകളും ആഡംബര ജീവിതവും; നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സ്വാതിഖ് റഹീമിന്റെ കഥ

നടന്‍ ജയസൂര്യയെ വെട്ടിലാക്കിയ സ്വാതിഖ് റഹീമിന്റെ കഥ

Update: 2025-12-29 12:09 GMT

കൊച്ചി: കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ലേല ആപ്പ് എന്ന പേരില്‍ നടനും, സംരംഭകനുമായ സ്വാതിഖ് റഹീം നടത്തിയ സേവ് ബോക്‌സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തതോടെ, രണ്ടുവര്‍ഷം പഴക്കമുള്ള കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

തൃശ്ശൂരിലെ പഴയകാല സിനിമ വിതരണക്കാരന്‍ പൂനം റഹീമിന്റെ മകന്‍ സ്വാതിഖ് റഹീം, സിനിമയിലെ പ്രോജക്ട് ഡിസൈനറായും അഭിനേതാവായും അറിയപ്പെട്ടിരുന്ന വ്യക്തിയാണ്. എന്നാല്‍ സിനിമയിലെ ഈ തിളക്കം ഒരു മറയാക്കി മാറ്റിക്കൊണ്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.

സിനിമാ ബന്ധങ്ങള്‍ മറയാക്കിയാണ് സ്വാതിഖ് സേവ് ബോക്‌സിനെ പ്രമോട്ട് ചെയ്തത്. 40,000 രൂപ വിലയുള്ള ലാപ്‌ടോപ്പ് 1 രൂപയ്ക്ക് ലേലം തുടങ്ങാം എന്നായിരുന്നു വാഗ്ദാനം. ലേലത്തില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ പണം നല്‍കി 'വെര്‍ച്വല്‍ കോയിനുകള്‍' വാങ്ങണം. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ ഇയാള്‍ സമ്പാദിച്ചു. സേവ് ബോക്‌സ് സ്റ്റോറുകള്‍ തുടങ്ങാമെന്നും മാസം 25 ലക്ഷം രൂപ വരെ ലാഭം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് നൂറിലധികം ആളുകളില്‍ നിന്നായി ഏകദേശം 20 കോടി രൂപ തട്ടിയെടുത്തു.25,000 രൂപ നിക്ഷേപിച്ചാല്‍ മാസം 5 ലക്ഷം രൂപ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവാക്കളെയും പ്രവാസികളെയും ഇയാള്‍ വലയിലാക്കി.

തന്റെ സിനിമാ ബന്ധങ്ങളെ സ്വാതിഖ് തട്ടിപ്പിനായി ഫലപ്രദമായി ഉപയോഗിച്ചു: പ്രമുഖ നടന്‍ ജയസൂര്യയെ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റി. മഞ്ജു വാര്യര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് വലിയ ചടങ്ങുകള്‍ നടത്തി വിശ്വാസ്യത നേടിയെടുത്തു. ഉദ്ഘാടനത്തിനെത്തിയ താരങ്ങള്‍ക്ക് പഴയ ഐഫോണുകള്‍ പുതിയ പെട്ടിയിലാക്കി സമ്മാനമായി നല്‍കി പറ്റിച്ചതായും പരാതിയുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാണ് നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തത്.



മുന്‍കാല തട്ടിപ്പുകള്‍

സേവ് ബോക്‌സ് തട്ടിപ്പിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്വാതിഖ് തട്ടിപ്പ് രംഗത്ത് സജീവമായിരുന്നു. തൃശ്ശൂര്‍, വടക്കാഞ്ചേരി മേഖലകളിലെ സ്റ്റുഡിയോകളില്‍ നിന്ന് വിലകൂടിയ ക്യാമറകളും ലെന്‍സുകളും വാടകയ്ക്ക് എടുക്കുകയായിരുന്നു പതിവ്. ആദ്യം ഒരു ക്യാമറ എടുത്ത് കൃത്യസമയത്ത് തിരികെ നല്‍കി സ്റ്റുഡിയോ ഉടമകളുടെ വിശ്വാസം നേടും. പിന്നീട് സിഡിറ്റിന്റെ (C-DIT) ഷൂട്ടിന് എന്ന വ്യാജേന കൂടുതല്‍ ക്യാമറകള്‍ ആവശ്യപ്പെടും.

ലക്ഷങ്ങള്‍ വിലയുള്ള 4 ക്യാമറകളും ലെന്‍സുകളും വാടകയ്ക്ക് എടുത്ത് മുങ്ങിയ ഇയാള്‍ക്കെതിരെ 2015-ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ വീഡിയോഗ്രാഫര്‍മാരുടെ ക്യാമറകള്‍ വരെ ഇയാള്‍ കൈക്കലാക്കി വിറ്റിരുന്നു. വടക്കാഞ്ചേരിയിലെ സ്റ്റുഡിയോ ഉടമ ഷോബിയില്‍ നിന്ന് ആദ്യം ഒരു ക്യാമറ വാടകയ്ക്ക് കൊണ്ടുപോയി കൃത്യമായി സ്വാതിഖ് തിരികെ ഏല്പിച്ചു. സിഡിറ്റിന്റെ ഷൂട്ടിനായി സ്വാതിഖ് 4 ക്യാമറകളും വിലകൂടിയ ലെന്‍സുകളും ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറകള്‍ വിശ്വാസത്തിന്റെ പേരില്‍ കൊടുത്തു. പക്ഷെ തിരികെ കിട്ടിയില്ല.

വിവാഹ വീഡിയോഗ്രാഫറായ സന്ദീപിന്റെ പക്കലുണ്ടായിരുന്ന ക്യാമറയും വാടകക്ക് കൊണ്ടുപോയ ശേഷം സ്വാതിഖ് റഹീം കൈക്കലാക്കി വിറ്റു. പല വട്ടം തരാമെന്ന് വാക്ക് പറയുകയും പിന്നീട് മുങ്ങുകയുമായിരുന്നു സ്വാതിഖിന്റെ രീതി.

Full View

മോട്ടിവേഷന്‍ ക്ലാസുകളും ആഡംബര ജീവിതവും

ചുരുങ്ങിയ കാലം കൊണ്ട് വലിയ ബിസിനസുകാരനായെന്ന് അവകാശപ്പെട്ട് ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും 'ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്' ക്ലാസുകള്‍ എടുത്തിരുന്നു. കാരവന്‍ ടൂറിസം, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്, റോബോട്ടിക് ട്രേഡിങ് എന്നിങ്ങനെ ആളുകളെ വിഭ്രമിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രൊഫൈല്‍ ബില്‍ഡിംഗ്.




സിനിമാ പെട്ടികള്‍ക്കിടയിലെ ബാല്യം

തൃശ്ശൂരിലെ പഴയകാല സിനിമാ വിതരണക്കാരനായിരുന്ന പൂനം റഹീമിന്റെ മകനായി വളര്‍ന്ന സ്വാതിഖിന് സിനിമ കേവലം വിനോദമായിരുന്നില്ല.വീട്ടില്‍ നിറയെ സിനിമാ പെട്ടികളും പ്രൊജക്ടറുകളും കളിപ്പാട്ടങ്ങളായിരുന്ന കാലമുണ്ട് സ്വാതിഖിന്. സായാഹ്നങ്ങളില്‍ അച്ഛനൊപ്പം സിനിമാ പ്രദര്‍ശനങ്ങള്‍ക്കായി പോയിരുന്ന അനുഭവമുണ്ടായിരുന്നു.

പഴയകാല മലയാള ചിത്രങ്ങളുടെ ഏകദേശം 500 ഓളം പ്രിന്റുകള്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതായി സ്വാതിഖ് തട്ടിപ്പ് പുറത്താകും മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സിനിമയോടുള്ള ഈ താല്പര്യം കരിയറിന് ഊര്‍ജ്ജമായെങ്കിലും പതിയെ വഴി തെറ്റിപോവുകയായിരുന്നു.

നിയമപഠനം (LLB) പൂര്‍ത്തിയാക്കിയെങ്കിലും അച്ഛന്‍ കാണിച്ചുതന്ന സിനിമാ വഴികളിലൂടെ സഞ്ചരിക്കാനാണ് സ്വാതിഖ് തീരുമാനിച്ചത്. പ്രൊജക്ട് ഡിസൈനര്‍ എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രൊജക്ട് ഡിസൈനര്‍ എന്ന നിലയില്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സ്വാതിഖിന് സാധിച്ചു:

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി, ഗൗതമന്റെ രഥം, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയുടെ പ്രോജക്ട് ഡിസൈനറായിരുന്നു. ഈ മൂന്നുചിത്രങ്ങളിലും സ്വാതിഖ് അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിച്ചിത്രമായ ഷൈലോക്കിലും നല്ലൊരു വേഷം ലഭി ച്ചു. ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്നചിത്രത്തിലും അഭിനയിച്ചു. മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്ര മായ ജാക്ക് ആന്‍ഡ് ജില്ലില്‍ വില്ലന്‍ വേഷമായിരുന്നു. സന്തോഷ് ശിവന്‍ തന്റെ വെബ് സീരീസില്‍ നായകനായി തിരഞ്ഞെടുത്തതും സ്വാതിഖിനെയായിരുന്നു. സംവിധായക മോഹവുമായി നടക്കുന്നതിനിടെയാണ് സിനിമാ ബന്ധങ്ങള്‍ മറയാക്കി സേവ് ബോക്‌സ് തട്ടിപ്പിലേക്കും മറ്റും നീങ്ങ്ിയത്.

2023 ജനുവരിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഈ കേസില്‍ ഇ.ഡി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Tags:    

Similar News