മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേട്? ആകെ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷത്തില്‍ അധികം വോട്ടുകള്‍ എണ്ണി? 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ എണ്ണിയ വോട്ടുകള്‍; ദി വയര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേട്?

Update: 2024-11-26 13:06 GMT

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ ഞെട്ടിക്കുന്നതായിരുന്നു. മഹായുതിക്ക് തിരിച്ചടിയുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെ, വലിയ തോതില്‍ സീറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു അഘാഡിക്ക്. ഞെട്ടിക്കുന്ന ഫലം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ചില നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ സംശയിക്കുന്ന പ്രസ്താവനകള്‍ നടത്തി. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയര്‍ പുറത്തുവിട്ട പോളിങ് കണക്കിലെ പൊരുത്തക്കേടുകളാണ് ചര്‍ച്ചയാക്കുന്നത്.

പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലെ അന്തരമാണ് ദി വയര്‍ വിശകലനം ചെയ്യുന്നത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയെന്നാണ് ആരോപണം. മഹാരാഷ്ട്രയില്‍ വോട്ടിങ് ശതമാനം 66.05 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

288 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 64,088,195 പേര്‍ വോട്ട് ചെയ്തപ്പോള്‍ എണ്ണിയത് 64,592,508 വോട്ടുകളാണ്. പോള്‍ ചെയ്തതിനെക്കാല്‍ 5,04,313 വോട്ടുകള്‍ അധികം എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 64,592,508 വോട്ടുകളുടെ കൂടെ പോസ്റ്റല്‍ വോട്ടുകള്‍ കൂടി ചേര്‍ത്താല്‍-5,38,225- സംഖ്യ 64,626,420 ആകും. എന്നാല്‍, മൊത്തം വോട്ടുകളുടെ ആകെ തുക 64,592,508 ആണ്. 33,912 വോട്ടുകള്‍ കുറവ്.

സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകള്‍ പോള്‍ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ 4538 വോട്ട് അധികമായി എണ്ണി. ആഷ്ടി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകള്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമാണ് ഈ പൊരുത്തക്കേടുകളെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടു ചെയ്യാന്‍ എത്തിയവരും ഓരോപോളിങ് സ്‌റ്റേഷനിലും ഫോം 17 സി പ്രകാരം രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിലായിരുന്നു പൊരുത്തക്കേട്. ഓരോ പോളിങ് സ്‌റ്റേഷനിലെയും തരംതിരിച്ചുള്ള വോട്ടിങ് ഡാറ്റ 48 മണിക്കൂറിനുള്ളില്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഇവിഎമ്മില്‍ രേഖപ്പെടുത്തിയവയും എണ്ണിയതോ എണ്ണാത്തതോ ആയവയും തമ്മില്‍ ആറ് ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസമുണ്ടെന്ന് എഡിആര്‍ ആരോപിച്ചിരുന്നു.

ഏകദേശം 5.5 ലക്ഷം വോട്ടുകളുടെ പൊരുത്തക്കേടാണ് എഡിആര്‍ അവകാശപ്പെട്ടത് - അതായത്, 362 മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ രേഖപ്പെടുത്തിയിട്ടും ഇവയില്‍ പലതും എണ്ണപ്പെട്ടിട്ടില്ലെന്നായിരുന്നു ആരോപണം. 176സീറ്റുകളില്‍ ഇവിഎമ്മുകള്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 35,000 വോട്ടുകള്‍ അധികമായി എണ്ണപ്പെട്ടതായും എഡിആര്‍ ആരോപിച്ചു. ന്നാല്‍, പ്രായോഗിക വെല്ലുവിളികള്‍ കണക്കിലെടുത്ത് സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

ദി വയര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Similar News