'എപ്‌സ്റ്റീന്റെ ദ്വീപ് ഇല്ലാതായതോടെയാണ് അദ്ദേഹം ഗ്രീൻലാൻഡ് വേണമെന്ന് പറയുന്നത്'; ഗ്രാമി വേദിയിൽ ട്രെവർ നോവയുടെ അതിരുകടന്ന തമാശ; അയാൾ തികഞ്ഞ പരാജയം, കഴിവുകെട്ടവനും, മണ്ടനുമായ ആ അവതാരകനെതിരെ കേസ് കൊടുക്കും; എപ്‌സ്റ്റീൻ ഐലൻഡിൽ ഞാനിതുവരെ പോയിട്ടില്ല; വീണ്ടും ട്രംപിന്റെ ഭീഷണി
കാലിഫോർണിയ: ഗ്രാമി പുരസ്‌കാര വേദിയിൽ ട്രംപിനെയും ബിൽ ക്ലിന്റനെയും പരിഹസിച്ച അവതാരകൻ ട്രെവർ നോവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീന്റെ ദ്വീപിൽ ട്രംപും ക്ലിന്റനും സമയം ചെലവഴിച്ചിരുന്നു എന്ന തരത്തിൽ നോവ നടത്തിയ തമാശയാണ് ട്രംപിനെ ചൊടിപ്പിച്ചത്. "എപ്‌സ്റ്റീന്റെ ദ്വീപ് ഇല്ലാതായതോടെ, ബിൽ ക്ലിന്റനോടൊപ്പം സമയം ചെലവഴിക്കാൻ ട്രംപിന് പുതിയൊരെണ്ണം വേണം, അതുകൊണ്ടാണ് അദ്ദേഹം ഗ്രീൻലാൻഡ് വേണമെന്ന് പറയുന്നത്" എന്നായിരുന്നു നോവയുടെ പരിഹാസം.
മുൻ ഡെയ്‌ലി ഷോ അവതാരകൻ കൂടിയായ ട്രെവർ നോവ ഇത് തന്റെ അവസാന വർഷമാണെന്ന് ആവർത്തിച്ചു പറഞ്ഞു, "നിങ്ങൾ ഇതിനെതിരെ എന്ത് ചെയ്യാൻ പോകുന്നു?" എന്ന് ചോദിക്കുകയും ചെയ്തു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തോളം പേജുകൾ നീതി വകുപ്പ് പുറത്തുവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ തമാശ വരുന്നത്. ഈ രേഖകളിൽ ട്രംപിന്റെയും ക്ലിന്റന്റെയും പേരുകൾ ഉണ്ടെങ്കിലും, ഇരുവരും തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് നിഷേധിക്കുകയും എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഇവർക്കെതിരെ ആരോപണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടുണ്ട്.
തനിക്ക് രാഷ്ട്രീയമായി ദോഷം വരുത്താൻ എപ്‌സ്റ്റീൻ എസ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് കാണിച്ച് ട്രംപ് നേരത്തെ തന്നെ കേസ് ഭീഷണി മുഴക്കിയിരുന്നു. ചടങ്ങിൽ രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചുവെങ്കിലും ഹാസ്യനടൻ നോവ തന്റെ ഏറ്റവും മൂർച്ചയുള്ള തമാശ വേദിയിൽ ഇല്ലാതിരുന്ന ഒരാൾക്കായി കരുതിവെച്ചിരുന്നു. "നിക്കി മിനാജ് ഇവിടെയില്ല," ക്രിപ്റ്റോ ഡോട്ട് കോം അരീനയിലെ കാണികളുടെ ആരവങ്ങൾക്കിടയിൽ നോവ പറഞ്ഞു.
"അവർ വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപിനൊപ്പം വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്." തുടർന്ന് നോവ ട്രംപിനെ അനുകരിച്ചു. ഈയിടെയായി നിക്കി മിനാജ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ചില നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. 1999-ന് ശേഷം ആദ്യമായാണ് ലോറിൻ ഹിൽ ഈ ഷോയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നോവ തന്റെ രാഷ്ട്രീയ പരിഹാസങ്ങൾ ഒരു തമാശയിൽ ഒതുക്കി.
ഇതിന് പിന്നാലെയാണ് കടുത്ത ഭാഷയിൽ ട്രംപ് പ്രതികരിച്ചത്. "ഗ്രാമി അവാർഡുകൾ ഏറ്റവും മോശമാണ്, സത്യത്തിൽ കാണാൻ പോലും കൊള്ളാത്തവയാണ്! അവതാരകനായ ട്രെവർ നോവ, അയാൾ ആരായാലും ശരി, ലോ റേറ്റിംഗ് അക്കാദമി അവാർഡിലെ ജിമ്മി കിമ്മലിനെപ്പോലെ തന്നെ മോശമാണ്," ട്രംപ് എഴുതി. എപ്‌സ്റ്റീൻ ഐലൻഡുമായി തന്നെ ബന്ധപ്പെടുത്തിയ നോവയുടെ പരാമർശങ്ങൾ തള്ളിക്കളഞ്ഞ യുഎസ് പ്രസിഡന്റ്, ആ പ്രസ്താവന തെറ്റാണെന്ന് ഉറപ്പിച്ചു പറഞ്ഞു. "തെറ്റ്!!! എനിക്ക് ബില്ലിന് (ബിൽ ക്ലിന്റൺ) വേണ്ടി സംസാരിക്കാൻ കഴിയില്ല, പക്ഷേ ഞാൻ ഒരിക്കലും എപ്‌സ്റ്റീൻ ഐലൻഡിൽ പോയിട്ടില്ല, അതിന്റെ അടുത്തൊന്നും പോയിട്ടില്ല. ഇന്ന് രാത്രിയിലെ ഈ വ്യാജവും അപകീർത്തികരവുമായ പ്രസ്താവന വരെ, വ്യാജ വാർത്താ മാധ്യമങ്ങൾ പോലും ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ആരോപിച്ചിട്ടില്ല," ട്രംപ് കൂട്ടിച്ചേർത്തു.
ആക്രമണം കടുപ്പിച്ച ട്രംപ്, നോവയെ "തികഞ്ഞ പരാജയം"എന്ന് വിളിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. "പാവപ്പെട്ടവനും, പരിതാപകരമായ അവസ്ഥയിലുള്ളവനും, കഴിവുകെട്ടവനും, മണ്ടനുമായ ആ എം.സിക്കെതിരെ വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കാൻ ഞാൻ വക്കീലന്മാരെ അയക്കാൻ ഒരുങ്ങുകയാണ്. ലിറ്റിൽ ജോർജ്ജ് സ്ലോപാഡോപോലോസിനോടും മറ്റുള്ളവരോടും അത് എങ്ങനെ അവസാനിച്ചു എന്ന് ചോദിച്ചു നോക്കൂ. സിബിഎസിനോടും ചോദിക്കൂ! തയ്യാറെടുത്തോളൂ നോവ, നിന്നെക്കൊണ്ട് ഞാൻ കുറച്ച് വിനോദങ്ങൾ നടത്താൻ പോകുകയാണ്!" ട്രംപ് കൂട്ടിച്ചേർത്തു.
ചടങ്ങിലുടനീളം സെലിബ്രിറ്റികൾ ഇടതുപക്ഷ നിലപാടുകളും ട്രംപ് വിരുദ്ധ അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. "മോഷ്ടിക്കപ്പെട്ട ഭൂമിയിൽ ഒരു മനുഷ്യനും അനധികൃതമല്ല" എന്നും ബില്ലി ഐലിഷ് പറഞ്ഞു. 'വിൻഡ്‌ഫ്ലവർ' (WILDFLOWER) എന്ന ഗാനത്തിന് സോംഗ് ഓഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ 24 കാരിയായ ബില്ലി ഐലിഷ് വികാരാധീനയായിരുന്നു. അയൽരാജ്യങ്ങളിൽ നിന്നുള്ള ഏജന്റുമാരുടെ നടപടികളിൽ പ്രതിഷേധിച്ച് പല കലാകാരന്മാരും 'ICE out' പിൻ ധരിച്ചിരുന്നു. ബാഡ് ബണ്ണി തന്റെ അവാർഡ് സ്വീകരണ വേളയിൽ സമാനമായ രാഷ്ട്രീയ പ്രസ്താവന നടത്തി. കുടിയേറ്റക്കാരും പ്യൂർട്ടോ റിക്കോക്കാരും മൃഗങ്ങളോ അന്യഗ്രഹ ജീവികളോ അല്ലെന്നും അവർ അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകൾ വെള്ളിയാഴ്ച യുഎസ് നീതി വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ തർക്കങ്ങൾ ഉടലെടുത്തത്. ഫെഡറൽ സെക്‌സ് ട്രാഫിക്കിംഗ് കുറ്റം ചുമത്തപ്പെട്ട് ഒരു മാസത്തിന് ശേഷം, 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. എപ്‌സ്റ്റീൻ ഐലൻഡ് എന്നത് യുഎസ് വിർജിൻ ഐലൻഡ്‌സിലെ 'ലിറ്റിൽ സെന്റ് ജെയിംസ്' എന്ന സ്വകാര്യ ദ്വീപിനെയാണ് സൂചിപ്പിക്കുന്നത്. മരണം വരെ ഈ ദ്വീപ് എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്നു.
