പോറ്റിയ്ക്ക് സ്വര്‍ണ്ണ പാളി കൈമാറിയ മഹസറില്‍ ചെമ്പ്; ആ മഹസറില്‍ തന്ത്രിയും ഒപ്പിട്ടു; ആ പാളിയിലുണ്ടായിരുന്ന സ്വര്‍ണ്ണം വേര്‍തിരിച്ചത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍! ശബരിമലയില്‍ സ്വര്‍ണ്ണ കൊള്ള നടന്നു; കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ നിര്‍ദ്ദേശം; കാണാതായത് 474.9 ഗ്രാം; ഉണ്ണികൃഷ്ണന്‍ പോറ്റി അഴിയെണ്ണും

Update: 2025-10-10 06:16 GMT

കൊച്ചി: ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായതില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച്. അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറും. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ എസ്‌ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ് ട്രെയിനിങ് കോളജ് അസി. ഡയറക്ടര്‍ എസ്.ശശിധരന്‍ ഹാജരായി. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പാലിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലാകും.

ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. നിഷ്പക്ഷ അന്വേഷണം വേണം, പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതി നടപടി. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ആണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. പോറ്റിക്ക് കൈമാറിയ സമയത്ത് മഹസര്‍ തയ്യാറാക്കി അതില്‍ തന്ത്രിയും ഒപ്പിട്ടുന്നുണ്ട്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ് സ്വര്‍ണം എന്നല്ല. 14 ശില്പനങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തി. അതില്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി. 474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നു. സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്നു ഈ സ്വര്‍ണം പോറ്റിക്ക് കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന് ഇത് വരെ കൈമാറിയിട്ടില്ല. നിഷ്പക്ഷ അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണമാണ് കാണാതായിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ബോര്‍ഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്‌ഐടി കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്. ശബരിമല ദേവസ്വം കമ്മിഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്പുപാളികള്‍ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താന്‍ കാരണമായത്. പിന്നാലെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 2019ലും സ്വര്‍ണം പൂശാന്‍ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരം വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്നു കൊണ്ടുപോയ തൂക്കത്തേക്കാള്‍ നാലര കിലോയോളം കുറവാണ് ചെന്നൈയില്‍ എത്തിയത് എന്നു കണ്ടെത്തിയിരുന്നു. മാത്രമല്ല, 39 ദിവസങ്ങള്‍ക്കു ശേഷമാണ് സന്നിധാനത്തു നിന്ന് ഇവ ചെന്നൈയിലെത്തിച്ചതെന്നും കണ്ടെത്തി.

ഈ സമയത്താണ് താന്‍ സ്വര്‍ണം പൂശി തിരിച്ചേല്‍പ്പിച്ച ദ്വാരപാലക ശില്‍പ്പങ്ങളുടെ പീഠം കാണാനില്ല എന്ന അവകാശവാദവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തു വന്നത്. ഇതോടെ ശബരിമലയുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം വിജിലന്‍സ് ഓഫിസര്‍ അരിച്ചുപെറുക്കി. എന്നാല്‍ പീഠം കണ്ടെത്താനായില്ല. ഒടുവില്‍ ഇത് കണ്ടെത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ്. ഇതിനിടെ, മറ്റൊരു ദ്വാരപാലക ശില്‍പ്പം കൂടി സ്‌ട്രോങ് റൂമില്‍ ഉണ്ടെന്നും ഇത് നല്‍കിയാല്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാമെന്നും അങ്ങനെയെങ്കില്‍ ചെലവു കുറയ്ക്കാമെന്നും കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി എഴുതിയ കത്തും കോടതി സംശയത്തോടെയാണ് കണ്ടത്. ഇക്കാര്യവും അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അത്തരമൊരു ദ്വാരപാലക ശില്‍പ്പം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഓഫീസറുടെ കണ്ടെത്തല്‍.

2019ല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ നടപടിക്രമങ്ങള്‍ വീണ്ടും പരിശോധിച്ച കോടതി കൂടുതല്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 199899 വര്‍ഷത്തില്‍ വിജയ് മല്യയുടെ കമ്പനി വാതില്‍ കട്ടിള സ്വര്‍ണത്തില്‍ പൊതിഞ്ഞപ്പോള്‍ ദ്വാരപാലക ശില്‍പ്പങ്ങളും അത്തരത്തില്‍ പൊതിഞ്ഞിരുന്നു എന്ന വിവരം പുറത്തു വന്നു. എന്നാല്‍ 2019ല്‍ ചെന്നൈയിലേക്ക് സ്വര്‍ണപ്പാളികള്‍ അഴിച്ചു കൊണ്ടുപോയപ്പോള്‍ ഇത് ചെമ്പുപാളികള്‍ എന്നാണ് രേഖപ്പെടുത്തിയത് എന്നും കണ്ടെത്തി. ഇതോടെ വലിയ തോതിലുള്ള ക്രമക്കേടു നടന്നിട്ടുണ്ട് എന്നും ഞെട്ടിക്കുന്നതാണ് ഇതെന്നും ചൂണ്ടിക്കാട്ടി കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളെ തീരുമാനിച്ചതും കോടതി തന്നെയാണ്.

Similar News