പത്താംക്ലാസ് പഠനത്തിന് ശേഷം നാടുവിട്ടു; ബംഗ്ലൂരുവില്‍ ജോലി കിട്ടിയതോടെ അതിസമ്പന്നനായി; ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായായി എത്തിയ 'ബംഗ്ലൂരു ഉണ്ണി'! സ്‌പോണസര്‍ഷിപ്പിലൂടെ 25 കോടിയുടെ സാമ്പത്തിക ഇടപാടും; പുളിമാത്തെ ആ ഉണ്ണി വീണ്ടും മുങ്ങി! ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് അനിവാര്യത
തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ഒളിവില്‍ പോയി? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് മുമ്പ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനായിരുന്നു ആലോചന. ഇതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അപ്രത്യക്ഷനായത്. സ്വര്‍ണം പൂശി നല്‍കിയ ഗോവര്‍ദ്ധനില്‍ നിന്ന് വിവരങ്ങള്‍ തേടും. ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. പോറ്റിയുടെ സുഹൃത്ത് ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. പോറ്റി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത് നാഗേഷിന്റെ അടുത്തേക്കാണ്. ഒരു മാസത്തോളം നാഗേഷ് പാളികള്‍ കൈവശം വച്ചു. ഹൈദരാബാദില്‍ സ്വര്‍ണ്ണപ്പണി ചെയ്യുന്ന കടയുടെ ഉടമയാണ് നാഗേഷ്. നാഗേഷിന്റെ സഹായത്തോടെ പോറ്റി സ്വര്‍ണം തട്ടിയോയെന്നും അന്വേഷിക്കുന്നുണ്ട്. ശബരിമല കേസ് അന്വേഷണത്തില്‍ ഉ്ണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് അനിവാര്യതയാണ് ഇപ്പോള്‍.
തിരുവനന്തപുരം പുളിമാത്ത് ആണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്വദേശം. പത്താംക്ലാസ് പഠനത്തിന് ശേഷം നാടുവിട്ടു. കുറച്ചുകാലം കഴിഞ്ഞ് താന്‍ ബെംഗളൂരുവില്‍ ഉണ്ടെന്നും ജോലി കിട്ടിയെന്നും അമ്മയെ അറിയിച്ചു. പിന്നീടു സമ്പന്നനായി. അതിന് ശേഷം വളര്‍ന്ന് പന്തലിച്ചു. ഈ വ്യക്തിയാണ് ഇപ്പോള്‍ വീണ്ടും ഒളിവില്‍ പോകുന്നത്. എന്നാല്‍ ശബരിമല കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റി എവിടെ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ അറസ്റ്റിനും സാധ്യതയുണ്ട്. 25 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ കേരളത്തില്‍ ചെയ്തിട്ടുണ്ടെന്നാണഅ നിഗമനം. എങ്ങനെയാണ് ഈ പണം കിട്ടിയതെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. 'ബാംഗ്ലൂര്‍ ഉണ്ണി' എന്ന പേരിലാണ് ഇയാള്‍ ശബരിമലയില്‍ അറിയപ്പെട്ടിരുന്നതെന്നാണ് പറയുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് നാടു വിട്ട പോറ്റി പിന്നീട് സമ്പന്നനായാണ് പോറ്റി നാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. പുളിമാത്ത്, കാരേറ്റ് പ്രദേശങ്ങളിലായി വീടു വച്ചുനല്‍കാനും വീട് അറ്റകുറ്റപ്പണിക്കുമായി ഇയാള്‍ പലര്‍ക്കും പണം നല്‍കിയിട്ടുണ്ട്. അമ്മയുടെ പേരില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ ചില ക്ഷേത്രങ്ങളിലും പുനരുദ്ധാരണം നടത്തി. ബംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്ത പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തുന്നത്. ആലപ്പുഴ സ്വദേശിയായ കീഴ്ശാന്തിയുടെ സഹായി ആയി. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡുമായി ബന്ധമില്ല. ഇത്തരത്തി്ല്‍ സഹായികളെ നിയമിക്കാന്‍ കീഴ് ശാന്തിമാര്‍ക്ക് അവകാശമുണ്ട്. മേല്‍ശാന്തിയ്ക്കും ഇങ്ങനെ ചെയ്യാം. ഇത്തരത്തില്‍ നിരവധി പേര്‍ ഇപ്പോഴും ശബരിമലയിലുണ്ട്.
കീഴ്ശാന്തിയായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി 4 വര്‍ഷം സന്നിധാനത്ത് തുടര്‍ന്നു. പിന്നീട് കര്‍ണാടകയില്‍ നിന്നുള്ള ഭക്തരെ ബന്ധിപ്പിക്കുന്ന കണ്ണിയായി പോറ്റി മാറി. കര്‍ണാടകയില്‍ നിന്നുള്ള ധനികരായ ചില ഭക്തരോട് വ്യക്തിബന്ധം സ്ഥാപിച്ചായിരുന്നു വളര്‍ച്ച. ഇതില്‍ ക്രമിനലുകളും ഉണ്ടായിരുന്നു. 2016 മുതല്‍ ശബരിമലയില്‍ സംഭാവനകള്‍ നല്‍കി തുടങ്ങി. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നതും രേഖകളില്‍ പേരു വരുന്നതും പോറ്റിയുടെതായിരുന്നു. എന്നാല്‍ പണം മുടക്കുന്നത് മറ്റുള്ളവരാകും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹത വര്‍ധിക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി എന്ന നിലയില്‍ ശബരിമലയില്‍ ഒന്നിലധികം തവണ സ്വര്‍ണം പൂശല്‍ സ്പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്ഥിരമായ വരുമാന സ്രോതസ്സില്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ശബരിമലയില്‍ പോറ്റി സ്പോണ്‍സര്‍ ചെയ്ത പ്രവൃത്തികളില്‍ വിശദമായ അന്വേഷണം വേണം എന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
വര്‍ഷങ്ങളായി ക്ഷേത്രത്തിന് വലിയ സംഭാവനകള്‍ നല്‍കി വന്നിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആദായ നികുതി രേഖകള്‍ പ്രകാരമാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി പോറ്റിയുടെ 2017-2025 കാലയളവിലെ ആദായനികുതി റിട്ടേണുകള്‍ വിജിലന്‍സ് പരിശോധിച്ചത്. ഇത് പ്രകാരം ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരമായ വരുമാനമൊന്നും വെളിപ്പെടുത്തിയിട്ടില്ല. 2025-26 ല്‍, കാമാക്ഷി എന്റര്‍പ്രൈസസില്‍ നിന്ന് 'സാമൂഹിക ന കമ്മ്യൂണിറ്റി സേവനം' എന്ന വിഭാഗത്തില്‍ 10.85 ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കുന്നുണ്ട്.
പോറ്റി സ്പോണ്‍സര്‍ ചെയ്തെന്ന് പറയപ്പെടുന്ന ശ്രീകോവില്‍ വാതിലിന്റെ അറ്റകുറ്റപ്പണിയും സ്വര്‍ണ്ണം പൂശലിനും പണം ചെലവഴിച്ചത് ബല്ലാരി ആസ്ഥാനമായുള്ള ബിസിനസുകാരനായ ഗോവര്‍ദ്ധനന്‍ ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പോറ്റിയുടെ പേരില്‍ അറിയപ്പെടുന്ന ശ്രീകോവില്‍ വാതില്‍ ചട്ടക്കൂടിന്റെ സ്വര്‍ണ്ണം പൂശലും ബെംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു ബിസിനസുകാരനായ അജികുമാറാണ് സ്പോണ്‍സര്‍ ചെയ്തത് എന്നും വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് പോറ്റി സംഭവനകള്‍ നല്‍കിയിരിക്കുന്നത്. ശബരിമലയിലെ പതിനെട്ടാം പടിയുടെ ഇരുവശത്തുമുള്ള വിവിധ പൂജകള്‍, അലങ്കാരപ്പണികള്‍ എന്നിവയ്ക്കും പോറ്റിയുടെ പേരില്‍ പണം നല്‍കിയിട്ടുണ്ട്. 2025 ജനുവരിയിലാണ് ഈ സംഭാവനകള്‍ നല്‍കിയിരിക്കുന്നത്. അന്നദാന മണ്ഡപത്തിലെ ലിഫ്റ്റിനായി 10 ലക്ഷം രൂപ, അന്നദാനത്തിന് 6 ലക്ഷം രൂപ എന്നിവയും പോറ്റി ക്ഷേത്രത്തിന് നല്‍കിയിട്ടുണ്ട്. 2017 ല്‍ 8.2 ലക്ഷം രൂപയും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറികളും ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.