മയ്യിച്ചയിലെത്തിയപ്പോള്‍ റോഡിലേക്ക് മണ്ണിടിയുന്നത് കണ്ടിരുന്നു; വേഗത്തില്‍ പോകാമെന്ന് കരുതി കാര്‍ മുന്നോട്ടെടുത്തു; പക്ഷേ മിന്നല്‍ വേഗത്തില്‍ കുന്നിടിഞ്ഞ് കാറിനെ മൂടി; കാര്‍ ഹൈവേയുടെ വലതു ഭാഗത്തേക്ക് നീങ്ങിയെങ്കിലും മറിഞ്ഞില്ല; തുടര്‍ന്ന് കാര്‍ ഓഫ് ചെയ്തു; കാറിന്റെ ചില്ല് മണ്ണ് വീണ് പൊട്ടാതിരുന്നത് രക്ഷയായി; സിന്ധു ടീച്ചറുടേത് അത്ഭുത രക്ഷപ്പെടല്‍; ഭാഗ്യത്തിന് 'ഷിരൂര്‍' ഒഴിവായി; വീരമലക്കുന്നില്‍ അനാസ്ഥ മാത്രം
കാസര്‍കോട്: 'മയ്യിച്ചയിലെത്തിയപ്പോള്‍ റോഡിലേക്ക് മണ്ണിടിയുന്നത് കണ്ടിരുന്നു. വേഗത്തില്‍ പോകാമെന്ന് കരുതി കാര്‍ മുന്നോട്ടെടുത്തു. പക്ഷേ മിന്നല്‍ വേഗത്തില്‍ കുന്നിടിഞ്ഞ് കാറിനെ മൂടി. കാര്‍ ഹൈവേയുടെ വലതുഭാഗത്തേക്ക് നീങ്ങിയെങ്കിലും മറിഞ്ഞില്ല. തുടര്‍ന്ന് കാര്‍ ഓഫ് ചെയ്തു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്.' -അങ്ങനെ സിന്ധു ടീച്ചര്‍ രക്ഷപ്പെട്ടു. തീര്‍ത്തും പുനര്‍ജന്മം. ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച അര്‍ജുന്റെ അവസ്ഥ മുഖാമുഖം കാണുകയായിരുന്നു ടീച്ചര്‍.
ഉഗ്രശബ്ദത്തില്‍ റോഡിലേക്കിടിഞ്ഞ മലയില്‍ കുടുങ്ങിയ കാറില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് ഇപ്പോഴുമറിയില്ല സിന്ധു ടീച്ചറിന്. കാസര്‍കോട്, ചെറുവത്തൂര്‍ മയ്യിച്ചയില്‍ നൂറു മീറ്റര്‍ ഉയരത്തിലുള്ള വീരമലക്കുന്നാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ 10.10നായിരുന്നു സംഭവം. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന കെ. സിന്ധു പടന്നക്കാട് എസ്.എന്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപികയാണ്. രാവിലെ കൊടക്കാട് സ്‌കൂള്‍ സന്ദര്‍ശിക്കാനാണ് കെ.എല്‍ 60 എസ് 6447 നമ്പര്‍ മാരുതി എസ്പ്രെസോ കാറില്‍ ടീച്ചര്‍ പടന്നക്കാട് നിന്ന് പുറപ്പെട്ടത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം നടുക്കം മാറാതെ സമീപത്തെ ഹോട്ടലില്‍ ഏറെ നേരം സിന്ധു ടീച്ചര്‍ തളര്‍ന്നിരുന്നു. കാറിന്റെ ചില്ല് മണ്ണ് വീണ് പൊട്ടാതിരുന്നത് രക്ഷയായി. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ ടീച്ചറെ ആശ്വസിപ്പിച്ചു. കാറിന് കേടുപാടുണ്ടായി. പിന്നാലെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ശ്വാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ഇനിയും കുന്നിടിയും.
അപകടത്തിന് തൊട്ടുമുമ്പ് കാറും ലോറിയും സ്‌കൂട്ടറുകളുമടക്കം നിരവധി വാഹനങ്ങള്‍ ഇതുവഴി പോയിരുന്നു. ഇടിഞ്ഞിറങ്ങിയ കുന്നിനൊപ്പം വെള്ളവും കുത്തിയൊലിക്കാത്തതാണ് അപകട വ്യാപ്തി കുറച്ചത്. സമീപത്തെ വീടുകളിലേക്കും മണ്ണ് ഒലിച്ചിറങ്ങിയില്ല. കൂടുതല്‍ വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ മണ്ണുമാറ്റി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആ അപകടത്തിലും പ്രതിസ്ഥാനത്ത് ദേശീയപാത അതോറിറ്റിയാണ്. കഴിഞ്ഞമാസം മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി സുരക്ഷിതമല്ലെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അതോറിറ്റി തിരിഞ്ഞുനോക്കിയില്ല.
മലയില്‍ വിള്ളലുണ്ടെന്ന് ഡ്രോണ്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കളക്ടറും പറയുന്നു. ജൂണ്‍ 19നാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ മലയില്‍ ഡ്രോണ്‍ പരിശോധന നടത്തിയത്. വെള്ളം ഇറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും വലിയ അപകടം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കലക്ടര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുകയും ചെയ്തു.
ആദ്യ അലൈന്‍മെന്റ് മലയില്‍ നിന്നും മാറി, തൂണിലൂടെ പാത നിര്‍മ്മിക്കാന്‍ ആയിരുന്നു ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. എന്നാല്‍ പല ഇടപെടലുകള്‍ക്കും ഒടുവില്‍ പാരിസ്ഥിതിക പ്രത്യേകതകളുള്ള മല കീറി മുറിച്ച് റോഡ് നിര്‍മ്മാണത്തിലേക്ക് എത്തി. നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന് മണ്ണ് കിട്ടാനുള്ള എളുപ്പവഴിയായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മല ഇടിച്ചതിന് മേഘ കണ്‍സ്ട്രക്ഷന് ജിയോളജി വകുപ്പ് ഒന്നരക്കോടിക്ക് മുകളില്‍ പിഴ ഇട്ടിരുന്നു.
നൂറു മീറ്റര്‍ ഉയരത്തിലുള്ള വീരമല കുന്നാണ് മൂന്നാം തവണയും ഇടിഞ്ഞത്. ഇത്തവണത്തെ മണ്ണിടിച്ചല്‍ ഇതുവരെ ഉണ്ടായതിലും ഭയാനകമായിരുന്നു. കുന്നിന്റെ ഏറ്റവും ഉയരത്തില്‍ നിന്നാണ് ഇടിഞ്ഞുവന്നത്. കുന്നിന്റെ മുകളിലുള്ള സമുദായ ശ്മശാനത്തിന് തെക്കുഭാഗത്തെ 75 മീറ്റര്‍ നീളത്തില്‍ കുന്നുകള്‍ ഒടിഞ്ഞിരുന്നു. കൂറ്റന്‍ കരിങ്കല്‍ പാറയും ചെങ്കല്ലും മണ്ണും ഒന്നാകെ കുത്തനെ ഒഴുകി. കരാര്‍ കമ്പനിക്കാര്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സുരക്ഷാ ഭിത്തിയും ഡിവൈഡറുകളും തകര്‍ത്ത് പടിഞ്ഞാറുഭാഗത്തേക്കുള്ള റോഡ് ഭാഗവും കടന്ന് പതിക്കുകയായിരുന്നു. ആറു വരി പാതയും കവിഞ്ഞു രതീഷ് ഹോട്ടലിന് സമീപം വരെ കല്ലും മണ്ണും പതിച്ചു.തിരക്കേറിയ ഹൈവേയില്‍ അപകട സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
ഷിരൂരില്‍ ഉണ്ടായതിന് സമാനമായ മണ്ണിടിച്ചല്‍ ആണ് വീരമലക്കുന്നില്‍ ഇന്നലെ രാവിലെ സംഭവിച്ചത്. മണ്ണും കല്ലും ഇടിഞ്ഞുവരുന്ന ദൃശ്യം ഭയാനകമായിരുന്നു. ആളപായം ഇല്ലാതെ പോയത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.