ഐ ഫോണുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന 'ഫേസ് ടൈം' എന്ന ഇന്‍ബില്‍റ്റ് മൊബൈല്‍ ആപ് തെളിവ്; പലതവണ ഓഡിയോ കോള്‍ ചെയ്തതിന്റെ തെളിവുകള്‍ കാട്ടി ചോദ്യം ചെയ്യല്‍; ഇഡിയെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ്; കേസൊതുക്കാന്‍ കൈക്കൂലി കേസില്‍ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

Update: 2025-07-23 03:46 GMT

കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല.

ഇന്നലെ രാവിലെ 10.45ഓടെ എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്തു ഹാജരായ ശേഖര്‍കുമാറിനെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറിലധികം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇന്നു വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. അഭിഭാഷകനൊപ്പമാണു ശേഖര്‍കുമാര്‍ ചോദ്യം ചെയ്യലിനെത്തിയത്. നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് വിജിലന്‍സ്് പറയുന്നത്.

രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിക്കാനിരിക്കേയാണ് അദ്ദേഹം വിജിലന്‍സിനു മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു വിജിലന്‍സ്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുകേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ശേഖര്‍ കുമാറിന്റെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയും തുടരുമെന്നാണ് സൂചന. അറസ്റ്റുണ്ടായേക്കും. അതിന് ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കും.

എറണാകുളം കതൃക്കടവിലെ വിജിലന്‍സ് മധ്യമേഖല ആസ്ഥാനത്ത് ചൊവ്വ രാവിലെ 10.45നാണ് ശേഖര്‍കുമാര്‍ അഭിഭാഷകനൊപ്പം ഹാജരായത്. രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ടുവരെ നീണ്ടു. വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകിട്ടോടെ വിട്ടയച്ചു. ഇഡി ഏജന്റും രണ്ടാംപ്രതിയുമായ തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസുമായി ഐ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ശേഖര്‍ കുമാറിനുമുന്നില്‍ വിജിലന്‍സ് നിരത്തിയെന്നാണ് സൂചന.

ഐ ഫോണുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന 'ഫേസ് ടൈം' എന്ന ഇന്‍ബില്‍റ്റ് മൊബൈല്‍ ആപ് വഴിയാണ് ഇരുവരും ബന്ധപ്പെട്ടത് എന്നാണ് വിജിലന്‍സ് പറയുന്നത്. ഇവര്‍ തമ്മില്‍ പലതവണ ഓഡിയോ കോള്‍ ചെയ്തതിന്റെ തെളിവുകള്‍ വിജിലന്‍സ് ഹാജരാക്കി. വില്‍സണ്‍ വര്‍ഗീസിന്റെ ഐ ഫോണില്‍നിന്നാണ് തെളിവുകള്‍ കിട്ടിയത്.

Tags:    

Similar News