ഒരു കപ്പല്‍ വന്നു പോകുമ്പോള്‍ തുറമുഖത്തിന് കിട്ടുക ഒരു കോടിയില്‍ അധികം; 2028ല്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ 219 കോടിയുടെ പിഴ തിരിച്ചു പിടിക്കും; സാധ്യത തിരിച്ചറിഞ്ഞ് 795 കോടിയുടെ കേന്ദ്രത്തിന്റെ പലിശ രഹിത വായ്പ; അദാനി 10000 കോടി നിക്ഷേപിക്കും; കേരളത്തിന് വിഴിഞ്ഞം പൊന്‍മുട്ടയിടുന്ന താറാവാകും!

Update: 2024-11-28 03:35 GMT

തിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ കേന്ദ്രവുമായി തര്‍ക്കം തുടരുന്നതിനിടെ വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 795 കോടിയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന കാപ്പക്‌സ് വായ്പ (സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ സ്റ്റേറ്റ് ഇന്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് സ്‌കീം) പ്രകാരമാണ് അനുവദിച്ചത്. കൊച്ചി മെട്രോ പദ്ധതിക്കുള്‍പ്പെടെ 1059 കോടിയാണ് 2024-25 വര്‍ഷത്തേക്ക് കാപ്പക്‌സ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ചത്. 50 വര്‍ഷത്തേക്ക് പലിശരഹിതമായാണ് വായ്പ അനുവദിച്ചത്. ഈ സാമ്പത്തികവര്‍ഷം തന്നെ വിനിയോഗിക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഈ തുകയെ ഉള്‍പ്പെടുത്തില്ല. അതുകൊണ്ട് തന്നെ അങ്ങനേയും ആശ്വാസമാണ് കേരളത്തിന്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കേരളത്തിന്റെ വിവിധരംഗങ്ങളിലെ സാധ്യതകളും വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രധാനനേട്ടം നികുതി വരുമാനം കൂടുമെന്നതാണ്. ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്. പുറമെ ചരക്കുകള്‍ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ഒരു കപ്പല്‍ വന്നു പോകുമ്പോള്‍ ഒരു കോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും. ഇതിന്റെ 18 ശതമാനം ജിഎസ്ടിയാണ്. അതില്‍ പകുതി കേരളത്തിനുള്ളതാണ്. അങ്ങനെ നികുതി വരുമാനം കൂടും.

രാജ്യത്തേക്കുള്ള കണ്ടെയ്നറുകളില്‍ 70-80 ശതമാനംവരെ കൊളംബോ തുറമുഖത്താണ് ഇറക്കുന്നത്. അതില്‍ 20-30 ശതമാനംവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരാന്‍ കഴിയും. ഒന്നാംഘട്ടത്തില്‍ തുറമുഖത്തിന് 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. 15 ലക്ഷം കണ്ടെയ്നര്‍ കൊണ്ടുവരാന്‍ കഴിയും. അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്ററി കണ്‍സെഷന്‍ കരാറില്‍ ഏര്‍പ്പെടും. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് സപ്ലിമെന്ററി കരാര്‍ ആവശ്യമായി വന്നത്. നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയശേഷമാണ് സപ്ലിമെന്ററി കരാര്‍ കേരളം അംഗീകരിച്ചത്. കരാര്‍പ്രകാരം 2045-ല്‍ പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവൃത്തികള്‍ 2028ഓടെ പൂര്‍ത്തീകരിക്കും. ഇത് സാധ്യമായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

നേരത്തെയുള്ള കരാറില്‍നിന്നു വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും 2028ഓടെ പൂര്‍ത്തിയാകും. നാലുവര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി പോര്‍ട്ട് നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞശേഷി 30 ലക്ഷം ടി.ഇ.യു. ആകും. കോവിഡ്, ഓഖി, പ്രളയം തുടങ്ങിയ പ്രതിസന്ധികളുണ്ടായതു കണക്കിലെടുത്ത് പദ്ധതി കാലയളവ് അഞ്ചുവര്‍ഷം നീട്ടി നല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രൂപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഈടാക്കും. ബാക്കിത്തുക 2028വരെ തടഞ്ഞുവെക്കും. 2028-ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ കരാര്‍ കാലാവധി അഞ്ചുവര്‍ഷം നീട്ടിയത് റദ്ദുചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ തിരിച്ചു പിടിക്കും.

കോവിഡും, ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് 5 വര്‍ഷം നീട്ടി നല്‍കും. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രുപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കരാര്‍ കാലാവധി അഞ്ച് വര്‍ഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുകയും സര്‍ക്കാര്‍ ഈടാക്കും. ഈവര്‍ഷം അവസാനത്തോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ പതിനായിരം കോടി രൂപയാണ് നിക്ഷേപമായി എത്തുക. ഇതിനു പുറമേ സര്‍ക്കാര്‍ പശ്ചാത്തല വികസനത്തിനും മറ്റുമായി 8000 കോടി രൂപയുടെ പദ്ധതിയും കൊണ്ടു വരും.ടൂറിസം രംഗത്തും കുതിച്ചുച്ചാട്ടമുണ്ടാകും. ഹോട്ടല്‍ വ്യവസായത്തിനും അത് ഗുണംചെയ്യും. കപ്പലിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കേരളത്തില്‍നിന്ന് നല്‍കും. അതിലൂടെയും വരുമാനം ഉണ്ടാകും.

കേന്ദ്ര ആസൂത്രണ കമീഷന്‍ തയ്യാറാക്കിയ സംസ്ഥാന തുറമുഖങ്ങള്‍ക്കായുള്ള മാതൃകാ കണ്‍സഷന്‍ കരാര്‍ പ്രകാരമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ തയ്യാറാക്കിയത്. 40 വര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത രണ്ട് ഘട്ടങ്ങളും അദാനി ഗ്രൂപ്പ് സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷംകൂടി നീട്ടും. ഓഖി, പ്രളയം തുടങ്ങിയ കാരണങ്ങളാല്‍ നിര്‍മാണം വൈകിയെന്ന അദാനിഗ്രൂപ്പിന്റെ വാദം ശരിവച്ച് സര്‍ക്കാര്‍ നിര്‍മാണക്കാലയളവ് അഞ്ച് വര്‍ഷംകൂടി നീട്ടി നല്‍കിയിരുന്നു. ഇതോടെ 65 വര്‍ഷം തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനിഗ്രൂപ്പിന് ലഭിക്കും. കരാര്‍ അനുസരിച്ച് 2034 മുതല്‍ ഒരു ശതമാനംവീതം ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് (വിസില്‍) നല്‍കും. ലാഭവിഹിതം ഓരോ വര്‍ഷവും ഒരു ശതമാനം വീതം വര്‍ധിക്കും. 20,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ട്രയല്‍ റണ്‍ ചടങ്ങില്‍ അധ്യക്ഷനായ തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനലായി 2028-ല്‍ വിഴിഞ്ഞം തുറമുഖം മാറും. 8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ചെലവ്. ഇതില്‍ 5595.34 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം.

Tags:    

Similar News