പുതിയ വോട്ടര്‍മാരടക്കം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ രമ്യ ഹരിദാസ്; ഭരണവിരുദ്ധ വികാരം ആഞ്ഞു വീശിയാല്‍ രമ്യ നിയമസഭയിലെത്തും; വിവാദങ്ങളൊന്നും വര്‍ക്കായില്ലെന്ന് യു.ആര്‍ പ്രദീപ്; പോളിംഗ് ശതമാനം കുറഞ്ഞതില്‍ ചേലക്കരയില്‍ ചങ്കിടിപ്പോടെ മുന്നണികള്‍; വയനാട് നിലനിര്‍ത്താന്‍ പ്രിയങ്ക

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Update: 2024-11-22 08:47 GMT

ചേലക്കര: പാലക്കാടിന് സമാനമായി കടുത്ത പോരാട്ടം അരങ്ങേറിയ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്താകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 28 വര്‍ഷമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന ചേലക്കര ഇത്തവണയും മാറി ചിന്തിക്കിമോ എന്നാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് കൂടിയതും ലോക്സഭാ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ കണക്കുമെല്ലാം ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

തികഞ്ഞ ജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും. വിവാദങ്ങളൊന്നും ചേലക്കരയില്‍ വര്‍ക്കായില്ലെന്നാണ് യു.ആര്‍ പ്രദീപ് പറയുന്നത്. എന്നാല്‍ ഒന്‍പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരില്‍ അയ്യായിരത്തോളം ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഈ വോട്ടുകള്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയാല്‍ രമ്യഹരിദാസ് മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിലെത്തും. അതേ സമയം പി വി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥി നേടുന്ന വോട്ടുകളും വോട്ടെടുപ്പ് ഫലത്തെ സ്വാധീനിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ചേലക്കരയില്‍ ആകെ പോള്‍ ചെയ്തത് 72.77% വോട്ടാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നാല് ശതമാനം കുറവാണിത്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളില്‍ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തിയത് 39400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇക്കുറി അതിനോടടുക്കാനാവില്ല. 10000 15000 വരെ മാത്രമാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. ആത്മവിശ്വാസത്തിനപ്പുറം ജാഗ്രതക്കുറവുണ്ടായെന്നാണ് മുന്നണിയിലെ തന്നെ വിമര്‍ശനം.

ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ 213103 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 155075 പേര്‍ വോട്ട് ചെയ്തു. അതായത് 72.77 ശതമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 72.42 ശതമാനത്തേക്കാള്‍ നേരിയ വര്‍ധനവാണ് ഇത്. നേരിയതാണെങ്കിലും ഈ മാറ്റം ആരെയാണ് പിന്തുണയ്ക്കുക എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കാരണം ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ തന്നെ.

ഏഴ് മാസം മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കെ രാധാകൃഷ്ണന് സ്വന്തം ബൂത്തിലും പഞ്ചായത്തിലും ലഭിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേക്കാള്‍ കുറഞ്ഞ വോട്ടാണ്. പതിവിന് വിപരീതമായി യുഡിഎഫ് സംവിധാനം മികച്ച പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയതി നീട്ടുക കൂടി ചെയ്തതോടെ പല നേതാക്കളും ചേലക്കരയില്‍ എത്തിയിരുന്നു.

5000 വോട്ടിനെങ്കിലും ചേലക്കരയില്‍ യുഡിഎഫ് ജയിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. വയനാടും പാലക്കാടും സിറ്റിംഗ് മണ്ഡലമായതിനാല്‍ തന്നെ ചേലക്കരയിലെ തിരഞ്ഞെടുപ്പ് വിജയമായിരിക്കും രാഷ്ട്രീയ വിജയമായി കണക്കാക്കാനാകുക. ചേലക്കര പിടിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമായും യുഡിഎഫിന് ഇത് വിശേഷിപ്പിക്കാം.

മറുവശത്ത് പോളിംഗ് കൂടിയത് തങ്ങള്‍ക്ക് ഗുണപരമാകും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. മണ്ഡലത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ട 10000 വോട്ടുകളില്‍ 7000 വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് ബിജെപി നേതാക്കള്‍ പറയപ്പെടുന്നത്. തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ വിജയം ചേലക്കരയിലും പ്രതിഫലിക്കും എന്നാണ് ബിജെപി കണക്കുകൂട്ടല്‍.

എന്നാല്‍ ഇരുമുന്നണികളുടേയും അവകാശവാദങ്ങള്‍ വോട്ടെണ്ണല്‍ ദിനം വരെ മാത്രമെ കാണൂ എന്നാണ് ഇടത് ക്യാംപിന്റെ നിലപാട്. 1996 മുതല്‍ രാധാകൃഷ്ണന് വിജയം സമ്മാനിച്ചിട്ടുള്ള മണ്ഡലമാണ് ചേലക്കര. ഇടക്കാലത്ത് രാധാകൃഷ്ണന്‍ മത്സരിക്കാതിരുന്നപ്പോള്‍ 2016 ല്‍ മത്സരിച്ച് വിജയിച്ച പ്രദീപാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും എന്നാണ് ഇടത് പ്രതീക്ഷ.

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പ്രചാരണഘട്ടത്തില്‍ ഉടനീളം പറഞ്ഞിരുന്നത്. എന്നാല്‍ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോള്‍ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക.

പോളിങ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടായത് മൂന്നു മുന്നണികളുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുമ്പോഴും പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ശങ്കയില്ല. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടുമോയെന്ന കാര്യത്തില്‍ യു.ഡി.എഫ് ക്യാമ്പില്‍തന്നെ ആശങ്കയുണ്ടുതാനും.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയൊന്നടക്കം എത്തിയതോടെ പ്രചാരണ കാലത്ത് വന്‍ ആരവമാണ് യു.ഡി.എഫ് ക്യാമ്പില്‍ ഉണ്ടായതെങ്കിലും പോളിങ് ശതമാനം കുറഞ്ഞത് മുന്നണിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണ 73.48 ശതമാനമായിരുന്ന പോളിങ് ഇത്തവണ 64.72ലേക്കാണ് ഇടിഞ്ഞത്, 8.85 ശതമാനത്തിന്റെ കുറവ്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു യു.ഡി.എഫിന്റെ അവകാശവാദം. എന്നാല്‍, വോട്ടിങ് ശതമാനം കുറഞ്ഞതോടെ 3,64,422 എന്ന കഴിഞ്ഞ തവണത്തെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിലെത്തുമെന്ന വിശ്വാസമാണ് ഇപ്പോള്‍ പലരും പങ്കുവെക്കുന്നത്.

അതേസമയം, വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങളുടെ വോട്ട് കുറയാന്‍ കാരണമാകില്ലെന്ന് മൂന്ന് മുന്നണികളും ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് അങ്കമായത് കാരണം റെക്കോഡ് ഭൂരിപക്ഷം നല്‍കി പാര്‍ലമെന്റിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു.

എന്നാല്‍, പ്രചാരണത്തിലെ ആവേശം വോട്ടുകള്‍ പെട്ടിയിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ ആകെയുള്ള 2,27,489 വോട്ടുകളില്‍ 1,42,591 വോട്ടുകള്‍ മാത്രമാണ് പെട്ടിയിലായത്. കഴിഞ്ഞ തവണ 72.52 ശതമാനമായിരുന്നു ബത്തേരിയിലെ പോളിങ്. ഇത്തവണ അത് 62.68 ആയി. 9.92 ശതമാനത്തിന്റെ കുറവ്. മറ്റ് മണ്ഡലങ്ങളിലും ഇടിവുണ്ടായി.

തോല്‍ക്കുമെന്ന് ഉറപ്പുള്ള മത്സരത്തില്‍ അവസാന ലാപ്പില്‍ മുഖ്യമന്ത്രിയെ വരെ പ്രചാരണത്തിനിറക്കിയായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തനം. അതേസമയം, പ്രചാരണത്തില്‍ സി.പി.എം വേണ്ടത്ര രംഗത്തുണ്ടായില്ലെന്ന് സി.പി.ഐക്ക് തന്നെ പരിഭവമുണ്ട്. 2014ല്‍ കോണ്‍ഗ്രസിന്റെ എം.ഐ. ഷാനവാസിനെതിരെ മത്സരിച്ച സത്യന്‍ മൊകേരി 3,56,165 (28.51 ശതമാനം) വോട്ടുകള്‍ നേടിയിരുന്നു.

കഴിഞ്ഞ തവണ രാഹുലിനെതിരെ ആനിരാജ നേടിയത് 2,83,023 വോട്ടുകളാണ്. ഇത്തവണയും സത്യന്‍ മൊകേരി വന്‍തോതില്‍ വോട്ടുകള്‍ നേടിയാല്‍ അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കും. ഉപതെരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താല്‍പര്യക്കുറവും പ്രിയങ്ക ജയിക്കുമെന്ന ഉറപ്പും മറ്റു പ്രദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ അവധിയില്ലാത്തതിനാല്‍ വോട്ടെടുപ്പിന് എത്താതിരുന്നതും പുറത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യാനെത്താന്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നതും പോളിങ് ശതമാനം കുറയാന്‍ കാരണമായതായാണ് വിലയിരുത്തല്‍.

Similar News