സെറിബ്രൽ പാൾസിയോട് പൊരുതി രാഗേഷ് കൃഷ്ണൻ കുരമ്പാലയുടെ സ്വപ്നസാക്ഷാത്കാരം; ആദ്യ സംവിധാന സംരംഭമായ ‘കളം@24’ തീയേറ്ററുകളിലേക്ക്; പരിമിതികൾ കാരണം മോഹങ്ങൾ ഉപേക്ഷിക്കുന്നവർക്ക് പ്രചോദനം; അഭിമാന നേട്ടവമായി പന്തളം സ്വദേശി
തിരുവനന്തപുരം: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ട് തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉറച്ച മനസ്സോടെ പൊരുതുന്ന നിരവധി പേരെ നാം മുൻപും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളം സ്വദേശിയായ ചെറുപ്പക്കാരനും പറയാനുള്ളത്. തന്റെ ശരീരത്തെ ബാധിച്ച രോഗത്തെ കുറിച്ചോർത്ത് നിരാശയിൽ ആണ്ടു പോകാതെ അയാൾ ജീവിതത്തെ സ്നേഹിച്ചതിന്റെ ഫലമാണ് ‘കളം@24’ എന്ന സിനിമയുടെ പിറവിയിൽ എത്തി നിൽക്കുന്നത്. ഈ നേട്ടം കൈവരിക്കാൻ ആയിട്ടുള്ളത്.
ജൻമനാ തന്റെ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തോട് പൊരുതി രാഗേഷ് കൃഷ്ണൻ ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെ നവംബർ 29 ന് തീയേറ്ററുകളിൽ എത്തുകയാണ്. അന്താരാഷ്ട്ര സിനിമമേഖലയിൽ തന്നെ നാലോ അഞ്ചോ പേർക്ക് മാത്രം ആണ് ഇന്നുവരെ ഈ നേട്ടം കൈവരിക്കാൻ ആയിട്ടുള്ളത് എന്നത് അഭിമാനകരമായ കാര്യമാണ്. അഞ്ച് ആൽബവും മൂന്ന് ഹൃസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് തന്റെ ആദ്യ മുഴുനീള ചിത്രം പുറത്തെത്തുന്നത്. സിഎംകെ പ്രൊഡക്ഷൻസിനുവേണ്ടി കൊച്ചുമോനും ഫുൾസ്‌ക്രീൻ സിനിമാസും ചേർന്നാണ് നിർമാണം.
ഹിസ്റ്ററി ബിരുദവും കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമയുമുള്ള രാഗേഷിന് നടക്കാനും കേൾവിക്കും ഒഴുക്കോടെ സംസാരിക്കാനും പ്രയാസമുണ്ടെങ്കിലും പരിമിതികളെ മാനസികോർജത്താലും പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും കരുത്തിനാലും മറികടന്ന് നേടിയ സ്വപ്നസാക്ഷാത്കാരമാണ് ഈ ചിത്രം. ഫാന്റസി – ഡ്രാമ വിഭാഗത്തിലുള്ള സസ്പെൻസ് ത്രില്ലറാണ് ‘സിനിമ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാഗേഷ് കൃഷ്ണൻ തന്നെയാണ്.
ഒരു ഘട്ടത്തിൽ ചിത്രീകരണത്തിന് ആവശ്യമായ നിർമാണ തുക കണ്ടെത്താനാകാതെ സിനിമ പാതി വഴിയിൽ നിന്ന് പോകുമെന്ന അവസ്ഥയിലെത്തി. എന്നാൽ തന്റെ സ്വപ്നത്തിലെത്താനുള്ള തടസ്സങ്ങളെ ഓരോന്നായി കീഴ്‌പ്പെടുത്താൻ രാഗേഷ് കൃഷ്ണനായി. ഒടുവിൽ സഹായവുമായി മന്ത്രി സജി ചെറിയാനെത്തി. നൽകാൻ കഴിയുന്ന എല്ലാ സഹായങ്ങളും അദ്ദേഹം നൽകി. ചലച്ചിത്ര വികസന കോർപറേഷന്റെ തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാനും വിട്ടുനൽകി.
1.23 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഖ്യം. പുതുമുഖങ്ങളായ ഒമ്പത് പേരാണ് ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഈ രോഗത്തോട് പൊരുതി ഒരാൾ ഒരു മുഴുനീള സിനിമ സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിക്കുന്നത്. മാത്രമല്ല പരിമിതികൾ കാരണം മോഹങ്ങൾ ഉപേക്ഷിച്ചു ജീവിക്കുന്ന ലോകമെങ്ങും ഉള്ളവർക്കൊരു പ്രോത്സാഹനം കൂടിയാകണം ഈ സിനിമയുടെ വിജയം.