തിരുവനന്തപുരം: മറുനാടൻ മലയാളി, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രീ പോൾ ഇലക്ഷൻ സർവേയുടെ രണ്ട് ഘട്ടത്തിലെ ഫലങ്ങൾ പുറത്തുവിട്ടപ്പോൾ മുൻതൂക്കം യുഡിഎഫിനായിരുന്നു. പത്തിൽ ആറിടത്ത് യുഡിഎഫും എൽഡിഎഫ മൂന്നിടത്തും എൻഡിഎ ഒരിടത്തും എന്നതായിരുന്നു സർവേ ഫലം. ഇതിൽ തന്നെ പല മണ്ഡലങ്ങളിലും ഫോട്ടോ ഫിനിഷ് എന്നതാണ് അവസ്ഥ. മറുനാടൻ നടത്തിയ സർവേയുടെ മൂന്നാം ഘട്ടത്തിലെ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. മധ്യകേരളത്തിലെ മണ്ഡലങ്ങൾ ആരെ തുണയ്ക്കുമെന്നതാണ് മൂന്നാം ഘട്ടത്തിൽ അറിയേണ്ട കാര്യം. ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകൾ അടക്കം ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ നിർണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഏക സീറ്റ് ആലപ്പുഴയിൽ ആയിരുന്നു. ഇക്കുറി ആലപ്പുഴയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. മറുനാടൻ രണ്ട് ഘട്ടങ്ങളിൽ പുറത്തുവിട്ട സർവേയിൽ ഏറ്റവും ശക്തമായ മത്സരം വടകരയിലും തൃശ്ശൂരുമാണ്. വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫ് അനായാസം വിജയിച്ചു കയറും. പാലക്കാട്ടും ആലത്തൂരിലും ശക്തമായ മത്സരമാണ് നടക്കുന്നത്.

ഇന്ന് മധ്യകേരളത്തിലെ അഞ്ച് മണ്ഡലങ്ങളുടെ ഫലം പുറത്തുവിടുന്നതോടെ 15 സീറ്റുകളിലെ ഫലം പൂർത്തിയാകും. നാളെ മാവേലിക്കര, കൊല്ലം, പത്തംനിട്ട, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ സർവേഫലമാണ് പുറത്തുവിടുക. ഇക്കഴിഞ്ഞ ഏപ്രിൽ 8,9,10,11,12 തീയതികളിലായി, മറുനാടൻ ടീം കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലുമെത്തി, നേരിട്ട് വോട്ടർമാരെ കണ്ടാണ് സർവേ നടത്തിയത്. നാളെ സർവേയുടെ അന്തിമഘട്ടം പുറത്തുവിടും.

ചാലക്കുടിയിൽ ട്വന്റി ട്വന്റി ചലഞ്ച്!

പഴയ മുകുന്ദപുരം ആയിരുന്നപ്പോഴും, പിന്നീട് ചാലക്കുടിയായപ്പോഴും യുഡിഎഫിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന മണ്ഡലമാണിത്. പക്ഷേ 2004-ലെ തിരഞ്ഞെുടുപ്പിൽ എൽഡിഎഫിലെ ലോനപ്പൻ നമ്പാടൻ, കോൺഗ്രസിലെ പത്മജാ വേണുഗോപാലിനെ ഒരുലക്ഷത്തിലധികം വോട്ടിന് തറപ്പറ്റിച്ചത് അടക്കമുള്ള രാഷ്ട്രീയ അട്ടിമറികൾക്കും മുകുന്ദപുരം സാക്ഷിയായിരുന്നു.

2008-ലെ പുനഃക്രമീകരണത്തോടെ മുകുന്ദപുരം ഇല്ലാതായി. ചാലക്കുടി ആസ്ഥാനമായി പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയും, എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. 2009-ൽ നടന്ന മണ്ഡലത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ പി ധനപാലനാണ് ജയിച്ചത്. എന്നാൽ 2014-ൽ നടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റ് പി സി ചാക്കോയെ തോൽപ്പിച്ച് മണ്ഡലം പിടിച്ചു. 2019-ൽ യുഡിഎഫിനുവേണ്ടി, 1,32,274 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിന് ബെന്നി ബഹനാൻ, ഇന്നസെന്റിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. ആ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി എ എൻ രാധാകൃഷ്ണൻ 1,54,159 വോട്ടും നേടി.

ഇക്കുറിയും യുഡിഎഫ് ബെന്നിയെ തന്നെ കളത്തിലിറക്കിയപ്പോൾ, ഇടതുമുന്നണി രംഗത്തിറക്കിയത് മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെയാണ്. ബിജെപി ബിഡിജെഎസിന് കൊടുത്ത മണ്ഡലത്തിൽ, കെ എ ഉണ്ണിക്കൃഷ്ണനാണ് മത്സരിക്കുന്നത്. ഇത്തവണ മറ്റൊരു രാഷ്ട്രീയ പ്രതിഭാസത്തിനുകൂടി ചാലക്കുടി സാക്ഷിയാവുകയാണ്. അതാണ് ട്വന്റി ട്വന്റിയെന്ന പുതിയ പാർട്ടിയുടെ രംഗ പ്രവേശം. അവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്നതാണ് ചോദ്യം.

മറുനാടൻ സർവേയിൽ ചാലക്കുടിയിൽ കടുത്ത മത്സരമാണെന്നാണ് കാണുന്നത്. എന്നാലും, നാലുശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 37

എൽഡിഎഫ്-33

എൻഡിഎ-15

മറ്റുള്ളവർ- 14

നോട്ട- 1

കഴിഞ്ഞ തവണത്തേതുമായി തട്ടിച്ചുനോക്കുമ്പോൾ യുഡിഎഫ് വോട്ടിൽ വലിയ ഇടിവ് കാണുന്നുണ്ട്. 2019-ൽ 47.8 ശതമാനം വോട്ട് നേടിയ ഐക്യമുന്നണിയുടെ വോട്ടുവിഹിതം, 10 ശതമാനത്തോളം കുറയുകയാണ്. കഴിഞ്ഞ തവണ 36 ശതമാനത്തോളം നേടിയ എൽഡിഎഫിന്റെ വോട്ടും 33ലേക്ക് കുറയുന്നു. എന്നാൽ ഈ വോട്ടുകൾ നേടുന്നത് ട്വന്റി ട്വന്റിയാണ്. ഒരു പുതിയ പാർട്ടി 14 ശതമാനം വോട്ടിന്റെ അവിശ്വസനീയമായ മുന്നേറ്റം നടത്തുമെന്ന് മറുനാടൻ സർവേ പ്രവചിക്കുന്നു.

എൽഡിഎഫിനേക്കാൾ, യുഡിഎഫിന്റെ വോട്ടുകളാണ് ഇവിടെ ട്വന്റി ട്വന്റി പിടിക്കുന്നത്. ട്വന്റി ട്വന്റി വോട്ട് ഇനിയും ഉയർന്നാൽ അത് മണ്ഡലത്തിലെ, യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്. എൻഡിഎ വോട്ടിൽ തൽസ്ഥിതി തുടരുകയാണ്. കഴിഞ്ഞ തവണ നേടിയ 15 ശതമാനം അവർ നിലനിർത്തുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ കയ്പമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് എന്നിവ ഒഴികെയുള്ള മറ്റ് നാല് മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പമാണ്. കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിക്കും വലിയ സ്വാധീനമുണ്ട്.

എറണാകുളം കോട്ട കാത്ത് ഹൈബി

എക്കാലവും കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന് വിളിക്കാവുന്നതാണ്, എറണാകുളം. 97-ലെയും, 2003-ലെയും ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി സെബാസ്റ്റ്യൻ പോൾ ജയച്ചിത് ഒഴിച്ചാൽ, എറണാകുളത്തിന്റെ കൂറ് എറിയപക്ഷവും ത്രിവർണ്ണ പതാകയോടാണ്. 2019-ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡൻ 1,69,153 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മുൻ എറണാകുളം എം പി ജോർജ് ഈഡന്റെ മകനായ ഹൈബിയുടെ കന്നിയങ്കമായിരുന്നു ഇത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവായിരുന്നു സിപിഎം സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനത്തിന് 1,37,749 വോട്ടുകൾ ലഭിച്ചു.

സിറ്റിങ് എംപി ഹൈബി ഈഡനെയാണ് ഇത്തവണയും യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. അദ്ധ്യാപികയായ കെ ജെ ഷൈനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞതവണ ആലപ്പുഴയിൽ മൽസരിച്ച മുൻ പിഎസ്‌സി ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണനാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥി. ട്വന്റി ട്വന്റി, വി ഫോർ കൊച്ചി തുടങ്ങിയ കക്ഷികളുടെ സാന്നിധ്യവും ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മറുനാടൻ സർവേ, 9 ശതമാനം വോട്ടിന്റെ നല്ല മാർജിന് ഇവിടെ ഹൈബി ജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 39

എൽഡിഎഫ്- 30

എൻഡിഎ- 16

മറ്റുള്ളവർ-12

നോട്ട-3

പക്ഷേ 2019-തുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫ് വോട്ടിൽ വലിയ ഇടിവാണ് സർവേയിൽ കാണുന്നത്. കഴിഞ്ഞ തവണ 50 ശതമാനത്തിനടുത്ത് നേടിയ ഹൈബിയുടെ വോട്ട് ഇത്തവണ 11 ശതമാനമാണ് കുറയുന്നത്. കഴിഞ്ഞ തവണ 35 ശതമാനം നേടിയ ഇടതുമുന്നണിക്കും, 5 ശതമാനം വോട്ടിന്റെ നഷ്ടമുണ്ട്. ഇരുമുന്നണികളുടെയും വോട്ടുകൾ പിടിക്കുന്നത് ട്വന്റി ട്വന്റിയാണെന്ന് സർവേ സൂചിപ്പിക്കുന്നു. എൻഡിഎയുടെ വോട്ടിലും ഒരു ശതമാനത്തിന്റെ വളർച്ചയുണ്ട്. എന്നാലും 9 ശതമാനത്തിന്റെ അതിശക്തമായ മാർജിൻ ഹൈബിയുടെ വിജയം ഉറപ്പിക്കുന്നു. പക്ഷേ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പകുതിയായി കുറയാനാണ് സാധ്യതയെന്നും സർവേ വിലയിരുത്തുന്നു.

എറണാകുളം, പറവൂർ, കളമശേരി, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ, തൃക്കാക്കര, പറവൂർ, എറണാകുളം എന്നീ നാലിടത്ത് യുഡിഎഫും, കളമശേരി, വൈപ്പിൻ, കൊച്ചി എന്നിങ്ങനെ മൂന്നിടത്ത് എൽഡിഎഫുമാണ്.

ഇടുക്കിയിൽ ഡീൻ തന്നെ

കൂടുതലും യുഡിഎഫിന് ഒപ്പം നിന്ന മണ്ഡല ചരിത്രമാണ് ഇടുക്കിയുടേത്. മണ്ഡലം രൂപീകൃതമായ 1977-ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി എം സ്റ്റീഫനാണ്, ഇടതുപക്ഷത്തെ എൻ എം ജോസഫിനെ പരാജയപ്പെടുത്തി പാർലമെന്റിലെത്തിയത്. 1980-ൽ സിപിഎം നേതാവ് എം എം ലോറൻസിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചപ്പോൾ, 1984-ൽ പ്രൊഫ. പി ജെ കുര്യനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 1999-വരെ യുഡിഎഫിന്റെ കൈയിലായിരുന്നു ഈ സീറ്റ്.

1999-ൽ യുഡിഎഫ് കോട്ട തകർത്ത്, പി ജെ കുര്യനെ പരാജയപ്പെടുത്തി ഇടതുസ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2004-ൽ കോൺഗ്രസിലെ ബെന്നി ബഹന്നാനെതിരെ ഫ്രാൻസിസ് ജോർജ്ജ് ജയം ആവർത്തിച്ചു. 2009-ൽ ഫ്രാൻസിസ് ജോർജിനെ തറപറ്റിച്ച് പി ടി തോമസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ മത്സരിച്ച ജോയ്‌സ് ജോർജ് ഇടുക്കി മണ്ഡലം ഇടതുപാളയത്തിലെത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസിനെയാണ് ജോയ്സ് ജോർജ് പരാജയപ്പെടുത്തിയത്. 2019-ൽ ഡീൻ കുര്യാക്കോസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ജോയ്‌സ് ജോർജിനോട് പ്രതികാരം വീട്ടിയത്. ഭൂരിപക്ഷം 1,71,053.

ഇക്കുറിയും ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും തമ്മിലാണ് പ്രധാന പോരാട്ടം. ബിഡിജെഎസിലെ സംഗീത വിശ്വനാഥനാണ് എൻഡിഎ സ്ഥാനാർത്ഥി. മറുനാടൻ സർവേ പ്രകാരം 9 ശതമാനം വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 45

എൽഡിഎഫ്- 36

എൻഡിഎ-13

മറ്റുള്ളവർ-2

നോട്ട-4

പക്ഷേ 2019-ൽ 54 ശതമാനം വോട്ട് നേടിയ യുഡിഎഫിന് മറുനാടൻ സർവേ പ്രകാരം, 9 ശതമാനം വോട്ട് കുറയുകയാണ്. എൽഡിഎഫ് വോട്ടിൽ വലിയ മാറ്റം ഉണ്ടാവുന്നില്ല. എൻഡിഎ മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയും സർവേയിൽ കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8.56 ശതമാനമായിരുന്ന എൻഡിഎ വോട്ട്, ഇക്കുറി 13 ശതമാനത്തിലെത്തുകയാണ്. കഴിഞ്ഞ തവണത്തെ ഒന്നേമുക്കാൽ ലക്ഷത്തിന്റെ ലീഡ് പകുതിയായി കുറയുമെങ്കിലും, ഇടുക്കിയിൽ ഡീനിന്റെ ജയം ഉറപ്പാണെന്ന് സർവേ പ്രവചിക്കുന്നു.

മണ്ഡലത്തിലെ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെയുള്ള ഏഴ് നിയമസഭാമണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലാണ്. യു.ഡി.എഫ് അക്കൗണ്ടിൽ തൊടുപുഴയും മൂവാറ്റുപുഴയും മാത്രം. അതേസമയം, നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനുള്ള മേൽക്കൈ പലപ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാവാറില്ല എന്നത് ചരിത്രം.

ആലപ്പുഴയിൽ കനൽത്തരി അണയുമോ?

കഴിഞ്ഞ തവണ കേരളത്തിൽ ഇടതുമുന്നണിയുടെ മാനം കാത്ത മണ്ഡലമായിരുന്നു ആലപ്പുഴ. അവിടെ ആരിഫ് എന്ന 'കനൽത്തരി' ജയിച്ചില്ലായിരുന്നെങ്കിൽ സമ്പൂർണ്ണ തോൽവിയായിരുന്നു ഇടതുമുന്നണിക്ക് ഉണ്ടാവുക. അരൂർ എംഎൽ എ കൂടിയായ എ എം ആരിഫിനെതിരെ, വനിതാ നേതാവ് ഷാനിമോൾ ഉസ്മാനെയാണ് അന്ന് കോൺഗ്രസ് രംഗത്ത് ഇറക്കിയത്. ബിജെപി ഡോ. കെ എസ് രാധാകൃഷ്ണനെയും. ഫലം വന്നപ്പോൾ 10,474 ആരിഫ് വിജയിച്ച് ഇടതിന്റെ മാനം കാത്തു. ഇത്തവണ ആരിഫ് വീണ്ടുമെത്തുമ്പോൾ വിജയം ആവർത്തിക്കാൻ കഴിയുമോ എന്നാണ് ചോദ്യം.

മാർക്സിസ്റ്റ് പാർട്ടിയുടെ നിരവധി പോരാട്ടങ്ങൾക്ക് വേദിയായ ആലപ്പുഴയിലെ ചുവന്ന മണ്ണിന് പക്ഷേ ലോക്സഭയിലേക്ക് പ്രിയം കോൺഗ്രസിനോടായിരുന്നു. മണ്ഡലം രൂപീകൃതമായ 1977-ലെ ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ബാലാനന്ദനെ പരാജയപ്പെടുത്തി, വി എം സുധീരനിലൂടെ മണ്ഡലം പിടിച്ചത് കോൺഗ്രസ് ആണ്. 80-ൽ സുശീല ഗോപാലനിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 84-ൽ സുശീല ഗോപാലനെ പരാജയപ്പെടുത്തിയ വക്കം പുരുഷോത്തമൻ 89-ലും വിജയം ആവർത്തിച്ചു. എന്നാൽ മൂന്നാം അങ്കത്തിനിറങ്ങിയ വക്കത്തിന്, സിപിഎമ്മിലെ ടി.ജെ ആഞ്ജലോസിന് മുന്നിൽ കാലിടറി.

96-ൽ തന്റെ രണ്ടാം വരവിലൂടെ ടി ജെ ആഞ്ജലോസിനെ പരാജയപ്പെടുത്തി സുധീരൻ മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കി. 98-ലും 99-ലും വിജയം ആവർത്തിച്ച സുധീരനെ, 2004-ൽ ഇടതുസ്വതന്ത്രൻ കെ എസ് മനോജ് അട്ടിമറിച്ചു. പിന്നീടാണ് ആലപ്പുഴയിലെ കെ സി വേണുഗോപാൽ യുഗം തുടങ്ങുന്നത്. 2009-ലും 2014-ലും കെ സി വേണുഗോപാലിലുടെ കോൺഗ്രസ് ഇവിടെ വെന്നിക്കൊടി പാറിച്ചു. 57,635 ആയിരുന്നു 2009-ൽ കെ സി യുടെ ഭൂരിപക്ഷം. എന്നാൽ 2014 ആയപ്പോൾ അത് 19,407 ആയി ചുരുങ്ങി. 2019-ലെ തിരഞ്ഞെടുപ്പിൽ കെ സി മാറിനിന്നതോടെ മണ്ഡലം യുഡിഎഫിന് നഷ്ടമാവുകയും ചെയ്തു.

ഇത്തവണ കെ സി വേണുഗോപാലിനെ വീണ്ടുമിറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ബിജെപിയാവട്ടെ തങ്ങളുടെ തീപ്പൊരി നേതാവായ ശോഭാ സുരന്ദ്രേനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. മറുനാടൻ സർവേയിൽ ആലപ്പുഴയിൽ കടുത്ത പോരാട്ടമാണെന്നാണ് സൂചന ലഭിക്കുന്നത്. നാലു ശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 40

എൽഡിഎഫ്- 36

എൻഡിഎ- 21

മറ്റുള്ളവർ-1

നോട്ട-2

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറയുന്നത്, മറുനാടൻ സർവേയിലെ പൊതുപ്രവണതയാണെങ്കിൽ, ആലപ്പുഴയിൽ അങ്ങനെ അല്ല. കഴിഞ്ഞ തവണ യുഡിഎഫിന് ഇവിടെ കിട്ടിയത് 39.68 ശതമാനം വോട്ടുകളാണ്്. ഇത് വർധിച്ച് 40 ശതമാനത്തിൽ എത്തുമെന്നാണ് മറുനാടൻ സർവേ പറയുന്നത്. കഴിഞ്ഞ തവണ 41 ശതമാനം വോട്ടുകൾ നേടിയ എൽഡിഎഫിന്, ഇവിടെ വോട്ട് കുറയുകയാണ് ചെയ്യുന്നത്. 36 ശതമാനത്തിലേക്ക് എൽഡിഎഫ് വോട്ടുകൾ കുറയും. കഴിഞ്ഞ തവണ 17 ശതമാനം വോട്ട് നേടിയ എൻഡിഎ, ശോഭാ സുരേന്ദ്രനിലുടെ വോട്ടുവിഹിതം 21 ആക്കി ഉയർത്തുമെന്ന് സർവേ പ്രവചിക്കുന്നു.

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം. ഇതിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും, കരുനാഗപ്പള്ളിയും ഒഴിച്ചാൽ ബാക്കി അഞ്ച് മണ്ഡലങ്ങളിലും എംഎൽഎമാർ ഇടതുപക്ഷത്തുനിന്നാണ്.

വോട്ടുകുറഞ്ഞാലും കോട്ടയം യുഡിഎഫിന്

കേരളാ കോൺഗ്രസ് മാണി- ജോസഫ് വിഭാഗങ്ങളുടെ അഭിമാനപ്പോരാട്ടമാണ് ഇത്തണ കോട്ടയത്ത് നടക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ്, കോട്ടയത്തിന്റെ രാഷ്ട്രീയ ഭൂപടം മാറിമറിഞ്ഞത്. എന്നും യുഡിഎഫിന് മേൽക്കെയുള്ള മണ്ഡലമാണിത്. ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ, കോട്ടയം 12 തവണ കോൺഗ്രസിനൊപ്പവും കേരള കോൺഗ്രസിനൊപ്പവും നിന്നു. അഞ്ച് തവണ മാത്രമാണ് കോട്ടയം ചുവപ്പണിഞ്ഞത്. ഇതിൽ നാല് തവണയും വിജയിച്ചത് കെ സുരേഷ് കുറുപ്പെന്ന സിപിഎം നേതാവാണ്. 2009-ലെ തെരഞ്ഞെടുപ്പിൽ കോട്ടയത്തുകാർ സുരേഷ് കുറുപ്പിനെ കൈവിട്ടു. മണ്ഡല പുനർ നിർണ്ണയം ഇടത് മുന്നണിയുടെ അടിതെറ്റിച്ചപ്പോൾ, കേരള കോൺഗ്രസിന് വേണ്ടി ജോസ് കെ മാണി കോട്ടയത്തിന്റെ എം പിയായി. 2014-ലും ജോസ് കെ .മാണി വിജയം ആവർത്തിച്ചു. 2019-ലെ യുഡിഎഫ് തരംഗത്തിൽ മാണി ഗ്രൂപ്പിൽ നിന്നുള്ള തോമസ് ചാഴിക്കാടൻ കോട്ടയം ഉറപ്പിച്ചു നിർത്തി.

പിന്നീട് മാണി ഗ്രൂപ്പ് ഇടതുപാളയത്തിൽ എത്തിയതോടെ രാഷ്ട്രീയ ചിത്രം ആകെ മാറി. കേരള കോൺഗ്രസ് എമ്മിന്റെ ഏക ലോക്സഭാസീറ്റായ കോട്ടയത്ത് കഴിഞ്ഞതവണ യുഡിഎഫ് ടിക്കറ്റിൽ വിജയിച്ച തോമസ് ചാഴിക്കാടനാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുൻ എംപി ഫ്രാൻസിസ് ജോർജിനെയും കളത്തിലിറക്കി. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി. മറുനാടൻ സർവേ പ്രകാരം, ഇവിടെ മുന്നിട്ട് നിൽക്കുന്നത് യുഡിഎഫ് തന്നെയാണ്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 42

എൽഡിഎഫ്-35

എൻഡിഎ- 17

മറ്റുള്ളവർ- 2

നോട്ട-4

പക്ഷേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ വെച്ചുനോക്കുമ്പോൾ, യുഡിഎഫ് വോട്ട് 46.25 ശതമാനത്തിൽ നിന്ന് 42 ശതമാനമായി കുറയുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 34.58 ശതമാനമായിരുന്ന എൽഡിഎഫ് വിഹിതം 35 ആയി ഉയരും. എൻഡിഎ വോട്ട് 17 ശതമാനത്തിൽ തന്നെ നിൽക്കയാണ്. യുഡിഎഫിന് നഷ്ടമാവുന്ന വോട്ടുകൾ ഇവിടെ മറ്റുള്ളവരിലേക്കും നോട്ടയിലേക്കുമാണ് പോവുന്നത്.

എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം, കോട്ടയം, ഏറ്റുമാനൂർ, പാലാ, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ലോക്സഭാ സീറ്റ്. ഇതിൽ പിറവം, പാല, കടുത്തുരുത്തി കോട്ടയം, പുതുപ്പള്ളി, എന്നീ അഞ്ചുമണ്ഡലങ്ങൾ യുഡിഎഫിനും, വൈക്കം, ഏറ്റുമാനൂർ എന്നീ രണ്ടു മണ്ഡലങ്ങൾ എൽഡിഎഫിനും ഒപ്പമാണ്.

15 സീറ്റിൽ 11 ഇടത്ത് യുഡിഎഫ്, എൽഡിഎഫ്-3, എൻഡിഎ-1.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഏക സീറ്റായ ആലപ്പുഴ ഇത്തവണ നഷ്ടമാവുമെന്ന സൂചനയാണ് സർവേയുടെ മൂന്നാം ഘട്ടത്തിൽ വ്യക്തമായ കാര്യം. കാസർകോട് മുതൽ കോട്ടയംവരെയുള്ള 15 മണ്ഡലങ്ങളുടെ ഫലം പൂർത്തിയാവുമ്പോൾ വിജയസാധ്യത ഇങ്ങനെയാണ്.

യുഡിഎഫ്- കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തുർ, ചാലക്കുടി, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം

എൽഡിഎഫ്- കാസർകോട്, വടകര, പാലക്കാട്

എൻഡിഎ- തൃശൂർ.