തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രീ പോൾ ഇലക്ഷൻ സർവേയുടെ രണ്ടാം ഘട്ടം പുറത്തു വിടുകയാണ്. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ എന്നീ അഞ്ചു മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. രണ്ടാം ഘട്ടത്തിൽ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെയും സർവേ ഫലവും ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ മലപ്പുറം, പൊന്നാനി എന്നീ ലീഗിന്റെ പൊന്നാപുരം കോട്ടകളിലെ ഫലവും അറിയാം. ഈ മണ്ഡലങ്ങളിൽ ഇക്കുറിയും അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇടതു സ്ഥാനാർത്ഥികളും എൻഡിഎയും എത്രകണ്ട് വോട്ടു പിടിക്കും എന്നതും ശ്രദ്ധേയാമാണ്. ഇതടക്കമുള്ള വിശകലനങ്ങളാണ് രണ്ടാംഘട്ട സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവേയുടെ ആദ്യ ഘട്ടത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ യുഡിഎഫും കാസർകോട്, വടകര മണ്ഡലങ്ങളിൽ ഇടതിനും മേൽക്കൈ എന്നാണ് പ്രവചിച്ചിരുന്നത്. രണ്ടാം ഘട്ടത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഫലം കൂടി പുറത്തുവിടുമ്പോൾ കേരളത്തിലെ പകുതി മണ്ഡലങ്ങളെ റിസൽട്ടാകും. ചാലക്കുടി, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, എന്നീ അഞ്ച് മണ്ഡലങ്ങളിലെ സർവേ ഫലം നാളെ പുറത്തുവിടും. ഇക്കഴിഞ്ഞ ഏപ്രിൽ 8,9,10,11,12 തീയതികളിലായി, മറുനാടൻ ടീം കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലുമെത്തി, നേരിട്ട് വോട്ടർമാരെ കണ്ടാണ് സർവേ നടത്തിയത്.

മലപ്പുറത്ത് പച്ചക്കൊടി തന്നെ

എക്കാലവും യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം. 2008-ലെ പുനഃക്രമീകരണത്തിൽ രൂപീകൃതമായ മണ്ഡലമാണിത്. അതിനുമുമ്പും മഞ്ചേരിയിലും, പൊന്നാനിയിലുമായി മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനാണ്, ലീഗ് നേതാക്കളായ ബനാത്ത്വാലയും, ഇബ്രാഹീം സുലൈമാൻ സേട്ടുമൊക്കെ ജയിക്കാറുള്ളത്. 2004-ൽ മഞ്ചേരിയിൽ സിപിഎമ്മിലെ ടി കെ ഹംസ, മുസ്‌ലീം ലീഗിലെ കെ പി എ മജീദിനെ അട്ടിമറിച്ചതാണ് ഇതുവരെയുള്ള മലപ്പുറം ചരിത്രത്തിലെ അപവാദം.

2014-ൽ മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ഇ അഹമ്മദ് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2019-ൽ പി കെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, യുവ സിപിഎം നേതാവ് വി പി സാനുവിനെ തോൽപ്പിച്ചത്. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ, മുതിർന്ന നേതാവും പ്രഭാഷകനുമായ അബ്ദുസമദ് സമദാനിയെ ലീഗ് രംഗത്തിറക്കി. വി പി സാനു തന്നെയായിരുന്നു എതിരാളി. ഉപ തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷം പകുതിയിൽ താഴെയായി കുറയ്ക്കാൻ സാനുവിന് കഴിഞ്ഞിരുന്നു. 1,14,615 വോട്ടിനാണ് അന്ന് സമദാനി ജയിച്ചത്.

ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീറാണ് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി. പൊന്നാനിയിൽ നിന്ന് കൂടുമാറി മലപ്പുറത്തെത്തിയ ബഷീറിനെ നേരിടാൻ ഡിവൈഎഫ്ഐ നേതാവ് വി വസീഫിനെയാണ് സിപിഎം രംഗത്തിറക്കിയത്. ബിജെപിക്കു വേണ്ടി കാലിക്കറ്റ് സർവകലാശാല മുൻ വി സി ഡോ. അബ്ദുൽ സലാമും കളത്തിലുണ്ട്.

ലീഗിന്റെ രാഷ്ട്രീയ മേൽക്കെയ്ക്ക്, കാര്യമായ മാറ്റമൊന്നും വരാൻ സാധ്യതയില്ലെന്നാണ് മറുനാടൻ സർവേ സൂചിപ്പിക്കുന്നത്. 19 ശതമാനം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ മുന്നിലാണ്. ചുരുങ്ങിയത് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ഇ ടി ജയിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്- 53

എൽഡിഎഫ്- 34

എൻഡിഎ-10

മറ്റുള്ളവർ-1

നോട്ട-2

മറുനാടൻ സർവേ പ്രകാരം, കഴിഞ്ഞ തവണ നേടിയ 57 ശതമാനം വോട്ട് വിഹിതത്തിൽനിന്ന് യുഡിഎഫിന് 4 ശതമാനത്തിന്റെ ഇടിവുണ്ടാവുന്നുണ്ട്. എൽഡിഎഫിന്റെ വോട്ട് 3 ശതമാനം ഉയരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ടാണ് ഇടതിന് ഉണ്ടായിരുന്നത്. ബിജെപി വോട്ടിലും നേരിയ വർധനയുണ്ട്. 9 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയരുമെന്ന് മറുനാടൻ സർവേ പ്രവചിക്കുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ മണ്ഡലം. നിയമസഭയിലെ മുഴുവൻ സീറ്റും മുസ്ലിം ലീഗിനാണ്.

പൊന്നാനി ലീഗിന്റെ പൊന്നാപുരം കോട്ട

മലപ്പുറം പോലെ യുഡിഎഫിന്റെ കുത്തക മണ്ഡലമാണ് പൊന്നാനിയും. ലീഗിന്റെ ഈ പൊന്നാപുരം കോട്ടയിൽ, നാലരപ്പതിറ്റാണ്ടായി ഇടതുമുന്നണി പച്ചതൊട്ടിട്ടില്ല. മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഹാട്രിക് തികച്ച മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,93,273 വോട്ടിന്റെ ഭൂരിപക്ഷത്തിന്, പി വി അൻവറിനെ കീഴടക്കിയാണ് ഇ.ടി മൂന്നാം വിജയം കുറിച്ചത്. ഇക്കുറി ഇ ടി മലപ്പുറത്തേക്ക് മാറിയപ്പോൾ പകരമെത്തിയത്, മലപ്പുറം എംപി ഡോ. അബ്ദുസമദ് സമദാനിയാണ്. മുൻ ലീഗ് നേതാവ് കെ എസ്. ഹംസയെ രംഗത്തിറക്കിയാണ് സിപിഎം ഭാഗ്യം പരീക്ഷിക്കുന്നത്. ലീഗിന്റെ തന്ത്രങ്ങൾ അടുത്തറിയുന്ന ഹംസയുടെ സാന്നിധ്യം എൽഡിഎഫിന് ഊർജ്ജം നൽകിയിട്ടുണ്ട് എന്നത് വസ്തുതയാണ്. നിവേദിത സുബ്രഹ്മണ്യനാണ് ബിജെപി സ്ഥാനാർത്ഥി.

ഇത്തവണയും പൊന്നാനിയിൽ യുഡിഎഫിന്റെ ആധിപത്യം തുടരുമെന്നാണ്, മറുനാടൻ സർവേഫലം വ്യക്തമാക്കുന്നത്. 13 ശതമാനം വോട്ടിന്റെ വൻ ലീഡാണ് സർവേ യുഡിഎഫിന് പ്രവചിക്കുന്നത്. 75,000ത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിന് സമദാനി ജയിക്കാനുള്ള സാധ്യതയാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)


യുഡിഎഫ്- 47

എൽഡിഎഫ്-34

എൻഡിഎ- 12

മറ്റുള്ളവർ-3

നോട്ട- 4

പക്ഷേ, കഴിഞ്ഞ തവണ 51 ശതമാനം ഉണ്ടായിരുന്നു യുഡിഎഫ് വോട്ട്, നാലുശതമാനം കുറഞ്ഞ് 47ൽ എത്തുമെന്ന് മറുനാടൻ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന്റെ വോട്ട് കൂടും. കഴിഞ്ഞ തവണ 31 ശതമാനം ഉണ്ടായിരുന്നു എൽഡിഎഫ് വോട്ട്, 34ൽ എത്തും. ബിജെപി വോട്ടിലും നേരിയ വർധനയാണുള്ളത്. ഇവിടെ ഐക്യമുന്നണിക്ക് കുറയുന്ന വോട്ടുകൾ, ഇടതുമുന്നണിയിലേക്കാണ് പോവുന്നത്. എന്നാലും, 13 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമുള്ളതിനാൽ, നല്ല മാർജിന് ഇവിടെ യുഡിഎഫിന് വിജയിക്കാനാവും.

നിയമസഭാ മണ്ഡലങ്ങൾ നോക്കുമ്പോൾ, ഏഴിൽ നാലും ഇടതിന് ഒപ്പമാണ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ഇതിൽ താനൂർ, തവന്നുർ, പൊന്നാനി, തൃത്താല മണ്ഡലങ്ങൾ ഇടതിനൊപ്പമാണ്. പക്ഷേ നിയമസഭയിലെ വോട്ടിങ്ങ് പാറ്റേണല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകാറുള്ളതെന്ന് വ്യക്തമാണ്.

പാലക്കാടൻ കാറ്റ് ഇടത്തേക്ക്

96 മുതൽ 22 വർഷം സിപിഎം സ്ഥാനാർത്ഥികൾ തുടർച്ചയായി ജയിച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠനിലൂടെ കോൺഗ്രസ് നടത്തിയ വൻ അട്ടിമറി സിപിഎമ്മിന് ഏറ്റ ഷോക്കുകൂടിയായിരുന്നു. പക്ഷേ ചരിത്രം നോക്കിയാൽ ഈ മണ്ഡലം ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുണ്ട്. 77മുതൽ 84വരെ കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ, 89ൽ എ വിജയരാഘവനെ ഇറക്കിയാണ് ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചത്. പിന്നീട് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് നാലുതവണ ജയിച്ച മണ്ഡലത്തിൽ, എം ബി രാജേഷും രണ്ടുതവണ ജയിച്ചു.

2019-ൽ ഹാട്രിക്കിന് ഇറങ്ങിയ രാജേഷിന്, വി കെ ശ്രീകണ്ഠൻ എന്ന യുവ നേതാവിന് മുന്നിൽ കാലിടറി. വെറും 1,637 വോട്ടായിരുന്നു ശ്രീകണ്ഠന്റെ ഭൂരിപക്ഷം. ഇപ്പോൾ ശ്രീകണ്ഠനെ നേരിടാൻ വീണ്ടും, മുതിർന്ന നേതാവും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവനെ സിപിഎം രംഗത്തിറക്കിയിരിക്കയാണ്. കഴിഞ്ഞ തവണ മൽസരിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാർ തന്നെയാണ് ഇക്കുറിയും, പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി. ബിജെപിക്ക് നല്ലവേരുകളുള്ള മണ്ഡലമാണിത്. മറുനാടൻ സർവേ പ്രകാരം ഇത്തവണ പാലക്കാട് ഇടതുമുന്നണിക്കാണ് മുൻതൂക്കം.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

എൽഡിഎഫ്- 39

യുഡിഎഫ്- 35

എൻഡിഎ- 23

മറ്റുള്ളവർ- 1

നോട്ട-2

കഴിഞ്ഞ തവണ 38 ശതമാനം വോട്ടുകൾ നേടിയ ഇടതു മുന്നണിക്ക് മറുനാടൻ സർവേ പ്രകാരം ഒരു ശതമാനത്തിന്റെ വോട്ട് വർധന കാണുന്നുണ്ട്. എന്നാൽ യുഡിഎഫിന്റെ വോട്ടിൽ മൂന്ന് ശതമാനം ഇടിവ് വന്നിട്ടുണ്ട്. എന്നാൽ ബിജെപി ആവട്ടെ 21 ശതമാനത്തിൽ നിന്ന് 23 ശതമാനമായി തങ്ങളുടെ വോട്ട് വിഹിതം ഉയർത്തുന്നുണ്ട്. ഇവിടെയും കോൺഗ്രസിന്റെ കുറയുന്ന വോട്ടുകൾ, ബിജെപിക്ക് കൂടുന്നതായി കാണാം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് ലോകസഭാ നിയോജക മണ്ഡലം. ഇതിൽ മണ്ണാർക്കാടും, പാലക്കാടും ഒഴികെയുള്ള അഞ്ച് അസംബ്ലി സീറ്റുകളും ഇടതിന് ഒപ്പമാണ്. ബിജെപിക്ക് നല്ല സ്വാധീനമുള്ള പാലക്കാട് അസംബ്ലി മണ്ഡലത്തിൽ, യുഡിഎഫിന് പിന്നാലെ രണ്ടാമത് എത്തിയത് അവരാണ്. എൽഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ആലത്തൂരിൽ ആരും പാട്ടുംപാടി ജയിക്കില്ല!

കഴിഞ്ഞ തവണ സിപിഎമ്മിന് ഏറ്റവും വലിയ ആഘാതമേറ്റ മണ്ഡലങ്ങളിൽ ഒന്നായിരുന്നു ആലത്തൂർ. ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഎം നേതാവും, സിറ്റിങ്് എംപിയുമായ പി.കെ.ബിജു ഇവിടെ തോറ്റത് ഒന്നര ലക്ഷത്തിലേറെ വോട്ടിനാണ്. പുതുമുഖമായ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്, ഇവിടെ ശരിക്കും പാട്ടും പാടി ജയിക്കയായിരുന്നു.

ഇത്തവണ രമ്യ ഹരിദാസിനെ നേരിടാൻ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന മന്ത്രിയുമായ കെ രാധാകൃഷ്ണനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. രാധാകൃഷ്ണന്റെ വരവ് ശക്തമായ മൽസരത്തിന് കളമൊരുക്കി. പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി എൻ സരസുവാണ് ബിജെപി സ്ഥാനാർത്ഥി. പക്ഷേ ഇത്തവണ കടുത്ത മത്സരമാണെന്നാണ്, മറുനാടൻ സർവേ ഫലം സൂചിപ്പിക്കുന്നത്. വെറും രണ്ടുശതമാനം വോട്ടിന് മാത്രമാണ് ഇവിടെ രമ്യാഹരിദാസ് മുന്നിട്ട് നിൽക്കുന്നത്. ഈ നില ഇനിയും മാറി മറിഞ്ഞേക്കാം..
.

ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

യുഡിഎഫ്-43

എൽഡിഎഫ്-41

എൻഡിഎ-13

മറ്റുള്ളവർ-1

നോട്ട-2

കഴിഞ്ഞ തവണ 52 ശതമാനം വോട്ട് നേടിയ യുഡിഎഫിന്റെ വോട്ടുകളിൽ ഇത്തവണ എഴുശതമാനത്തിന്റെ വലിയ ചോർച്ചയാണ് മറുനാടൻ സർവേയിൽ കാണുന്നത്. എൽഡിഎഫിന് നാല് ശതമാനത്തോളം വോട്ട് കൂടുന്നുമുണ്ട്. കഴിഞ്ഞ തവണ, 9 ശതമാനം മാത്രമുള്ള ബിജെപി വോട്ടുകൾ ഇത്തവണ 4 ശതമാനം വർധിക്കുന്നായി സർവേ പ്രവചിക്കുന്നു. ഇവിടെയും കോൺഗ്രസിന്റെ കുറയുന്ന വോട്ടുകളുടെ ഒരു ഭാഗം ബിജെപിയിലേക്ക് പോകുന്നതായി കാണാം. ജനസംഖ്യാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ 70 ശതമാനത്തോളം ഹിന്ദുക്കൾ ഉള്ള മണ്ഡലമാണ്് ആലത്തൂർ.

പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും, തൃശ്ശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയും ചേർന്നതാണ് ആലത്തൂർ ലോകസഭാ മണ്ഡലം. ഈ ഏഴുമണ്ഡലങ്ങിൽ ഏഴും ഇടതിന് ഒപ്പമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനാണ് നിലവിൽ ചേലക്കര എംഎൽഎ.

തൃശൂരിൽ ത്രിശങ്കു; ആർക്കും എടുക്കാം!

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ തൃശൂർ സാക്ഷിയാവുന്നത്. ചരിത്രം നോക്കുമ്പോൾ, ഇരുമുന്നണികളെയും മാറിമാറി ജയിപ്പിച്ച പാരമ്പര്യം, ശക്തന്റെ തട്ടകത്തിനുണ്ട്. കഴിഞ്ഞ തവണ 'തൃശൂർ ഞാനിങ്ങെടുക്കുവാ' എന്ന ആഹ്വാനവുമായി ബിജെപിക്കു വേണ്ടി സുരേഷ് ഗോപി പ്രചണ്ഡമായ പ്രചാരണം നടത്തിയെങ്കിലും, കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. 93,633 വോട്ടിന്റെ മാർജിനിൽ, സിപിഐയിലെ രാജാജി മാത്യു തോമസിനെയാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ പ്രതാപൻ തോൽപ്പിച്ചത്. പ്രതാപന് 4,15,089വോട്ട് കിട്ടയപ്പോൾ, രാജാജി മാത്യു തോമസിന് 3,21,456 വോട്ടുകളും, സുരേഷ് ഗോപിക്ക് 2,93,822 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെയും എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 2.66 ശതമാനം മാത്രമായിരുന്നു.

ഇത്തവണ പോസ്റ്റർ വരെ അടിച്ചതിനുശേഷമാണ് ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ കോൺഗ്രസ് കളത്തിലറക്കിയത്്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അടക്കമുള്ള കാര്യങ്ങൾ മണ്ഡലത്തിൽ ഇപ്പോഴും ചർച്ചയാണ്. മുൻ മന്ത്രിയും സിപിഐ നേതാവുമായ, ജനകീയനെന്ന ഇമേജുമുള്ള വി എസ് സുനിൽകുമാറിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. ഇത്തവണയും സുരേഷ് ഗോപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെവരെ ഇറക്കി ഇവിടെ ശക്തമായ പ്രചാരണം നടത്തിയിട്ടുണ്ട്.

തൃശൂരിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് മറുനാടൻ സർവേയും അടിവരയിടുന്നു. നിലവിൽ ഒരു ശതമാനം വോട്ടിന് ഇവിടെ സുരേഷ് ഗോപി, കെ മുരളീധരനേക്കാൾ മുന്നിലാണ്. മുരളീധരനും രണ്ടുശതമാനം വോട്ടിന് പിന്നിലാണ് ഇടത് സ്ഥാനാർത്ഥി സുനിൽ കുമാർ. അതായത് ശരിക്കും ത്രിശങ്കു തൃശൂർ. ഇവിടെ ആർക്കും ജയിക്കാവുന്ന അവസ്ഥയാണ്.


ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

എൻഡിഎ- 33

യുഡിഎഫ്-32

എൽഡിഎഫ്- 30

മറ്റുള്ളവർ-3

നോട്ട-2

കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, യുഡിഎഫിന്റെ വോട്ടുകളിൽ വലിയ ഇടിവ് കാണാം. 39.83 ശതമാനം വോട്ട് നേടിയ യുഡിഎഫ് ഇത്തവണ 7 ശതമാനത്തിലേറെ കുറഞ്ഞ് 32ലേക്ക് താഴാൻ ഇടയുണ്ടെന്ന് മറുനാടൻ സർവേ സൂചിപ്പിക്കുന്നു. എൽഡിഎഫിന് കഴിഞ്ഞ തവണ കിട്ടിയ 30.85 ശതമാനത്തിൽ ചെറിയ കുറവേ വരുന്നുള്ളൂ. എന്നാൽ എൻഡിഎയുടെ വോട്ടിൽ വലിയ വർധനയുണ്ട്. 28.19 ശതമാനമായിരുന്നു കഴിഞ്ഞ തവണ സുരേഷ് ഗോപിക്ക് കിട്ടിയത്. മറുനാടൻ സർവേയിൽ അത്, 5 ശതമാനത്തോളം കൂടി 33ൽ എത്തുമെന്ന് പ്രവചിക്കുന്നു. അതായത് യുഡിഎഫിന്റെ നഷ്ടം ബിജെപിയുടെ നേട്ടമാവുന്നെന്ന് ചുരുക്കം. പക്ഷേ ഇത്രക്ക് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ അന്തിമഫലം മാറിമറിയാനും സാധ്യതയുണ്ട്.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. ഇതിൽ എഴിൽ ഏഴും എൽഡിഎഫിന്റെ കൈയിലാണ്.

പത്തിൽ ആറിടത്ത് യുഡിഎഫ് മുന്നിൽ

രണ്ടാം ഘട്ട സർവേയുടെ ഫലം പുറത്തുവരുമ്പോൾ മൂന്നിടത്ത് യുഡിഎഫും, ഒരിടത്ത് എൽഡിഎഫും, ഒരിടത്ത് എൻഡിഎയുമാണ് മുന്നിട്ട് നിൽക്കുന്നത്. മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ മൃഗീയ ഭൂരിപക്ഷമായി മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുന്നു. പാലക്കാട് സിപിഎമ്മിനാണ് മൂൻതൂക്കം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലത്തൂരിൽ രമ്യ ഹരിദാസ് വെറും രണ്ടു ശതമാനം വോട്ടിനാണ് മുന്നിൽ. ഫോട്ടോ ഫിനീഷിലേക്ക് നീങ്ങുന്ന തൃശൂരിൽ വെറും ഒരു ശതമാനം വോട്ടിന് സുരേഷ് ഗോപി മുന്നിലെത്തുന്നു.

കാസർകോട് മുതൽ തൃശൂർ വരെയുള്ള പത്തു മണ്ഡലങ്ങളുടെ ഫലം പൂർത്തിയാവുമ്പോൾ വിജയസാധ്യത ഇങ്ങനെയാണ്:

യുഡിഎഫ്- കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ

എൽഡിഎഫ്- കാസർകോട്, വടകര, പാലക്കാട്

എൻഡിഎ- തൃശ്ശൂർ