തിരുവനന്തപുരം: മറുനാടൻ മലയാളിയും, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയും സംയുക്തമായി നടത്തിയ, ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രീ പോൾ സർവേയിൽ വോട്ട് വർധിക്കുന്നത് എൻഡിഎ മുന്നണിക്ക് മാത്രമാണ്. മറുനാടൻ സർവേ പ്രകാരം ഇത്തവണ യുഡിഎഫിന് കിട്ടുക 40.95 ശതമാനം വോട്ടാണ്. കഴിഞ്ഞ തവണത്തെ വെച്ചുനോക്കുമ്പോൾ 6 ശതമാനം വോട്ടിന്റെ ഇടിവാണ് യുഡിഎഫിന് ഉണ്ടാവുന്നത്. 2019-ൽ 47.24 ശതമാനം വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 41.98 ശതമാനം വോട്ടാണ് ലഭിച്ചത്. അവിടെ നിന്ന് നേടിയ ആറു ശതമാനത്തിന്റെ കുതിപ്പാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

എന്നാൽ യുഡിഎഫിന്റെ ഈ നഷ്ടം എൽഡിഎഫിന്റെ നേട്ടമാവുന്നില്ല എന്ന് സർവേ കണക്കുകൾ അവലോകനം ചെയ്താൽ വ്യക്തമാവും. ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് വലുതായി വോട്ടുയർത്താൻ ആവുന്നില്ലെന്ന് മറുനാടൻ സർവേ സൂചിപ്പിക്കുന്നു. 2019-ൽ എൽഡിഎഫിന് ലഭിച്ചത്, 35.10 ശതമാനം വോട്ടുകളാണ്. മറുനാടൻ സർവേ പ്രകാരം അത് 35.75ആയി നേരിയ വർധന കാണിക്കുന്നുണ്ട്. 2014ലെ ലോക്സഭാ തിരിഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത് 40.12 ശതമാനം വോട്ടാണ്.

മറുനാടൻ സർവേ പ്രകാരം വളർച്ചയുള്ളത്് എൻഡിഎക്കാണ്. യുഡിഎഫിൽ നിന്ന വിഘടിക്കുന്ന വോട്ടുകളിൽ ഒരു വിഭാഗംപോവുന്നത് എൻഡിഎയിലേക്കാണ്. 2019-ൽ 15.53 ശതമാനമാണ് ബിജെപിയുടെ വോട്ടു വിഹിതം രണ്ടുശതമാനത്തിലധിം വർധിച്ച് 17.65ൽ എത്തുമെനന് സർവേ പ്രവചിക്കുന്നു. 2014-ൽ ബിജെപിയുടെ വോട്ടുവിഹിതം 10.82 ശതമാനമായിരുന്നു.

യുഡിഎഫിന് 8 മുതൽ 20 വരെ സീറ്റ്

14 മണ്ഡലങ്ങളിൽ യുഡിഎഫും, 5 മണ്ഡലങ്ങളിൽ എൽഡിഎഫും, ഒരിടത്ത് എൻഡിഎയും മുന്നിട്ട് നിൽക്കുന്നു എന്നതാണ് മറുനാടൻ സർവേയുടെ അന്തിമഫലം. ഇതിൽ വടകരയിലും, തൃശൂരിലും ഫോട്ടോ ഫിനീഷാണെന്നാണ് സർവേയിൽ കാണുന്നത്. തൃശൂരിൽ സുരേഷ് ഗോപി കെ മുരളീധരനേക്കാൾ ഒരു ശതമാനം വോട്ടിന് മാത്രമാണ് മുന്നിൽ. സമാനമാണ് വടകരയിലെയും അവസ്ഥ. ഇവിടെയും വെറും ഒരു ശതമാനമാണ് ശൈലജ ടീച്ചറുടെ ലീഡ്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലൊക്കെ അവസാന നിമിഷം ഫലം മാറിമറിയാൻ സാധ്യതയുണ്ട്.

വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, എന്നീ 8 മണ്ഡലങ്ങളിൽ ഒഴികെ ഒരിടത്തും, 5 ശതമാനം വോട്ടിന്റെ ലീഡ് മുന്നണികൾക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അതായത്, കേരളത്തിലെ 20-ൽ 12 മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെയാണെന്ന് ചുരുക്കം. ഇതിൽ ഇടതുപക്ഷത്തിന് ഒരു സീറ്റിലും അഞ്ചുശതമാനം വോട്ട് നേടി സുരക്ഷിതമായ ഭൂരിപക്ഷത്തിലെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ യുഡിഎഫിന് 8 മണ്ഡലങ്ങൾ ഏതാണ്ട് ഉറപ്പാണ്. വിശാല അർത്ഥത്തിൽ യുഡിഎഫ് 8-20 സീറ്റുവരെ നേടുമെന്ന് പറയാം. കടുത്ത മത്സരം നടക്കുന്ന പന്ത്രണ്ട് സീറ്റുകളിൽ രണ്ടിടത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. അതിനാൽ എൽഡിഎഫ് പൂജ്യം മുതൽ 10 സീറ്റുകൾ നേടുമെന്ന് പറയാം. എൻഡിഎ പൂജ്യം മുതൽ 2 സീറ്റുകൾ നേടുമെന്നും സർവേയുടെ പൊതുരൂപമായി പറയാം.

അതുപോലെ തന്നെ 14 ശതമാനം വോട്ടുകൾ നേടി ട്വന്റി ട്വന്റി ചാലക്കുടിയിൽ യുഡിഎഫിന് ഭീഷണി ഉയർത്തുന്നുണ്ട്. എറണാകുളത്തും 11 ശതമാനം വോട്ടുകൾ ട്വന്റി ട്വന്റി നേടുന്നുണ്ട്. ഒരു പുതിയ പാർട്ടിയെ സംബന്ധിച്ച് വലിയ വളർച്ച തന്നെയാണിത്. പതിവിന് വിപരീതമായി ഇത്തവണ അഞ്ചുശതമാനത്തോളം വരുന്ന നോട്ട സർവേയിൽ കാണുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയക്കാർക്ക് എതിരായ അതിശക്തമായ ജനരോഷമായി ഇതിനെ വിലയിരുത്താം.