തിരുവനന്തപുരം: ശബരിമല വികാരവും, രാഹുൽ ഗാന്ധി തരംഗവും നിലനിന്ന 2019-നെ അപേക്ഷിച്ച്, സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടും, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ നേട്ടം കൊയ്യാൻ കഴിയുന്നില്ല എന്ന് മറുനാടൻ സർവേ വിലയിരുത്തിയിരുന്നു. ഐക്യമുന്നണിക്ക് 14 സീറ്റുകളിൽ മുൻതൂക്കം പ്രവചിക്കുമ്പോൾ, ഇടതിന് 5 സീറ്റുകൾ മാത്രമാണ് സർവേയിൽ കാണുന്നത്. ഇവയിൽ ഒന്നിൽപോലും, സുരക്ഷിതം എന്ന് പറയാവുന്ന 5 ശതമാനത്തിലേറെ വോട്ടിന്റെ ലീഡുമില്ല. മാറിയ സാഹചര്യത്തിലും എന്താണ് കേരളത്തിൽ ഇടതുമുന്നണിലെ പിറകോട്ട് വലിക്കുന്നത് എന്ന് വിലയിരുത്തുമ്പോൾ, അത് സംസ്ഥാന ഭരണത്തിനെതിരായ അതിശക്തമായ വികാരമാണെന്ന് സർവേ പറയുന്നു. സർവേയുടെ അനുബന്ധ ചോദ്യമായി 'പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യത്തിന് 41 ശതമാനംപേരും മോശം എന്നാണ് പറഞ്ഞത്.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

A വളരെ മികച്ചത് - 4

B മികച്ചത്- 15

C ശരാശരി- 30

D മോശം- 41

E വളരെ മോശം- 10

സർക്കാർ മികച്ചതാണെന്ന് വിലയിരുത്തന്നത് വെറും 15 ശതമാനം പേർ മാത്രമാണ്. വളരെ മികച്ചതാണെന്ന് കരുതുന്നവർ വെറും നാല് ശതമാനം മാത്രം. അതായത് കടുത്ത ഇടതുപക്ഷ വിശ്വാസികൾക്കുപോലും, പിണറായി സർക്കാറിന്റെ പ്രകടനം ഗംഭീരമാണെന്ന് പറയാൻ കഴിയുന്നില്ല. 41 ശതമാനം പേർ സർക്കാർ മോശമാണെന്ന് തുറന്ന് പറയുന്നു. 10 ശതമാനം പേർ വളരെ മോശമെന്നും.

അടിക്കടിയുണ്ടാവുന്ന വിവാദങ്ങൾ സർക്കാറിന്റെ പ്രതിഛായ മോശമാക്കിയെന്ന് വ്യക്തം. പ്രളയവും, കോവിഡും കൈകാര്യം ചെയ്തതിലെ മികവും, ക്ഷേമപെൻഷനും കിറ്റും അടക്കമുള്ള ജനക്ഷേമ നടപടികളും വഴി കിട്ടിയ സർക്കാറിന്റെ ഇമേജ് തന്നെയായിരുന്നു ഭരണത്തുടർച്ചക്ക് ഇടയാക്കിയത്. പിണറായിസം എന്ന് പേരിട്ട് വിളിക്കുന്ന ആ മാജിക്ക് ഇപ്പോൾ വർക്ക് ആവുന്നില്ല എന്ന് മറുനാടൻ സർവേ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തെപ്പോലും പ്രതിക്കൂട്ടിലാക്കിയ, വിവാദങ്ങൾ സർക്കാറിന്റെ പ്രതിഛായ തകർത്തുവെന്ന് ഉറപ്പാണ്.

യുഡിഎഫിന്റെ പ്രകടനം ശരാശരി

സർക്കാറിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുക്കേണ്ട പ്രതിപക്ഷത്തിന്റെ പ്രകടനത്തെക്കുറിച്ചും ജനത്തിന് മതിപ്പില്ല. യുഡിഎഫിന്റെ പ്രകടനം ശരാശരി മാത്രമാണെന്നാണ്, മറുനാടൻ സർവേയിൽ 55 ശതമാനം ജനങ്ങളും വിലയിരുത്തുന്നത്. ഒരു പരിധിവരെ എൽഡിഎഫ് സർക്കാർ പിടിച്ചുനിൽക്കുന്നതും, ഇതുകൊണ്ടായിരിക്കും.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രകടനം എങ്ങനെ?

A വളരെ മികച്ചത്-10

B മികച്ചത്- 20

C ശരാശരി- 55

D മോശം- 5

E വളരെ മോശം- 10