തിരുവനന്തപുരം: എല്ലാ തിരഞ്ഞെടുപ്പുകളും ഭരണകക്ഷിയുടെ വിലയിരുത്തലുകൾ കുടിയാണ്. സർവേകളിലെ അനിവാര്യ ഘടകമാണ്, കേന്ദ്ര ഭരണത്തെയും സംസ്ഥാന ഭരണത്തെയും വിലയിരുത്തുക എന്നത്. മറുനാടൻ സർവേ പ്രകാരം സംസ്ഥാന സർക്കാറിനെതിരെ അതിശക്തമായ വികാരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 41 ശതമാനം പേരും രണ്ടാം പിണറായി സർക്കാർ, മോശമാണെന്നാണ് അഭിപ്രായപ്പെട്ടത്. 30 ശതമാനം പേർ മാത്രമാണ് പിണറായിക്ക് ശരാശരി മാർക്ക് കൊടുത്തത്

അതുപോലെ മോദി സർക്കാറിന്റെ ഭരണത്തെയും വിലയിരുത്തിയാൽ, അത് പിണറായി സർക്കാറിനേക്കാളും മെച്ചമാണെന്ന ഫലമാണ് കിട്ടുക. കേന്ദ്ര സർക്കാർ ശരാശരിയാണെന്ന് 40 ശതമാനം പേർ പറയുന്നുണ്ട്. കേന്ദ്ര സർക്കാർ വളരെ മികച്ചതാണെന്ന് 5 ശതമാനം പേരും, മികച്ചതാണെന്ന് 15 ശതമാനംപേരും പറയുന്നു. രാഷ്ട്രീയമായി യുഡിഎഫും എൽഡിഎഫും ചേർന്നാൽ 80 ശതമാനമാവുന്നതാണ് കേരളത്തിലെ മൂൻകാല അവസ്ഥ. അതുവെച്ച് നോക്കുമ്പോൾ കേരളത്തിൽ പഴയതുപോലെ മോദി സർക്കാർ വിരുദ്ധത ഇല്ലെന്ന് അനുമാനിക്കാം.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: മോദി സർക്കാറിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

A വളരെ മികച്ചത് - 5

B മികച്ചത്- 15

C ശരാശരി- 40

D മോശം- 25

E വളരെ മോശം- 15


ഇന്ത്യാ മുന്നണിയും ശരാശരി

രാജ്യത്തെ മുഖ്യപ്രതിപക്ഷമായ, ഇന്ത്യാ മുന്നണിയുടെ പ്രകടനവും ശരാശരി മാത്രമാണെന്നാണ് 45 ശതമാനംപേരും അഭിപ്രായപ്പെട്ടത്. കേരളത്തിൽ യുഡിഎഫും, എൽഡിഎഫും ഒരുപോലെ പിന്തുണക്കുന്ന മുന്നണിയായിട്ടും, ഇന്ത്യാ മുന്നണി വളരെ മികച്ചതാണെന്ന് കരുതുന്നവർ വെറും 10 ശതമാനം മാത്രമാണ്.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയുടെ പ്രകടനം എങ്ങനെ?

A വളരെ മികച്ചത്-10

B മികച്ചത്- 22

C ശരാശരി- 45

D മോശം- 11

E വളരെ മോശം- 12

രാഹുൽ പ്രധാനമന്ത്രിയാവണം

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേരളം പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെതന്നെയാണ്. മറുനാടൻ സർവേയിൽ 54 ശതമാനം പേരും രാഹുലിലാണ് വോട്ട് ചെയ്യുന്നത്. സീതാറാം യെച്ചൂരിക്ക് വെറും 11 ശതമാനം വോട്ടാണ് കിട്ടിയത്. അതിനർത്ഥം സിപിഎമ്മുകാർ പോലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇഷ്ടപ്പെടുന്നത് രാഹുലിനെ തന്നെയാണെന്നാണ്. കേരളത്തിൽ മോദിക്കും പിന്തുണയേറുകയാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. 27 ശതമാനം പേർ മോദി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു. ബിജെപിക്ക് അതീതമായ വ്യക്തിത്വ പ്രഭാവം കേരളത്തിലും മോദിക്ക് ഉണ്ടെന്ന് വ്യക്തം.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: പ്രധാനമന്ത്രിയാവാൻ നിങ്ങൾ പരിഗണിക്കുന്ന നേതാവാര്?

A നരേന്ദ്ര മോദി- 27

B രാഹുൽ ഗാന്ധി- 54

C അരവിന്ദ് കെജ്രിവാൾ-8

D സീതാറാം യെച്ചൂരി-11

അഴിമതിയും, വർഗീയതയും പ്രശ്നം

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയം എന്താണെന്ന ചോദ്യത്തിന് 50 ശതമാനംപേരും, അഴിമതിയും, വർഗീയതയും, വിലക്കയറ്റവും എന്നാണ് പ്രതികരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് 35 ശതമാനം പേരും കരുതുന്നുണ്ട്.

സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)

ചോദ്യം: ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയം എന്താണ്?

A കേന്ദ്ര സർക്കാറിന്റെ വിലയിരുത്തൽ- 35

B അഴിമതിയും, വർഗീയതയും, വിലക്കയറ്റവും- 50

C സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ- 10

D ഇവയൊന്നുമല്ല- 5