തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ, കിഴക്കുവടക്കേ ഇന്ത്യ, പഞ്ചാബ്‌സിന്ധ്പശ്ചിമ ഇന്ത്യ, മറാട്ടാ ഇന്ത്യ, കശ്മീർ ഇന്ത്യ, ഹിമാലയൻ ഇന്ത്യ, തമിഴ് ഇന്ത്യ... എല്ലാവരും അധികാര സിംഹാസനത്തിൽ ഇരിക്കാൻ അന്യോന്യം മത്സരിക്കുകയാണ്. ഇനി എന്തൊക്കെ കേൾക്കണം, സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവൻ ഉഴിഞ്ഞുവെച്ചു ജീവിതം ഹോമിച്ച മരിച്ചുപോയ നമ്മുടെ മഹാനായ ഇന്ത്യൻ, മഹാത്മാ ഗാന്ധിജിക്ക്...?

ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തി കൊണ്ടുപോകാനുള്ള് നേതാവല്ലേ ഇനിയുള്ള കാലത്ത് ഇന്ത്യക്ക് ചേരുക എന്ന് അധികാരത്തോട് യാതൊരു ആഭിമുഖ്യവുമില്ലാത്ത എന്നെപ്പോലെയുള്ളവർ ചിന്തിച്ചുപോകുന്നു. ഇനി ആര് അധികാരത്തിൽ എത്തിയാലും 58 കോടി ജനത്തെ ഓടിച്ചുവിടുക സാധ്യമോ? 3 കോടി ജനത്തെ ഇല്ലായ്മ ചെയ്യുക അഭികാമ്യമോ?

ഇന്ത്യ ഒരു ലോകശക്തി ആകാതെയിരിക്കാൻ ഇന്നത്തെ ലോകശക്തികൾ ആഗ്രഹിക്കുന്നു. ശത്രുരാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും ഇന്ത്യയിൽ കടന്നുകയറി കുറെ പ്രദേശങ്ങൾ സ്വന്തമാക്കാനും തക്കസമയത്തിനായി കാത്തിരിക്കുന്നു. എന്നുതന്നെയോ? ഇവിടുത്തെ വിഘടനവാദികളും നിരോധിതസംഘടനകളും ഇന്ത്യയുടെ ചില ഭൂഭാഗങ്ങൾ അവരുടേതാക്കി സ്വന്തം സ്വാമ്രാജ്യം ഉണ്ടാക്കാൻ കാണാമറയത്ത് ഒളിഞ്ഞിരിക്കുന്നു.

ഇന്ത്യ പല കഷണങ്ങളായി വേർതിരിയാൻ അവരെല്ലാം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയപാർട്ടികളുടെ ചെയ്തികൾ കാണുമ്പോൾ അവർ വിദേശശക്തികളുടെയും ശത്രുരാജ്യങ്ങളുടെയും ഇന്ത്യയിലെ വിഘടനവാദികളുടെയും രഹസ്യ ഏജന്റ് ആണോ എന്നു ജനം സംശയിച്ചുപോയാൽ എന്താണ് പറയുക?

മറ്റൊരു യുഎസ്എസ്ആർ ആണോ നമ്മെ കാത്തിരിക്കുന്നത്? എങ്കിൽ ഭാവിതലമുറ ഇനി മറ്റൊരു വിദേശ അധിനിവേശത്തെ തുരത്താൻ എത്ര ജീവൻ കളയേണ്ടിവരും, എത്ര രക്തം ചൊരിയേണ്ടിവരും? അതുകൊണ്ട് നിങ്ങളുടെ വോട്ട് ചിന്തിച്ച്, സൂക്ഷിച്ച് ചെയ്യുക എന്നതാണ് സാദാ ജനത്തിന് ചെയ്യാൻ പറ്റുന്ന ഏകകർമ്മം. അതുകഴിഞ്ഞ് നിങ്ങൾ വെറും കാഴ്ചക്കാരും ജീവൻ ഹോമിക്കാൻ വിധിക്കപ്പെട്ട വെറും ഇരകളും മാത്രമാകും.

പിന്നെ അധികാരം കൈയിൽ കിട്ടുന്ന രാജ്യസ്നേഹിയോ രാജ്യദ്രോഹിയോ കാര്യങ്ങൾ തീരുമാനിക്കും; അവരുടെ കർമ്മഫലം നമ്മുടെ ഭാവിയും ജീവിതവും ജീവന്റെ നിലനിൽപ്പും തീരുമാനിക്കും. ഇപ്പോൾതന്നെ ഓരോ പ്രദേശത്തെയും ന്യൂനപക്ഷങ്ങളുടെ മനസ്സുകളിൽ തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയെപ്പറ്റി ഓർത്തുള്ള ആകുലതകളും ഭീതിയുമാണ്, ഉത്കണ്ഠയാണ്.

ഓർക്കുക, ചില പ്രദേശങ്ങളിൽ ഭൂരിപക്ഷം എന്നു ചിന്തിക്കുന്ന പല ജാതികളും മതങ്ങളും മറ്റു ചിലയിടങ്ങളിൽ വെറും ന്യൂനപക്ഷങ്ങൾ മാത്രമാണ്. ഒരു കലാപം ഉണ്ടായാൽ (അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു) അവരെ സഹായിക്കാനും രക്ഷിക്കാനും ആരെത്തും എന്നാണ് നിങ്ങൾ കരുതുന്നത്? ആരുമെത്തില്ല.

അവർക്ക് ഒരുപക്ഷേ പിന്നീട് രക്തസാക്ഷികൾ എന്ന ടൈറ്റിൽ കിട്ടിയേക്കാം. ചത്തത് ചത്തതുതന്നെ. അതുകൊണ്ട് സ്വയരക്ഷക്കായുള്ള പോംവഴികളാണ് എല്ലാവരുടെയും ഉള്ളിൽ നിറയുന്നത്. നാം ഇന്ത്യക്കാർ ഒന്നായി നിലകൊള്ളുമോ തമ്മിലടിച്ചു സ്വയം ബലിയാടാകുമോ എന്ന് കാലം പറഞ്ഞു തരുന്നതുവരെ കാത്തിരുന്നാൽ പിന്നെ ഒന്നും പറയേണ്ടതില്ല, അതിനുള്ള അവസരംതന്നെ കിട്ടില്ല. ഹൃദയവും വികാരങ്ങളും മാറ്റി വച്ചിട്ട് ഇവിടെ ബുദ്ധിയുപയോഗിക്കുക. അല്ലെങ്കിൽ കട്ടപ്പൊക ....

എന്ന്

(വോട്ടവകാശം മാത്രം ഇന്ത്യയിൽ ഉള്ള ഒരു സാദാപൗരൻ)