- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വീണ്ടും കെ എസും വിഡിയും ഒരുമിച്ചെത്തി; നിർണ്ണായകമായത് ഹൈക്കമാണ്ട് ഇടപെടൽ
തിരുവനന്തപുരം: സമരാഗ്നിയിലെ പ്രതിസന്ധിക്ക് കോൺഗ്രസിൽ പരിഹാരമാകുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള പ്രശ്നങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ട് പറഞ്ഞു തീർത്തു. കണ്ണൂരിൽ സുധാകരനെ മത്സരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിയുന്നതോടെ കെപിസിസി അധ്യക്ഷ പദവി താൽകാലികമായി സുധാകരൻ ഒഴിയും. കണ്ണൂരിൽ സുധാകരൻ ജയിക്കുമെന്നാണ് വിലയിരുത്തൽ. എംപിയായി കഴിഞ്ഞാൽ കെപിസിസിയിലേക്ക് സുധാകരൻ മടങ്ങില്ല. രണ്ടു പദവിയോട് ഇനി താൽപ്പര്യമില്ലെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ല്ത്ത് സുധാകരനുമായി സതീശൻ വേദി പങ്കിട്ടത്. കഴിഞ്ഞ ദിവസം താൻ സതീശനെ തെറി പറഞ്ഞില്ലെന്ന് സുധാകരൻ വിശദീകരിച്ചിരുന്നു. മാധ്യമങ്ങൾ എല്ലാം തെറ്റിധരിപ്പിച്ചുവെന്നാണ് സുധാകരൻ പറയുന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് സതീശനുള്ള പരിഭവം മാറ്റാൻ മുന്നിൽ നിന്നത്. ഇതിന് ശേഷമായിരുന്നു താൻ ഒന്നും പറഞ്ഞില്ലെന്ന വിശദീകരണവുമായി സുധാകരൻ എത്തിയത്. കഴിഞ്ഞ ദിവസം സതീശനും സുധാകരനും ചേർന്നുള്ള സംയുക്ത വാർത്താ സമ്മേളനം നടന്നിരുന്നില്ല. ഇത് പലവിധ വ്യാഖ്യാനത്തിനും വഴിവച്ചു. കൊല്ലത്തും സംയുക്ത വാർത്താ സമ്മേളനം നടന്നില്ലെന്ന പല വ്യാഖ്യാനങ്ങൾക്ക് അതു വഴിവയ്ക്കും. ഈ സാഹചര്യത്തിലാണ് കെസി ഇടപെട്ടതും. ഇതിന്റെ ഫലമെന്നോണം കൊല്ലത്ത് നേതാക്കൾ ഒരുമിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സതീശനും സുധാകരനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന സന്ദേശം നൽകാനാണ് ഇത്.
ആലപ്പുഴയിലെ വാർത്താസമ്മേളന വിവാദം തന്നെ ഏറെ വേദനിപ്പിച്ചെന്നു സുധാകരൻ പറഞ്ഞിരുന്നു. 'നെഞ്ചിൽ കൈ വച്ചു ഞാൻ പറയുന്നു, ഇന്നുവരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്. എന്റെ കുടുംബത്തോട്, സ്റ്റാഫിനോട്, സഹപ്രവർത്തകരോട് നിങ്ങൾക്കതു ചോദിക്കാം'. അദ്ദേഹം പറഞ്ഞു. പക്ഷേ, മര്യാദ വേണം എന്നതു ദേഷ്യം വരുമ്പോൾ സ്ഥിരമായി പറയാറുള്ളതാണ്. താൻ അസഭ്യം പറഞ്ഞെന്നു പറയുന്ന ഭാഗം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വീണ്ടും കേട്ടു. 'മര്യാദ വേണ്ടേ', എന്ന വാചകം കുറച്ചു കടുപ്പിച്ചു പറഞ്ഞപ്പോൾ പാതിവഴിയിൽ അതു സഹപ്രവർത്തകർ തടഞ്ഞു. അപ്പോൾ അതു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഒരു അസഭ്യ വാക്കാണോ എന്ന സംശയം ഉണ്ടാക്കിയെന്നും സുധാകരൻ പറയുന്നു.
തന്റെ രാഷ്ട്രീയ ജിവിതത്തിൽ ഒരുപാട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതൊന്നും വിശദീകരിക്കാൻ പോയിട്ടില്ല. എന്നാൽ ഇതങ്ങനെയല്ല, കെ.സുധാകരൻ എന്ന വ്യക്തിയുടെ മേൽ മാത്രം നിൽക്കുന്ന ആരോപണമല്ല. കെപിസിസി പ്രസിഡന്റിന്റെ മേൽ നിൽക്കുന്ന ആരോപണമാണ്. എല്ലാ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ചാനലും മറ്റൊരു ചാനലും ചേർന്നാണ് ആദ്യം ഈ വിവാദം സൃഷ്ടിച്ചത്. അവരൊക്കെ മാധ്യമ പ്രവർത്തനം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം കൂടിയാണു നടത്തുന്നത്. ഇതു സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇതിനു മുൻപും വ്യാജവാർത്തയ്ക്കെതിരെ നിയമപോരാട്ടം നടത്തുകയും മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സിറ്റിങ് എംപിമാർ എല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നാണ് സൂചന. ആർക്കും കോൺഗ്രസ് ഹൈക്കമാണ്ട് ഇളവ് നൽകില്ല. ഇതോടെ വയനാട് ഒഴികെയുള്ള സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തന്നെ മത്സരിക്കും. വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വയനാടിനൊപ്പം ഉത്തരേന്ത്യയിലും രാഹുൽ മത്സരിച്ചേക്കും. അമേഠിയിലും റായ് ബറേലിയിലും സാധ്യത ഏറെയാണ്. ഇതിനൊപ്പം കർണ്ണാടകത്തിലെ സുരക്ഷിത സീറ്റും രാഹുലിനായി കോൺഗ്രസ് ചർച്ചകളിൽ നിറയ്ക്കുന്നു. ഇതിൽ അന്തിമ തീരുമാനം വന്നാൽ മാത്രമേ വയനാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയിൽ വ്യക്തത വരൂ.
സുധാകരൻ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാണ്ട്. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനർത്ഥിയെ തീരുമാനിച്ച സാഹഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ട് ഇതിലൂടെ നൽകുന്ന സന്ദേശം.
കോൺഗ്രസിൽ പല നേതാക്കളുടേയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയർന്നുകേട്ടിരുന്നു. എന്നാൽ അവർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പും ഉയർന്നു. ശക്തമായ സ്ഥാനാർത്ഥികൾ ആരും ഉയർന്നു വന്നതുമില്ല. സുധാകരന് രാജ്യസഭ സീറ്റ് നൽകാനും ആലോചന ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകാൻ തീരുമാനിച്ചതും എഐസിസി കണക്കിലെടുത്തു. ഇതോടെ സുധാകരന് കണ്ണൂരിൽ മത്സരിക്കേണ്ട സാഹചര്യം വന്നു. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാധ്യത കുറവെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചു. ഇതോടെ നാലാം അങ്കത്തിന് കണ്ണൂരിൽ സുധാകരൻ എത്തുകയാണ്.