- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ചാക്കോയും മന്ത്രി ശശീന്ദ്രനും ഇടതിൽ ഉറച്ചു നിൽക്കും
ന്യൂഡൽഹി: എൻ.സി.പി.യിലെ പുതിയ പ്രതിസന്ധി ഇടതുപക്ഷത്തേക്കും. പുതിയ സാഹചര്യത്തിൽ എംഎൽഎ.യായ തോമസ് കെ. തോമസ് പുതിയ നീക്കത്തിലാണ്. തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം തോമസ് കെ തോമസ് ശക്തമാക്കും. ഔദ്യോഗിക എൻ.സി.പി.യായി തിരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാർ പക്ഷത്തെ പ്രഖ്യാപിച്ചതോടെ, ഫലത്തിൽ കേരളത്തിലെ രണ്ട് എൻ.സി.പി. എംഎൽഎ.മാരും പ്രതിസന്ധിയിലാണ്. അജിത് പവാറിനെ അംഗീകരിച്ചില്ലെങ്കിൽ അയോഗ്യതാ ഭീഷണി വരും. എന്നാൽ ബിജെപിക്കൊപ്പമുള്ള അജിത് പവാറനെ അംഗീകരിക്കാൻ കേരളത്തിൽ ഇടതു മുന്നണിയിലുള്ള എൻസിപി എംഎൽഎമാർക്കാകില്ല. ഇതേ പ്രതിസന്ധി ജനാതാദൾ സെക്കുലറിനുമുണ്ട്. ദേവഗൗഡയും കൂട്ടരും ബിജെപി മുന്നണിയിലാണ്. എന്നാൽ കേരളത്തിലെ ജെഡിഎസ് ഇടതുപക്ഷത്തും.
ബിജെപി മുന്നണിയെ തള്ളി പറയുന്ന കേരളത്തിലെ ജെഡിഎസ് എംഎൽഎമാർ ഇപ്പോഴും ദേവഗൗഡയുടെ ഭാഗമാണ്. അയോഗ്യതാ ഭീഷണി കാരണമാണ് ഇത്. സമാന സാഹചര്യമാണ് കേരളത്തിലെ എൻസിപി എംഎൽഎമാർക്കും ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ തോമസ് കെ തോമസിന്റെ നിലപാട് നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് പുതിയ നീക്കം തോമസ് കെ തോമസ് നടത്തുന്നത്. രണ്ടരവർഷത്തിനുശേഷം മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച തോമസ് കെ. തോമസ്, സംസ്ഥാന ഔദ്യോഗികനേതൃത്വം അത് നിഷേധിച്ചതിൽ പ്രതിഷേധത്തിലും നിരാശയിലുമായിരുന്നു. പുതിയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ശരദ് പവാറിനെ കണ്ട് മന്ത്രിസ്ഥാനത്തിനായി വിലപേശാനാണ് തോമസ് നീങ്ങുന്നതെന്നാണ് സൂചന.
അതിനിടെ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻ.സി.പിയായി പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തു വന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം യുക്തിരഹിതമെന്ന് ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേരളത്തിലെ എൻ.സി.പി. പ്രവർത്തകർ ഇത് തിരിച്ചടിയായി കാണുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം കേരളത്തിലെ എൻ.സി.പിയെ ദോഷകരമായി ബാധിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ വ്യക്തമാക്കി. എൻ.സി.പി ഇടതു മുന്നണിയിൽ തന്നെ തുടരും. മഹാരാഷ്ട്രയിൽ മാത്രമുള്ള പ്രശ്നമാണിത്. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിൽ ബാധകമല്ല. സുപ്രീംകോടതി തീരുമാനമറിഞ്ഞ ശേഷം സംസ്ഥാന നേതൃയോഗം വിളിച്ച് വിഷയം ചർച്ച ചെയ്യുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന് മേൽ കേന്ദ്രസർക്കാർ ശക്തമായ സമ്മർദം ചെലുത്തി. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിലും പാർട്ടിയുടെ പേര് പരിഷ്കരിക്കുകയും പുതിയ ചിഹ്നം സ്വീകരിക്കുകയും ചെയ്താൽ പ്രശ്നം തീരുമെന്നും പി.സി. ചാക്കോ ചൂണ്ടിക്കാട്ടി.
ഈ പ്രതികരണങ്ങൾക്കൊപ്പമാണ് നിലവിൽ തോമസ് കെ തോമസും. എന്നാൽ തന്നെ മന്ത്രിയാക്കാനുള്ള സമ്മർദ്ദം ചെലുത്താനുള്ള സുവർണ്ണാവസരമായി ഇതിനെ കുട്ടനാട് എംഎൽഎ കാണുകയാണ്. കേരള മന്ത്രിസഭയുടെ കേന്ദ്രവിരുദ്ധസമരത്തിൽ പങ്കെടുക്കാനായി ഭരണകക്ഷി എംഎൽഎ. എന്ന നിലയിൽ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ കുട്ടനാട് എംഎൽഎ.കൂടിയായ തോമസ് കെ. തോമസ് ബുധനാഴ്ച രാവിലെ 11-ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ മന്ത്രിസ്ഥാനത്തിനായി ആവശ്യമുന്നയിക്കും. കേരളത്തിൽ എൻ.സി.പി. ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിച്ച് പാർട്ടി മാറിയാലേ കൂറുമാറ്റപ്രതിസന്ധി ഒഴിവാകൂ. ഒരാൾമാത്രം ശരദ് പവാറിനൊപ്പം നിന്നാൽ അദ്ദേഹം കൂറുമാറ്റ നിയമപരിധിയിൽപ്പെട്ട് അയോഗ്യനാക്കപ്പെടാം. അതുകൊണ്ടാണ് തോമസ് കെ തോമസ് പുതിയ നീക്കം നടത്തുന്നത്.
അജിത് പവാറിനൊപ്പം പോകുന്നവർക്ക് അയോഗ്യതാ പ്രശ്നം വരില്ല. ഈ സാഹചര്യം തോമസ് കെ തോമസ് മുതലാക്കുന്നുവെന്നാണ് വിലയിരുത്തൽ. പി.സി. ചാക്കോയുമായും സംസ്ഥാന ഔദ്യോഗികനേതൃത്വവുമായും കുറച്ചുകാലമായി അകൽച്ചയിലാണ് തോമസ് കെ. തോമസ് എംഎൽഎ. രണ്ടരവർഷം കഴിഞ്ഞ് മന്ത്രിസ്ഥാനത്തിനായി അവകാശവാദം അദ്ദേഹം ഉന്നയിച്ചെങ്കിലും അഞ്ചുവർഷവും എ.കെ. ശശീന്ദ്രൻ മന്ത്രിയായി തുടരുമെന്നാണ് ചാക്കോ പറഞ്ഞത്. ചില ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം വെച്ചുമാറിയപ്പോഴും തോമസ് കെ. തോമസിന് അനുകൂലതീരുമാനം പാർട്ടി നേതൃത്വത്തിൽനിന്നുണ്ടായില്ല. ഇതിൽ തോമസ് കെ തോമസ് അതൃപ്തനായിരുന്നു.
കേരളത്തിലെ എൻ.സി.പി.ക്കകത്ത് വിമതവിഭാഗം പി.സി. ചാക്കോയെ നീക്കി മുഹമ്മദ് കുട്ടിയെ പാർട്ടി സംസ്ഥാനാധ്യക്ഷനാക്കാൻ നീക്കം തുടങ്ങി. അജിത് പവാറിന് കത്ത് നൽകുന്നതോടൊപ്പം എൽ.ഡി.എഫ്. സംസ്ഥാനനേതൃത്വത്തെയും സമീപിക്കാനാണ് ശ്രമം. ജനതാദൾ-എസ് ദേശീയതലത്തിൽ എൻ.ഡി.എ.ക്കൊപ്പം പോയെങ്കിലും അവരുടെ കേരളഘടകം എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിനു സമാനമായി കേരളത്തിലെ എൻ.സി.പി.യും എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് നേതൃത്വത്തെ അറിയിക്കും.
ബിജെപി-ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന സഖ്യ ഭരണത്തിൽ ചേർന്ന അജിത് പവാർ വിഭാഗത്തെയാണ് യഥാർഥ എൻ.സി.പിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ഭൂരിപക്ഷ ജനപ്രതിനിധികളും അജിത്തിനൊപ്പമാണെന്ന കണക്ക് പരിഗണിച്ചാണ് യഥാർഥ എൻ.സി.പി അജിത്തിന്റേതാണെന്ന് കമ്മിഷൻ വിധിച്ചത്. ശരദ് പവാർ സ്ഥാപിച്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ടൈംപീസും അജിത് പക്ഷത്തിന് നൽകി.