- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയത്തെ നേതാവ് അതിവിശ്വസ്തൻ; കോളടിച്ചത് വാസവന്; ജി സുധാകരന്റെ വിമർശനങ്ങൾ മനസ്സിൽ വച്ച് സജി ചെറിയാനേയും കൈവിട്ടില്ല; ഇനി അദാനിയുമായി പിണറായിയുടെ വിശ്വസ്തൻ നേരിട്ട് ചർച്ചകൾക്ക്; വിഴിഞ്ഞം സിപിഎം ഏറ്റെടുക്കുന്നത് പലതും മനസ്സിൽ കണ്ട്; രജിസ്ട്രേഷനിൽ തൃപ്തനായി കടന്നപ്പള്ളിയും; 'തുറമുഖത്തിൽ' എല്ലാം പിണറായി കണക്കുകൂട്ടൽ
തിരുവനന്തപുരം: ഇനി അദാനിയും സിപിഎമ്മും നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യും. അദാനി പോർട്ടുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഇത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ ദിവ്യ എസ് അയ്യരെ നിയമിച്ചതും തന്ത്രപരമായ നീക്കമായിരുന്നു. അതിന് ശേഷമാണ് വകുപ്പ് സിപിഎം ഏറ്റെടുക്കുന്നത്. ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലിന്റെ വകുപ്പുകൾ, പകരം മന്ത്രിയായ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകുമെന്നാണു കരുതപ്പെട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് മറ്റൊന്നായി. അങ്ങനെ മന്ത്രി വാസവന് തുറമുഖവും കിട്ടി. ഈ മന്ത്രിസഭാ പുനഃസംഘടനയിൽ കോളടിച്ച താരമായി വാസവൻ മാറുകയും ചെയ്തു.
സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും എറ്റെടുക്കാൻ മന്ത്രി കെബി ഗണേശ് കുമാറിനും താൽപ്പര്യമുണ്ടായിരുന്നു. ഇതിന് വേണ്ടി കത്തും കേരളാ കോൺഗ്രസ് ബി നൽകി. സജി ചെറിയാനിൽ നിന്നും സിനിമാ വകുപ്പ് പോയതുമില്ല. എങ്കിലും കോളടിച്ചത് കോട്ടയത്തെ വാസവനാണ്. ഇതോടെ ഈ മന്ത്രിസഭയിലെ പിണറായിയുടെ ഏറ്റവും വിശ്വസ്തനാണ് താനെന്ന സന്ദേശം നൽകാനും വാസവന് കഴിഞ്ഞു. പിണറായി പകരക്കാരനായി മനസ്സിൽ കാണുന്നത് വാസവനെയാണെന്ന് പോലും നേരത്തെ ചർച്ചകൾ എത്തിയിരുന്നു. അത് വീണ്ടും സജീവമാക്കുന്നതാണ് തുറമുഖ വകുപ്പിലെ തീരുമാനം.
ആലപ്പുഴയിലെ ജി സുധാകരന്റെ വിമർശനങ്ങൾ ചർച്ചയാകുമ്പോഴാണ് സജി ചെറിയാനേയും പിണറായി വിശ്വാസത്തിൽ എടുക്കുന്നത്. സിനിമാ വകുപ്പ് സജി ചെറിയാനിൽ നിലനിർത്തി മന്ത്രി കസേരയ്ക്ക് പിണറായി കൂടുതൽ ബലം നൽകുന്നു. ആലപ്പുഴയിൽ ആരും അതിമോഹക്കാരാകരുതെന്ന സന്ദേശമാണ് ഇതിലൂടെ പിണറായി നൽകുന്നത്. തുറമുഖ വകുപ്പിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാനേ ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കഴിഞ്ഞുള്ളൂ. അങ്ങനെ വാസവന് വേണ്ടി പിണറായി നിർണ്ണായക നീക്കം നടത്തി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടുത്തവർഷം പ്രവർത്തനം തുടങ്ങാനിരിക്കെയാണ്, തുറമുഖ വകുപ്പു സിപിഎം ഏറ്റെടുത്തത്. ഇതിൽ കടന്നപ്പള്ളിക്ക് പരിഭവമോ പരാതിയോ ഇല്ല. വാസവൻ ഭരിച്ചിരുന്ന റജിസ്ട്രേഷൻ, അഹമ്മദ് ദേവർകോവിലിന്റെ മ്യൂസിയം, പുരാവസ്തു എന്നീ വകുപ്പുകൾ കടന്നപ്പള്ളിക്കു നൽകി. സിപിഎമ്മിന്റെ കയ്യിലുള്ള സിനിമാ വകുപ്പു കൂടി വേണമെന്ന കെ.ബി.ഗണേശ്കുമാറിന്റെ ആവശ്യം നിരസിച്ചു. ഗണേശിനു ഗതാഗതവും മോട്ടർ വാഹനവകുപ്പും മാത്രം. ഇരുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ പ്രത്യേകം തയാറാക്കിയ പന്തലിലെ വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം മേയിൽ കമ്മിഷൻ ചെയ്യാനിരിക്കെ, വകുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സിപിഎം ഏറ്റെടുക്കുന്നത്. അദാനി പോർട്സ് 9700 കോടി രൂപ മുടക്കി രണ്ടാംഘട്ടത്തിന്റെ നിർമ്മാണവും തുടങ്ങാനിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ അവകാശപ്പെടുന്ന ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതി എന്ന പ്രാധാന്യവും തുറമുഖത്തിനുണ്ട്. ഇതിനൊപ്പം അദാനിയുമായുള്ള ചർച്ചയും വിലപേശലുമെല്ലാം ഇനി സിപിഎം നേരിട്ട് നോക്കുകയും ചെയ്യും. വിഴിഞ്ഞത്ത് നാലാമത്തെ കപ്പൽ ക്രെയിനുമായി എത്തുമ്പോഴാണ് ഈ നിർണ്ണായക നീക്കം.
തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ എതിർപ്പ് ബാക്കിനിൽക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി സർക്കാർ ഇനിയും 2600 കോടി രൂപ നൽകാനുണ്ട്. തുറമുഖ വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കടന്നപ്പള്ളിയും. മന്ത്രിയാകുന്നതിന് മുമ്പ് നടത്തിയ പ്രതികരണങ്ങൾ അത്തരത്തിലായിരുന്നു. എന്നാൽ പിണറായി മാത്രമായി ആ രഹസ്യം സൂക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം പാർട്ടി സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചു. സിപിഎം സെക്രട്ടറിയേറ്റിൽ പോലും ഈ വിഷയം ചർച്ചയായിരുന്നില്ല. വകുപ്പ് വിഭജന വിജ്ഞാപനം പുറത്തു വന്നപ്പോഴാണ് കടന്നപ്പള്ളിയും അറിഞ്ഞത്. എന്നാൽ എതിർക്കാനുള്ള കരുത്ത് ആ പാർട്ടില്ല. അതുകൊണ്ട് തന്നെ കടന്നപ്പള്ളി കിട്ടിയതു കൊണ്ട് സന്തുഷ്ടനായി.
പദ്ധതി പൂർത്തീകരണം നിർണായക സമയത്തിലേക്ക് കടക്കുമ്പോൾ ആ വകുപ്പ് സിപിഎമ്മിന്റെ കൈയിൽ വേണമെന്നാണ് പിണറായി തീരുമാനിച്ചത്. സിനിമാ വകുപ്പ് വേണമെന്ന ഗണേശ് കുമാറിന്റെ ആവശ്യത്തോട് വിയോജിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടിയുടെ കൈയിലുള്ള ഒരു പ്രധാന വകുപ്പ് നൽകേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് നേതൃത്വത്തിൽ ഉണ്ടായത്. ഇക്കാര്യം സെക്രട്ടറിയേറ്റ് തീരുമാനിക്കുകയും ചെയ്തു. വിഴിഞ്ഞം പദ്ധതി വരുന്നതിനുമുൻപ് തുറമുഖം സംസ്ഥാനത്ത് കാര്യമായി ശ്രദ്ധിക്കപ്പെട്ട വകുപ്പ് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതി വന്നതോടെ തുറമുഖ വകുപ്പിന്റെ ഇമേജ് തന്നെ മാറി. ലോക്സഭാ തെരഞ്ഞെടുപ്പിനുമുൻപുള്ള സജീവ ചർച്ചകളിൽ ഒന്നായി വിഴിഞ്ഞം തുറമുഖം മാറുമെന്ന കാര്യം ഉറപ്പ്.
അഹമ്മദ് ദേവർകോവിൽ ഒഴിയുമ്പോൾ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുക്കാനുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇതാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.എൻ വാസവനെ തന്നെ തുറമുഖം ഏൽപ്പിച്ചതിന് പിന്നിലും സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യമുണ്ട്. അടുത്തവർഷം തുറമുഖം തുറന്നുകൊടുക്കാൻ തീരുമാനിക്കുമ്പോൾ അവകാശവാദങ്ങൾ ഉയർന്നുവന്നേക്കാം. അതിന് സിപിഎം തന്നെ മറുപടിപറഞ്ഞുപോകാനാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടുകൂടിയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്.
രജിസ്ട്രേഷൻ, പുരാവസ്തു മ്യൂസിയം എന്നത് താരതമ്യേനെ ചെറിയ വകുപ്പാണ്. മുന്നണിയിൽ മറ്റ് അസ്വാരസ്യങ്ങൾ ഉണ്ടാക്കാത്ത കടന്നപ്പള്ളിക്ക് ഇത് നൽകിയതുവഴി മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന വിലയിരുത്തൽ കൂടി സിപിഎമ്മിലുണ്ട്. സിനിമാ വകുപ്പ് ഗണേശന് നൽകുന്നതിൽ സിപിഎമ്മിനുള്ളിൽ തർക്കങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, പാർട്ടിയുടെ പ്രധാനപ്പെട്ട വകുപ്പ് ചെറിയ ഘടകകക്ഷിക്ക് നൽകേണ്ടതില്ലെന്ന പൊതുവിലയിരുത്തലാണ് സിപിഎം നേതൃത്വത്തിൽലുണ്ടായത്. ഇതോടെയാണ് ആഗ്രഹിച്ച വകുപ്പ് ഗണേശനു ലഭിക്കാതെ പോയത്.
മറുനാടന് മലയാളി ബ്യൂറോ