ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ ദുര്‍ബലമായി എന്നത് വ്യാജ പ്രചാരണമോ? റോക്കറ്റുകള്‍ നിരത്തിവെച്ച ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ വീഡിയോകളുമായി ഇറാന്‍ മാധ്യമങ്ങള്‍; ഇറാന്‍ സൈനിക മേധാവി മിസൈല്‍ സംഭരണശാല സന്ദര്‍ശിക്കുന്ന ദൃശ്യം പുറത്തു വരുമ്പോള്‍
ടെഹ്‌റാന്‍: കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്റെ, ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കമാന്‍ഡര്‍ ജനറല്‍ ഹൊസീന്‍ സലാമി, ഭൂഗര്‍ഭ അറയിലെ മിസൈല്‍ സംഭരണശാല സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. അതില്‍ ഒരു ദൃശ്യത്തില്‍ സലാമി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും കാണാം.
ഈ രാജ്യത്തിന്റെ വിദൂരതയിലുള്ള പല കോണുകളിലും ദിനംപ്രതി മിസൈലുകളും മറ്റും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉല്പാദന ശേഷി ഇല്ലാതെയാക്കി എന്നായിരിക്കും ശത്രുക്കള്‍ കരുതുന്നതെന്ന് പറഞ്ഞ സലാമി, യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മിസൈല്‍ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നും പറഞ്ഞു. മറ്റൊരു വീഡിയോയില്‍ അദ്ദേഹം മിസൈല്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു പരിശോധിക്കുന്നതും ഉണ്ട്.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണെന്നോ, എവിടെ വെച്ചാണെന്നോ ഇനിയും വ്യക്തമല്ല. 1979 ല്‍ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കന്‍ ആര്‍മി രൂപീകരിച്ച അന്നു മുതല്‍ സൈന്യത്തില്‍ ഉള്ളയാളാണ് സലാമി.താഴെക്കിടയില്‍ നിന്നും പടിപടിയായി ഉയര്‍ന്നാണ് അദ്ദേഹം സൈനിക മേധാവി ആയത്. ഏറെ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട വ്യക്തികൂടിയാണ് സലാമി. മാത്രമല്ല, ഇറാന്‍ പരമാധികാരി അലി ഹൊസെനി ഖമേനിയോട് കടുത്ത വിധേയത്വം പുലര്‍ത്തുന്ന വ്യക്തികൂടി ആണ് അദ്ദേഹം.
കഴിഞ്ഞ ഒക്ടോബറില്‍ ടെഹ്‌റാനിലും പടിഞ്ഞാറന്‍ ഇറാനിലുമുള്ള മിസൈല്‍ ഫാക്ടറികള്‍ വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആക്രമണത്തില്‍ കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല എന്ന നിലപാടായിരുന്നു ഇറാന്റേത്. ഇറാന്റെ നിലപാടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നിലെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.