ആകെ കണ്‍ഫ്യൂഷനായല്ലോ! ട്രംപ് ആദ്യം പറഞ്ഞത് ഇറാനെതിരായ യുദ്ധം പൂര്‍ത്തിയായെന്ന്; പിന്നാലെ പറഞ്ഞത് യുദ്ധം തുടരുമെന്നും; പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്; 'ഞങ്ങള്‍ ഇറാനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും ഇറാന്‍ ആക്രമിച്ചേനെ' എന്നും ട്രംപിന്റെ വിചിത്ര പ്രസ്താവന; എണ്ണ വില ഉയരുന്നതും ഓഹരി വിപണിയിലെ ഇടിവും ട്രംപിന്റെ മനംമാറ്റി തുടങ്ങിയോ?

ആകെ കണ്‍ഫ്യൂഷനായല്ലോ!

Update: 2026-03-10 01:24 GMT

വാഷിങ്ടണ്‍: ഇറാനെതിരെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന യുദ്ധമെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍, ഈ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇറാന്റെ ഭാഗത്തു നിന്നും ശക്തമായ ചെരുത്തുനില്‍പ്പ് ഉണ്ടായതോടെ യുദ്ധം നീണ്ടുപോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനും ആഗ്രഹം തുടങ്ങിയെന്നാണ് ട്രംപിന്റെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍.

ഇറാന്‍ വിഷയത്തില്‍ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. യുദ്ധം ഏകദേശം പൂര്‍ത്തിയായെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ ഈ പരാമര്‍ശം ആവര്‍ത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയില്‍ ആണ്. എണ്ണ വില കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ എന്ന് അവസാനിക്കും എന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആഗോളതലത്തില്‍ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്ല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂര്‍ത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍, അതിവേഗത്തില്‍ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈല്‍ ലോഞ്ചറുകള്‍ 90 ശതമാനം തകര്‍ത്തെന്നുമാണ് പറഞ്ഞത്.

'യുദ്ധം വൈകാതെ അവസാനിക്കും, അതല്ല, വീണ്ടും തുടരാനാണ് അവരുടെ നീക്കമെങ്കില്‍ കഠിനമായിരിക്കും കാര്യങ്ങള്‍. ചില ആളുകളെ ഒഴിവാക്കാന്‍ അടിയന്തരമായി ഇടക്കാല സൈനിക നടപടി സ്വീകരിക്കേണ്ടി വന്നു' വെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ വിശദീകരണം. 'ആക്രമിക്കാന്‍ സാധിക്കുന്നതെല്ലാം ഇറാന്‍ ആക്രമിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. അല്ലെങ്കില്‍ ഇറാന്റെ അവസാനമാകും' എന്നായിരുന്നു സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ എന്ന പേരുപോലും ഉച്ചരിക്കാന്‍ പിന്നീടൊന്നും ബാക്കിയുണ്ടാവില്ലെന്നും ഇറാനിപ്പോള്‍ നേവിയോ, ആശയ വിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അമേരിക്കയും സഖ്യ കക്ഷികളും ജയിച്ചു കഴിഞ്ഞുവെങ്കിലും നിലവിലുള്ള അപകടത്തെ തുടച്ച് നീക്കിയാല്‍ മാത്രമേ സമ്പൂര്‍ണ വിജയമാകുകയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇസ്രയേലുമല്ല ഇറാനെ ആക്രമിച്ചതെന്ന അതിവിചിത്രമായ പ്രസ്താവനയും ട്രംപ് നടത്തി. ഇറാന്‍ ആണ് ആക്രമിച്ചതെന്നും തങ്ങള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നുമാണ് പുതിയ വാദം. 'ഞങ്ങള്‍ ഇറാനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും ഇറാന്‍ ആക്രമിച്ചേനെ. ഒരാഴ്ചയ്ക്കകം അവര്‍ ആക്രമിക്കുമെന്നത് 100 ശതമാനം ഉറപ്പായിരുന്നു. അവരുടെ കൈവശമുള്ള മിസൈലുകള്‍ അതിന് തെളിവായിരുന്നു. അവര്‍ ആക്രമിക്കുമെന്ന് ആരും വിചാരിക്കുകയുമില്ല. ഇറാന്റെ പക്കല്‍ ആണവായുധം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ അത് ഇസ്രയേലിന് നേരെ ഉപയോഗിച്ചേനെ. അതെല്ലാം ഈ ആക്രമണത്തിലൂടെ ഞങ്ങള്‍ തകര്‍ത്തു. അവരുടെ 80 ശതമാനം ലോഞ്ചറുകളും നശിപ്പിച്ചു. നാമമാത്രമായ ലോഞ്ചറുകള്‍ മാത്രമാണ് ഇറാന് ഇനി ശേഷിക്കുന്നത്. അമേരിക്കന്‍ സൈന്യം ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു'- ട്രംപ് വിശദീകരിച്ചു.

അതേസമയം, ഹോര്‍മുസിലെ പ്രതിസന്ധി പരിഹരിക്കുമെന്നും യുഎസ് സംരക്ഷണയിലെ കപ്പലുകള്‍ ആക്രമിച്ചാല്‍ തിരിച്ചടി വലുതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ പ്രസ്താവനക്ക് ശേഷം ഏതാനും മണിക്കൂറുകള്‍ക്കകം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യോഗത്തില്‍ ശത്രുവിനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ടെഹ്‌റാനിലും കരാഗിലും മണിക്കൂറുകളോളം വ്യോമാക്രമണം ഉണ്ടായി. ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തെന്ന് തുര്‍ക്കി, യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ബഹ്‌റൈനിലെ മനാമയില്‍ ജനവാസമേഖലയില്‍ നടന്ന ഇറാന്റെ ആക്രമണത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിഷ് മേഖലയിലെ യുഎഇ കോണ്‍സുലേറ്റിലും ആക്രമണം നടന്നു. സൈനിക നിരീക്ഷണത്തിനായി യുഎഇയിലേക്ക് വിമാനം അയക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു. സ്ഥിതി വിലയിരുത്താന്‍ സൗദി പ്രതിരോധമന്ത്രി ഫ്രഞ്ച് മന്ത്രിയുമായി സംസാരിച്ചു.

Tags:    

Similar News