പശ്ചിമേഷ്യയ്ക്ക് ഇനി എന്തു സംഭവിക്കും; ഇറാന്റെ ഭാവി എന്ത്? റഷ്യയും വൈറ്റ് ഹൗസും ചങ്ങാതി മാരാകുമോ? അനധികൃത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? ചര്‍ച്ചകള്‍ക്ക് പലവിധ അജണ്ടകള്‍; അമേരക്കിയില്‍ ഇനി 'ട്രംപിസത്തിന്റെ' നാലു വര്‍ഷങ്ങള്‍; യുഎസ് പ്രസിഡന്റായി വീണ്ടും ട്രംപ് ചുമതല ഏല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍; അതീവ സുരക്ഷയില്‍ ക്യാപിറ്റള്‍ മന്ദിരം

Update: 2025-01-20 02:09 GMT

വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലോകത്തിന് മുമ്പില്‍ പലവിധ ചര്‍ച്ചകള്‍. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ അടക്കം ട്രംപിന്റെ വരവ് എങ്ങനെ ബാധിക്കുമെന്നാണ് ഉയരുന്ന ചോദ്യം. ഇറാനെതിരായ അമേരിക്കന്‍ നിലപാടും അതിശക്തമാകും. ഇന്ത്യന്‍ സമയം രാത്രി 10.30ന് വാഷിങ്ടണ്‍ ഡിസിയില്‍ ക്യാപിറ്റള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ഭരണാധിപന്‍മാരടക്കം ക്ഷണിക്കപ്പെട്ട അതിഥികള്‍ വാഷിങ്ടണിലെത്തി. അതീവ സുരക്ഷയിലാണ് എല്ലാം നടക്കുന്നത്. 2020ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നു രാഷ്ട്രീയത്തിലെത്തിയ ശതകോടീശ്വരന്‍ ട്രംപ് ഒന്നാം ഭരണകാലത്തെന്നപോലെ ഇത്തവണയും പ്രവചനാതീത നീക്കങ്ങളുമായി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചേക്കാം. അതുകൊണ്ട് തന്നെ ഈ ഭരണമാറ്റം ലോകക്രമത്തിലും മാറ്റങ്ങളുണ്ടാക്കും. റഷ്യയോടുള്ള അമേരിക്കയുടെ പുതിയ നിലപാടും നിര്‍ണ്ണായകമാകും.

അമേരിക്കയുടെ പൗരാവകാശസംരക്ഷണത്തിന്റെ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനോടുള്ള ആദരം നിറയുന്ന ദിനത്തിലാണ് എഴുപത്തെട്ടുകാരന്‍ ട്രംപ് രണ്ടാം വട്ടവും പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോല്‍വി സമ്മതിക്കാതെ മടങ്ങിപ്പോയ ക്യാപിറ്റളിന്റെ പടികള്‍ വീണ്ടും ട്രംപ് കയറുകയാണ്. പ്രാദേശികസമയം രാവിലെ ഏഴിന് സെന്റ് ജോണ്‍സ് എപിസ്‌കോപ്പല്‍ ദേവാലയത്തിലെ പ്രാര്‍ഥനാ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞാ ദിവസത്തിന്റെ തുടക്കം. ട്രംപും കുടുംബാംഗങ്ങളുമടക്കമുള്ളവര്‍ പ്രാര്‍ഥനാ ചടങ്ങിന്റെ ഭാഗമാകും. തുടര്‍ന്ന് പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന ചായസല്‍ക്കാരം. പ്രസിഡന്റിന്റെ ഔദ്യോഗിക ഗായകസംഘത്തിന്റെ സംഗീതമുഖവുരയോടെയാണ് രാത്രി പത്തുമണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. യുഎസിന്റെ 47-ാം പ്രസിഡന്റായി അടുത്ത 4 വര്‍ഷം ഭരിക്കാന്‍ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാന്‍സും ആണ് അധികാരമേല്‍ക്കുന്നത്. ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീര്‍ത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യമുണ്ട്.

ക്രിസ്റ്റഫര്‍ മാക്കിയോയുടെ 'ഓ അമേരിക്ക' എന്ന ഗാനത്തിന് പിന്നാലെ വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സ് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് 10.30ന് യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്‌സിന് മുന്‍പാകെ നിയുക്ത പ്രസിഡന്റിന്റെ സത്യപ്രജിജ്ഞ. 1955ല്‍ അമ്മ സമ്മാനിച്ച ബൈബിളിലും 1861ല്‍ ഏബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്കുപയോഗിച്ച ബൈബിളിലും തൊട്ടായിരിക്കും ട്രംപിന്റെ സത്യപ്രതിജ്ഞ. പിന്നീട് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ മതപുരോഹിതരുടെ ആശീര്‍വാദചടങ്ങ്. ബൈഡനും കമല ഹാരിസും പടിയിറങ്ങിയതിന് ശേഷം പ്രസിഡന്റിന്റെ മുറിയിലെത്തുന്ന ട്രംപ് വിവിധ ഉത്തരവുകളിലടക്കം ഒപ്പുവയ്ക്കും. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ ക്യാപിറ്റള്‍ വണ്‍ അറീനയില്‍ പരേഡ്. പരേഡിന് ശേഷം വൈറ്റ് ഹൗസില്‍ ഓവല്‍ ഓഫിസിലെത്തുന്ന ട്രംപിനായി കലാപരിപാടികള്‍ അരങ്ങേറും. നാളെ വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലിലെ പരമ്പരാഗത പ്രാര്‍ഥനാ ചടങ്ങുകളോടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകും. അധികാരമേറ്റ ഉടന്‍ ട്രംപ് 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്നാണു റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമുള്‍പ്പെടെ അടിയന്തര നടപടികളില്‍ തീരുമാനങ്ങളുണ്ടായേക്കും.

നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്‌ലോറിഡയിലെ വസതിയില്‍ത്തന്നെ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകന്‍ ബാരണ്‍ ട്രംപും ഇന്നലെ വാഷിങ്ടന്‍ ഡിസിയില്‍ തിരിച്ചെത്തി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുന്‍പു വാഷിങ്ടനിലെത്തി. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വാഷിങ്ടനില്‍ ട്രംപ് ആതിഥേയനായി ഇന്നലെ നടന്ന അത്താഴവിരുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയും പങ്കെടുത്തു. 100 പേര്‍ക്കാണു വിരുന്നിലേക്കു ക്ഷണം ലഭിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്നുള്ള അതിഥികള്‍ ഇവര്‍ മാത്രമായിരുന്നെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞച്ചടങ്ങിലും അംബാനി ദമ്പതികള്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന വിരുന്നുകളിലൊന്നിന്റെ സഹ ആതിഥേയന്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്.

അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. അസ്വാഭാവിക ശരീരഭാഷയും സംശയാസ്പദമായ പെരുമാറ്റവുമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar News