ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങള്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇറാന്‍; ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, മേഖലയില്‍ പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

Update: 2026-03-08 01:15 GMT

ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയും മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയ്ക്ക് നേരിട്ട് മറുപടി നല്‍കുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രതികാരം തീര്‍ക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിയും ആശങ്കയുമാണ് തുടരുന്നത്. പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അകലെയാക്കി യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ആക്രമണം തല്‍ക്കാലം നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ വാക്കുകള്‍ മണിക്കൂറുകള്‍ക്കകം ഇറാന്‍ സേന തന്നെ കാറ്റില്‍പ്പറത്തി എന്നതാണ് വസ്തുത.

ഇറാന്റെ പുതിയ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുബായിലെ അല്‍ ബര്‍ഷയില്‍ ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ച് ഒരു പാകിസ്താന്‍ സ്വദേശിയാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ ഇറാന്റെ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി വര്‍ധിച്ചു. അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്കിടെ തങ്ങള്‍ക്ക് നേരെ വന്ന ഏഴോളം ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയല്‍രാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇറാന്‍ തുടരുകയാണ്. അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലൂടെ പ്രതികാരം തീര്‍ക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ മേഖലയിലെ സമാധാനാന്തരീക്ഷം കൂടുതല്‍ തകര്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രസിഡന്റിന്റെ പ്രസ്താവന തള്ളിക്കളഞ്ഞ ഇറാന്‍ സേനാവിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിഎസ്), അമേരിക്കന്‍ താവളങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗള്‍ഫ് മേഖല സമാനതകളില്ലാത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ചത് യാത്രക്കാരില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍യുഎസ് സഖ്യത്തിന്റെ ബോംബാക്രമണം ഇന്നലെയും തുടര്‍ന്നു. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് അവരുടെ നഗരങ്ങളിലും ഇറാന്‍ മിസൈലുകള്‍ പതിക്കുകയും സ്‌ഫോടനങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ ലബനനിലെ നബി ചിത് പട്ടണത്തില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.

യുദ്ധം വരും ദിവസങ്ങളിലും തുടരുമെന്ന ശക്തമായ സൂചന നല്‍കിക്കൊണ്ട് ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കി. ഇതിനിടെ, പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി. ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുഎസ് ക്രൂഡ് വില റെക്കോര്‍ഡ് വര്‍ധനവിലാണ് എത്തിനില്‍ക്കുന്നത്.

Tags:    

Similar News