എത്ര വെല്ലുവിളിച്ചാലും ആള് തളരില്ല; ശത്രുക്കൾ എങ്ങനെ കണ്ണ് വെച്ചാലും അമേരിക്ക കൂടെ ഉണ്ടാകും; ഇറാന്റെ 'അടി'യിൽ മിഡിൽ ഈസ്റ്റ് കത്തി നിൽക്കുമ്പോഴും സൗദി കിരീടാവകാശിയെ കൈവിടാതെ മിസ്റ്റർ പ്രസിഡന്റ്; ഫ്‌ളോറിഡയിൽ നടന്ന ഒരു ചടങ്ങിൽ വാനോളം പുകഴ്ത്തി ട്രംപ്; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Update: 2026-03-28 14:13 GMT

ഫ്ലോറിഡ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വാനോളം പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാജ്യത്തെ സംരക്ഷിക്കാൻ ഒട്ടും മടിക്കാത്ത "ധീരനായ പോരാളി" എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഫ്ലോറിഡയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിൽ സംസാരിക്കവെയാണ് അമേരിക്ക ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയത്.

കിരീടാവകാശി ഒരു മികച്ച സുഹൃത്താണെന്നും സൗദി അറേബ്യക്ക് ഇത്തരമൊരു മഹാനായ നേതാവിനെ ലഭിച്ചതിൽ രാജ്യം അഭിമാനിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് സൗദിയുടെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൗദിയും അമേരിക്കയും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധത്തെക്കുറിച്ചും ട്രംപ് ആവർത്തിച്ചു. സൗദി അറേബ്യയെ അമേരിക്കയുടെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അംഗീകരിച്ചതിനെ അദ്ദേഹം എടുത്തുപറഞ്ഞു. സൗദിയുമായുള്ള പ്രതിരോധ കരാർ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും ഈ തന്ത്രപ്രധാന പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ട്രംപ് വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളെക്കുറിച്ചും ഇറാന്റെ ഇടപെടലുകളെക്കുറിച്ചും ട്രംപ് ഗൗരവമായ ആശങ്കകൾ പങ്കുവെച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ നേരിടാൻ അമേരിക്ക എപ്പോഴും സന്നദ്ധമാണെന്നും ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ അമേരിക്ക കൂടെയുണ്ടാകുമെന്നും വാഷിംഗ്ടണുമായി ചേർന്ന് ഗൾഫ് രാജ്യങ്ങൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിൽ നാറ്റോ സഖ്യത്തേക്കാൾ കൂടുതൽ നേരിട്ട് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്നത് ഗൾഫ് രാജ്യങ്ങൾക്കാണെന്നും ട്രംപ് വ്യക്തമാക്കി.

Tags:    

Similar News