ജന്മാവകാശ പൗരത്വം റദ്ദാക്കല്‍: മറ്റൊരു കോടതി കൂടി ട്രംപിന്റെ ഉത്തരവ് തടഞ്ഞു; ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് മേരിലാന്‍ഡിലെ ജില്ലാ കോടതി; ഫെബ്രുവരി 19ന് പ്രാബല്യത്തില്‍ വരേണ്ട ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തില്‍
ജന്മാവകാശ പൗരത്വം റദ്ദാക്കല്‍: മറ്റൊരു കോടതി കൂടി ട്രംപിന്റെ ഉത്തരവ് തടഞ്ഞു
വാഷിംഗ്ടണ്‍: യു.എസില്‍ ജന്മാവകാശ പൗരത്വം അനിശ്ചിതകാലത്തേക്ക് വിലക്കാനുളള യുഎസ് പ്രസഡിന്റ് ഡൊണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് മറ്റൊരു കോടതി കൂടി തടഞ്ഞു. ഉത്തരവ് അപരിഹാര്യമായ ദോഷം ചെയ്യുമെന്ന് മേരിലാന്‍ഡിലെ ജില്ലാ ഫെഡറല്‍ കോടതി ജഡ്ജി ദെബോറ ബോര്‍ഡ്മാന്‍ പറഞ്ഞു.
ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ച ജഡ്ജി അനിശ്ചിതകാലത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഫെബ്രുവരി 19 നാണ് ട്രംപിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരണ്ടേിയിരുന്നത്.
നേരത്തെ, സിയാറ്റിലിലെ ഫെഡറല്‍ കോടതി ട്രംപിന്റെ ഉത്തരവ് തടഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി ലഭിച്ചിരുന്ന പൗരത്വം നിറുത്തലാക്കാനാണ് ട്രംപ് ഉത്തരവിട്ടത്.
അധികാരത്തിലേറിയ ആദ്യ ദിനം ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒന്നായിരുന്നു ഇത്. ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14-ാം ഭേദഗതില്‍ നിഷ്‌കര്‍ഷിക്കുന്ന ജന്മാവകാശ പൗരത്വം നിറുത്തുന്നതിനെതിരെ വാഷിംഗ്ടണ്‍, അരിസോണ, ഇലിനോയി, ഒറിഗണ്‍ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ട്രംപിന്റെ നീക്കത്തിനെതിരെ 22 സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറലുമാരും രംഗത്തെത്തിയിരുന്നു. മറ്റ് നാല് കേസുകളും കോടതികളുടെ പരിഗണനയിലുണ്ട്. അതേ സമയം, നിയമയുദ്ധങ്ങള്‍ നേരിടാന്‍ ട്രംപ് ഭരണകൂടം തയ്യാറാണ്. ഭരണഘടനാ ഭേദഗതിയിലേക്ക് നീങ്ങാനും ശ്രമിക്കുമെന്നാണ് സര്‍ക്കാര്‍ പക്ഷം. ഭരണഘടനാ ഭേദഗതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമം പാസാകണം. ഒപ്പം നാലില്‍ മൂന്ന് സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം.