ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്റെ രണ്ട് ഡിപ്ലോമാറ്റുകളെ പുറത്താക്കി റഷ്യ; ലോക മഹായുദ്ധത്തിന്റെ വഴി തുറന്ന് റഷ്യ- ബ്രിട്ടന്‍ പോര് മുറുകുന്നു; പരസ്പര ആരോപണങ്ങള്‍ തുടരുന്നു; യുക്രെയിന്‍ യുദ്ധത്തിന് പിന്നിലെ വില്ലന്‍ ആര്?
മോസ്‌കോ: ലോകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനപ്രതി ബ്രിട്ടനാണെന്ന് റഷ്യയുടെ വിദേശ ഇന്റലിജന്‍സ് വിഭാഗമായ എസ് വി ആര്‍ പറയുന്നു. ചാരവൃത്തി സംശയിച്ച് രണ്ട് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ആരോപണം. രണ്ട് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് രണ്ടാഴ്ചക്കകം റഷ്യ വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കാന്‍ കാരണവും ബ്രിട്ടന്‍ ആണെന്നാണ്.
കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും തൊട്ടു മുന്‍പുള്ള സമയത്ത് നടത്തിയ രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ ബ്രിട്ടന്‍ നടത്തുന്നതെന്ന് പറയുന്ന പ്രസ്താവനയിലാണ് ആഗോള സംഘര്‍ഷങ്ങള്‍ക്ക് കാരണം ബ്രിട്ടനാണെന്ന് കുറ്റപ്പെടുത്തുന്നത്. ഈ കപടത പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. നിങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കില്ലെന്നും പ്രസ്താവനയില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യുക്രെയിനുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് അമേരിക്കയും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരാവുമെന്നാണ് ബ്രിട്ടന്‍ കരുതുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. റഷ്യയിലെ ബ്രിട്ടീഷ് എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറിയോടും, മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥന്റെ പങ്കാളിയോടുമാണ് രാജ്യം വിട്ടുപോകാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് റഷ്യന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ് എസ് ബി പറയുന്നത്.
അതേസമയം, ഇതാദ്യമായിട്ടല്ല റഷ്യ ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വവും റഷ്യയുടെ ആരോപണത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതിഷേധിച്ചത്. യുക്രെയിന്‍ യുദ്ധത്തിന് ബ്രിട്ടനെ കാരണമാക്കി കാട്ടാനുള്ള പുടിന്റെ ശ്രമം തന്നെ എത്രമാത്രം വ്യാജ പ്രചാരണങ്ങളാണ് റഷ്യ അഴിച്ചു വിട്ടിരിക്കുന്നത് എന്നതിന്റെ തെളിവാണെന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് എം പി കാലും മില്ലെര്‍ പ്രതികരിച്ചത്. യുക്രെയിന്‍ യുദ്ധത്തിന് റഷ്യ മാത്രമാണ് കാരണമെന്നും എം പി കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടന്‍ കടുത്ത സന്ദേശം നല്‍കിയിരുന്നു. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തില്‍ ഉപയോഗിക്കാന്‍ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി വന്നത്. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ആയുധങ്ങള്‍ കൈമാറാന്‍ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികള്‍ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് മിസൈലുകള്‍ എത്തിച്ച പോര്‍ട്ട് ഒല്യ 3 എന്ന റഷ്യന്‍ ചരക്കു കപ്പലിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തും. യുക്രെയ്ന്‍ - റഷ്യ യുദ്ധം ആരംഭിച്ചതിന്റെ 1000 ദിവസം പിന്നിടുന്ന വേളയിലായിരുന്നു ബ്രിട്ടന്റെ പ്രഖ്യാപനം.
'ആഗോള സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ അപകടകരവും അസ്വീകാര്യവുമാണ്. ഇറാനില്‍ നിന്ന് റഷ്യയിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മറ്റു രാജ്യന്തര സഖ്യകക്ഷികള്‍ക്കൊപ്പം ബ്രിട്ടനും നിലപാട് സ്വീകരിച്ചിരുന്നു' - ഉപരോധം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നീക്കിയതിനു പിന്നാലെയാണ് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ബ്രിട്ടന്റെ നടപടി. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയുള്ള റഷ്യയുടെ തിരിച്ചടിയും.